– പതിനൊന്നായിരത്തോളം വീടുകളിൽ കുടിവെള്ള എത്തിക്കുന്ന പദ്ധതി
– മൂന്ന് പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും
തൃശൂര്: സംസ്ഥാനത്ത് ജൽ ജീവൻ മിഷൻ പദ്ധതിയിൽ ആദ്യമായി നിർമ്മാണം പൂർത്തീകരിച്ച ചാലക്കുടിയിലെ കൊരട്ടി പാറക്കൂട്ടത്തിലെ ജല ശുദ്ധീകരണ പ്ലാൻ്റിന്റെയും മുരിങ്ങൂരിൽ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസ്സിന്റെയും ട്രയൽ റൺ പരിശോധന നടത്തി. പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ കൊരട്ടി, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിലെ പതിനൊന്നായിരത്തോളം വീടുകളിൽ കുടിവെള്ളമെത്തും.
ചാലക്കുടി പുഴയിൽ നിന്ന് മുരിങ്ങൂരിൽ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസ്സിലൂടെ 350 മില്ലി മീറ്റർ വ്യാസമുള്ള പമ്പിങ്ങ് മുഖാന്തരമാണ് ഏകദേശം 3.5 കിലോമീറ്റർ അകലെയുള്ള കൊരട്ടി പാറക്കൂട്ടം പ്ലാൻ്റിൽ ജലമെത്തിക്കുന്നത്. ഏഴ് ഘട്ടങ്ങളിലൂടെ ശുദ്ധീകരണ പ്രക്രിയകൾ നടത്തിയ ശേഷമാണ് ജലം വിതരണം നടക്കുക.
പ്രതിദിനം ആറ് ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിയ്ക്കുവാനുള്ള ശേഷിയാണ് യൂണിറ്റിനുള്ളത്. പുതിയ ഒൻപത് ദശലക്ഷം ശേഷിയുള്ള ഒ.എച്ച് ടാങ്കിനോടൊപ്പം നിലവിലെ 6.65 ദശലക്ഷം ശേഷിയുള്ള ടാങ്കും പ്രവർത്തിപ്പിക്കും. പതിനൊന്ന് കോടി രൂപ ചെലവിലാണ് യൂണിറ്റ് നിർമ്മാണം പൂർത്തീകരിച്ചത്.
നിലവിൽ മേലൂർ ദേവരാജഗിരിയിലുള്ള പ്ലാന്റിൽ നിന്നാണ് കൊരട്ടി, മേലൂർ പഞ്ചായത്തുകളിൽ ജലവിതരണം നടത്തുന്നത്. പുതിയ പ്ലാൻ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ പഴയ പ്ലാൻ്റിൽ നിന്ന് മേലൂരിൽ മാത്രമായി സ്വതന്ത്ര ജലവിതരണം സാധ്യമാകും. ഇതോടെ മൂന്ന് പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ഇടവേളകളനുസരിച്ച് നടന്നു വന്നിരുന്ന ശുദ്ധജല വിതരണ സമ്പ്രദായം മാറി എല്ലാ ദിവസങ്ങളിലും നടക്കും.
നിർമ്മാണ പ്രവർത്തനങ്ങളിൽ നേരിട്ട എല്ലാ പ്രശ്നങ്ങൾക്ക് പരിഹാരമായത് കൂട്ടായ പരിശ്രമമാണെന്നും നിർമ്മാണം പൂർത്തിയായെന്നും ട്രയൽ റൺ പരിശോധനയ്ക്ക് ശേഷം സനീഷ് കുമാർ ജോസഫ് എം.എൽ.എ പറഞ്ഞു. കേരളത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയിൽ ആദ്യമായി നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് തയ്യാറായ പ്ലാൻ്റാണ് കൊരട്ടിയിലേത് എന്നും എം.എൽ.എ പറഞ്ഞു.
കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു, ഗ്രാമപഞ്ചായത്തംഗം കെ.ആർ സുമേഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിൻസോ തങ്കച്ചൻ, കിഫ്ബി നാട്ടിക പ്രോജക്ട് എക്സിക്യുട്ടീവ് എഞ്ചിനീയർ ബോബിൻ മത്തായി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ നീലിമ എച്ച്.ജെ, അസിസ്റ്റന്റ് എഞ്ചിനീയർ അനൂപ് വി.കെ, ലെയ്സൺ ഓഫീസർ തദ്ദേവൂസ് ഷൈൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ട്രയൽ റൺ പരിശോധന നടത്തിയത്.
ഉറവിടം: പി ആര് ഡി, കേരള സര്ക്കാര്