കൃത്യതയും കൃത്യനിഷ്ഠയും പലപ്പോഴും അരങ്ങ് വാഴുന്ന ഈ ലോകത്ത്, ജപ്പാനിലെ ക്യോട്ടോയിൽ ഒരു ആകർഷകവും വ്യത്യസ്തവുമായ ഒരു സംരംഭം ഉണ്ട് – “തെറ്റായ ഓർഡറുകളുടെ റെസ്റ്റോറന്റ്.” ഈ വ്യത്യസ്തമായ റസ്റ്റോറൻറ് ശ്രദ്ധ നേടിയത് അതിൻറെ ഭക്ഷണവൈവിധ്യങ്ങളോ രുചി ശ്രേഷ്ഠതയോ പൂർണ്ണതയോ കൊണ്ടല്ല മറിച്ച് അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ കൊണ്ടാണ്. ഈ അസാധാരണ ഭക്ഷണശാല സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കാനുള്ള ഒരു സ്ഥലം മാത്രമല്ല, ചിരിയും സഹാനുഭൂതിയും കൊണ്ട് ഓർഡറുകളിലെ തെറ്റുകൾ ആഘോഷിക്കപ്പെടുന്ന ഒരു വേദിയാണ്.
ഞങ്ങളുടെ സഭയിലെ അംഗമായ സാറ ആൻറി ഇന്ന് ഞങ്ങളുടെ പ്രാദേശിക പള്ളിയിൽ നടത്തിയ ചിന്തോദ്ദീപകമായ ഒരു പ്രഭാഷണത്തിനിടെയാണ് ഈ അതുല്യമായ ഭക്ഷണശാലയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെപ്പറ്റി കൂടുതൽ അറിയണമെന്ന് ആഗ്രഹത്തിൽ കൂടുതൽ വെബ്സൈറ്റുകൾ തിരയുകയും കൂടുതൽ വായിക്കുകയും മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ മനസ്സിലാക്കിയതിൽ ചിലത് നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നു.
ഈ റസ്റ്റോറൻറ തുടങ്ങിയതിൽ ഒരു ആശയമുണ്ട്. ഡിമെൻഷ്യ ബാധിച്ച ജീവനക്കാരെ ബോധപൂർവം ഉൾപ്പെടുത്തുക. ഇതൊരു പോരായ്മയായി കാണുന്നതിനുപകരം, ഈ റസ്റ്റോറൻറ് മാനേജ്മെൻറ് ഇതിനെ ഒരു സുപ്രധാന സവിശേഷതയായി കണക്കാക്കുന്നു, അനുകമ്പയുടെയും മനസ്സിലാക്കലിന്റെയും ശക്തിയുടെ തെളിവാണ് ഇന്ന് ഈ റസ്റ്റോറൻറ്.
ഡിമെൻഷ്യയെക്കുറിച്ചുള്ള പൊതുജന അവബോധം വളർത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് റെസ്റ്റോറന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡറുകൾ വിഭാവനം ചെയ്തത്. വാർദ്ധക്യത്തെയും അതുമായി ബന്ധപ്പെട്ട വരുന്ന ഓർമ്മക്കുറവകളുടെയും വൈജ്ഞാനിക തകർച്ചയെയും കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന ജാപ്പനീസ് ടെലിവിഷൻ സംവിധായകനായ ഷിറോ ഒഗുനിയുടെ ആശയമാണ് ഇത്. ഡിമെൻഷ്യയിൽ അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള നിരവധി അവസ്ഥകൾ ഉൾപ്പെടുന്നു, ഇത് മെമ്മറി നഷ്ടം, പഠന ബുദ്ധിമുട്ടുകൾ, ആശയവിനിമയ വെല്ലുവിളികൾ എന്നിവയൊക്കെയുള്ളതാണ്.
തന്റെ ഗവേഷണത്തിനിടയിൽ, ഒരു നഴ്‌സിംഗ് ഹോമിൽ ബർഗറിന് പകരം ഒരു ഡംപ്ലിംഗ് തെറ്റായി വിളമ്പിയതാണ് ഒഗുനിയെ ഈ സംരംഭത്തിന് പ്രചോദനം നൽകിയതെന്ന് ഞാൻ കണ്ടെത്തി. ബഹളമുണ്ടാക്കുന്നതിനുപകരം, അയാൾ പ്രതീക്ഷിക്കാത്തതിനെ സ്വീകരിച്ച്, കുറവുകൾക്കും ഇംപെർഫെക്ഷനുകൾക്കും സ്വീകാര്യത കൊടുക്കുവാനുള്ള ലോകത്തിലേക്ക് പ്രവേശിച്ചു.
തെറ്റായ ഓർഡറുകളുടെ റെസ്റ്റോറന്റിന്റെ മാന്ത്രികത മനുഷ്യരുടെ തെറ്റുകളെ യഥാർത്ഥ ഉൽപ്പന്നമാക്കി മാറ്റാനുള്ള കഴിവിലാണ്. ചിരിയുടെയും വിനോദത്തിന്റെയും അകമ്പടിയോടെ, അപ്രതീക്ഷിതമായ എന്ത് ലഭിക്കുമെന്ന് കാണുന്നതിന്റെ ആശ്ചര്യം ഉപഭോക്താക്കൾ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്നു. ചിലപ്പോൾ, നിങ്ങളുടെ കാപ്പി ഒരു ചായയോ വെള്ളമോ ഒക്കെയായി മാറുന്നത് നിങ്ങൾ കണ്ടേക്കാം!
വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഒരു സർവ്വേയിൽ ഇവിടെ എടുക്കുന്ന ഓർഡറുകളിൽ 37% ഓർഡറുകൾ മാത്രമേ തെറ്റ് ആകുന്നോള്ളു എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ 99% ഉപഭോക്താക്കളും തങ്ങളുടെ ഭക്ഷണത്തിൽ സംതൃപ്തി പ്രകടിപ്പിക്കയും ചെയ്തിട്ടുണ്ട്. ഈ സ്ഥിതിവിവരക്കണക്ക് റസ്റ്റോറന്റിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നു, അപ്രതീക്ഷിതമായത് മനസ്സോടെ സ്വീകരിക്കുകയും സഹാനുഭൂതിയും നർമ്മവും ആനന്ദവും ഒക്കെയുള്ള അന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെടുന്നു.
ഡിമെൻഷ്യ ബാധിച്ചവരോടുള്ള സഹിഷ്ണുതയും സ്വീകാര്യതയും വളർത്തുക എന്ന ദൗത്യം മാത്രമല്ല ഈ റെസ്റ്റോറന്റിനെ വ്യത്യസ്തമാക്കുന്നത്; അത് കാരുണ്യത്തിന്റെ ദീപസ്തംഭമാണ്. പോരായ്മകൾ കണക്കിലെടുക്കാതെ നമുക്ക് എങ്ങനെ പരസ്പരം ദയ കാണിക്കാമെന്ന് കാണിക്കുകയാണ് ഒഗുനിയുടെ സംരംഭം ലക്ഷ്യമിടുന്നത്. പലപ്പോഴും അക്ഷമയും അസഹിഷ്ണുതയും കൊണ്ട് അടയാളപ്പെടുത്തുന്ന ഈ ലോകത്ത്, ആസൂത്രണം ചെയ്യാത്ത ജീവിത നിമിഷങ്ങളെ ആശ്ലേഷിക്കുന്നത് ചിലപ്പോൾ മനോഹരവും ഹൃദയസ്പർശിയായതുമായ അനുഭവമായിരിക്കുമെന്ന ഓർമ്മപ്പെടുത്തലായി റസ്റ്റോറന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡറുകൾ പ്രവർത്തിക്കുന്നു.