തൃശ്ശൂര്‍: വിദ്യാര്‍ത്ഥികളെ ജനാധിപത്യ, വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ലമെന്ററികാര്യ വകുപ്പിന് കീഴിലുള്ള പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന നൂതന ആശയമായ സ്റ്റുഡന്റ്സ് സഭയ്ക്ക് ചേലക്കര മണ്ഡലത്തില്‍ നിന്ന് തുടക്കം കുറിക്കും. സ്റ്റുഡന്റ്സ് സഭ കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുകയെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ചേലക്കര നിയോജക മണ്ഡലം സ്റ്റുഡന്റ്‌സ് സഭ നയരൂപീകരണ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ ജനാധിപത്യബോധമുള്ള വിദ്യാര്‍ഥി തലമുറയുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഭ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ മാസത്തോടെയാണ് പദ്ധതിക്ക് തുടക്കമാവുക.
വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പത്ത് മേഖലകളിലായി വിദ്യാര്‍ത്ഥികള്‍ ചേലക്കര മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളിലും സര്‍വ്വെ നടത്തും. സര്‍വ്വെ നടത്തുന്നതിന് വേണ്ടിയുള്ള വര്‍ക്ക് ഷോപ്പുകള്‍ ഒന്‍പത് പഞ്ചായത്തുകളിലും പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സര്‍വ്വെ വിവരങ്ങള്‍ ഏകോപിപ്പിച്ച് വിശദമായ പദ്ധതി തയ്യാറാക്കി നവംബറില്‍ സെമിനാര്‍ സംഘടിക്കുമെന്ന് പദ്ധതി വിശദീകരിച്ച പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. യു.സി ബിവീഷ് പറഞ്ഞു.
തോന്നൂര്‍ക്കര എം.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, പോളിടെക്‌നിക്ക്, കോളേജ്, ഐ.ടി.ഐ, ബി.എഡ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, സ്ഥാപന മേധാവികള്‍, പി.ടി.എ പ്രസിഡന്റ്, എം.പി.ടി.എ പ്രതിനിധികള്‍, എസ്.എം.സി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എം.കെ പത്മജ, പി.പി സുനിത, ഗിരിജ മേലേടത്ത്, ഷെയ്ക്ക് അബ്ദുള്‍ ഖാദര്‍, കെ. ശശിധരന്‍, കെ. പത്മജ, ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സോണി എബ്രഹാം, എസ്.എസ്.കെ പഴയന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉറവിടം: പിആര്‍ഡി, കേരള സര്‍ക്കാര്‍