ഇന്നത്തെ ജില്ലാ വാര്‍ത്തകള്‍ (കൊല്ലം)

അഭിമുഖം
ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ടെക്നീഷ്യന്‍/എക്കോ ടെക്നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ബി സി വി റ്റി (ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ നാല് വര്‍ഷം ഡിഗ്രി കോഴ്സ് ) അല്ലെങ്കില്‍ ഡി സി വി റ്റിയും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവും, സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള സ്ഥിര രജിസ്ട്രേഷന്‍. പ്രായപരിധി 25-40. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 23 ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എഴുത്തുപരീക്ഷ/അഭിമുഖത്തിന് എത്തണം. ഫോണ്‍: 0474 2742004.

ഖാദി – സ്‌പെഷ്യല്‍ റിബേറ്റ്
ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഖാദി തുണിത്തരങ്ങള്‍ക്ക് സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ മൂന്ന് വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. കോട്ട, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം പൊളിവസ്ത്ര, വൂളന്‍ തുണിത്തരങ്ങള്‍ക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍- ,അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്.

വില്‍പനകേന്ദ്രങ്ങള്‍ : ഖാദി ഗ്രാമസൗഭാഗ്യ കര്‍ബല ജംക്ഷന്‍, എല്‍ ഐ സി ബില്‍ഡിംഗ് കൊട്ടാരക്കര, മൊബൈല്‍ സെയില്‍സ്‌വാന്‍ സ്‌പെഷ്യല്‍ മേള, എസ് എന്‍ ഡി പി ശാഖാ ഹാള്‍, പുള്ളിമാന്‍ ജംക്ഷന്‍ കരുനാഗപ്പള്ളി.

ബാലമിത്ര 2.0 ജില്ലയിലും
കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായ കുട്ടികളിലെ രോഗനിര്‍ണയ പരിപാടി ബാലമിത്ര 2.0 ജില്ലയിലും തുടങ്ങി. ജില്ലാതലഉദ്ഘാടനം ഇളമ്പള്ളൂര്‍ എസ് എന്‍ എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ നിര്‍വഹിച്ചു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജേക്കബ് ചടങ്ങില്‍ അദ്ധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി.അനില്‍കുമാര്‍ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വികസന സ്ഥിരം സമിതി അധ്യക്ഷ സുശീല, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സെയ്ഫ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സാജന്‍ മാത്യൂസ്, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ സുരേഷ് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ്, പാലത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പത്മകേസരി, ഇളമ്പള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത, സ്‌കൂള്‍ ഹെസ്മാസ്റ്റര്‍ രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നവംബര്‍ 30 വരെയാണ് ക്യാമ്പയിന്‍. ആരോഗ്യ-അങ്കണവാടി പ്രവര്‍ത്തകര്‍, നോഡല്‍ അദ്ധ്യാപകര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലേ കണ്ടെത്തി അംഗവൈകല്യം തടയുകയാണ് ലക്ഷ്യം. വിവിധ ഔഷധചികില്‍സ, വൈകല്യം ഇല്ലാത്ത സ്ഥിതികൈവരിക്കുക എന്നിവയാണ് ബാലമിത്രയിലൂടെ സാധ്യമാക്കുക. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധന നടത്തും. ചികില്‍സയും ഉറപ്പുവരുത്തും. കുടുംബാംഗങ്ങളെ രോഗപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വനിത-ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്റെ സംഘാടനം.

തെളിവെടുപ്പ് 26ന്
കശുവണ്ടിവ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമംകൂലി പുതുക്കി നിശ്ചയിക്കുന്നതിനായി കശുവണ്ടി വ്യവസായബന്ധസമിതി സെപ്റ്റംബര്‍ 26 ഉച്ചയ്ക്ക് 12ന് ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ തെളിവെടുപ്പ് നടത്തും. മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന തൊഴിലാളി-തൊഴിലുടമ പ്രതിനിധകള്‍ പങ്കെടുത്ത് വേതനപരിഷ്‌കരണവുമായി ബന്ധപ്പെട്ട അഭിപ്രായം, നിര്‍ദ്ദേശങ്ങളും നല്‍കണമെന്ന് റീജണല്‍ ജോയിന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0474 2792342.

ചലച്ചിത്രവൈദഗ്ധ്യ ശില്‍പശാലയിലേക്ക് അപേക്ഷിക്കാം
ചലച്ചിത്രവ്യവസായവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രാഥമികഅറിവ് പകരുന്നതിന് ശില്‍പശാല. യുവജനക്ഷേമ ബോര്‍ഡ് ചെറുപ്പക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ തിരക്കഥാ രചന മുതല്‍ തിയേറ്റര്‍ റിലീസ് വരെയുള്ള മേഖലകളിലെ വിദഗ്ധരാണ് ക്ലാസ്‌നയിക്കുക. സിനിമയുടെ പ്രൊഡക്ഷന്‍, പ്രീ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നീ മേഖലകളില്‍പെട്ട തിരക്കഥാനിര്‍മ്മാണം, സംവിധാനം, സിനിമറ്റോഗ്രാഫി, എഡിറ്റിംഗ്, ഗ്രാഫിക്‌സ്, സംഗീതസംവിധാനം, കലാസംവിധാനം, ചമയം, പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് വിതരണം, ഒടിടി പ്ലാറ്റ് ഫോമുകള്‍, പിച്ച് ഡെക്ക് നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍

ത്രിദിന പരിപാടിയുടെ ഭാഗമാകാന്‍ സ്വന്തമായി തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം/ഡോക്യുമെന്ററി/ആല്‍ബം/മ്യൂസിക് വീഡിയോ/പരസ്യചിത്രം/റീല്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ (ദൈര്‍ഘ്യം അരമണിക്കൂറില്‍ താഴെയാകണം; ഫോര്‍മാറ്റ് MP4) ലിങ്ക് filmworkshop01@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.. യൂ ട്യൂബ് വീഡിയോ, ഗൂഗിള്‍ ഡ്രൈവ് ലിങ്കുകള്‍ വഴി അയക്കാം. സംവിധാനത്തിന് പുറമെ മറ്റേതെങ്കിലും രീതിയില്‍ ഈ പരിപാടിയുടെ ഭാഗമായവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായപരിധി: 18 -35. ഫോണ്‍ നമ്പര്‍, വിലാസം ഉള്‍പ്പെടുത്തിയ ബയോഡേറ്റയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐ.ഡി) നല്‍കണം. അവസാന തീയതി ഒക്‌ടോബര്‍ അഞ്ച്. ഫോണ്‍ 0471-2733602.

താത്ക്കാലിക നിയമനം
ചടയമംഗലം ബ്ലോക്കില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോഎന്റര്‍പ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആര്‍ സിയില്‍ അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലികനിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എം കോം, ടാലി.

വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബര്‍ 25ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ, സിവില്‍സ്റ്റേഷന്‍ പി ഒ., കൊല്ലം – 691003 വിലാസത്തില്‍ ലഭിക്കണം.

ധനസഹായത്തിന് അപേക്ഷിക്കാം
കേരള ജലകൃഷി വികസനഏജന്‍സി അഡാക് നടപ്പിലാക്കുന്ന വനാമി ചെമ്മീന്‍കൃഷി വികസന പദ്ധതിയുടെ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോം അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണമേഖല എക്‌സിക്യൂട്ടീവിന്റെ ഓഫീസില്‍ നിന്നും ലഭിക്കും. നിലവില്‍ സ്വന്തം നിലയ്‌ക്കോ പാട്ടത്തിനെടുത്തോ മറ്റു ചെമ്മീന്‍ കൃഷി ചെയ്യുന്നവര്‍ക്കും പുതുതായി കൃഷിസ്ഥലം വികസിപ്പിക്കുവാനായി സാഹചര്യം ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ അഞ്ചിനകം റീജിയണല്‍ എക്‌സിക്യൂട്ടീവ,് ദക്ഷിണമേഖല, അഡാക്ക്, ഫിഷറീസ് കോംപ്ലക്‌സ് , നീണ്ടകര പി ഒ കൊല്ലം 691582.വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 7907047852.

നഴ്‌സിംഗ് നിയമനം
ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയിലേക്ക് ജനറല്‍ നഴ്‌സിങ്, ബി എസ് സി നഴ്‌സിങ് തസ്തികളിലേക്ക് അപ്രന്റീസ് വ്യവസ്ഥയില്‍ സ്റ്റൈപന്റോടുകൂടി നിയമനം നടത്തും. യോഗ്യത : നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ജനറല്‍ നഴ്‌സിങ്/ബി എസ് സി നഴ്‌സിങ് പാസായിരിക്കണം. ബി പി എല്‍/വാര്‍ഷിക വരുമാനം രണ്ടുലക്ഷത്തില്‍ താഴെയുള്ള ജനറല്‍ കാറ്റഗറിയില്‍ (എസ് സി, എസ് റ്റി ഒഴികെ) ഉള്‍പ്പെട്ടവരും ഗ്രാമപ്രദേശത്ത് താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18-45. 2024 മാര്‍ച്ച് 31 വരെയാണ് നിയമനകാലാവധി. ബി എസ് സി നഴ്‌സിങ് പാസായവര്‍ക്ക് 15,000 രൂപ നിരക്കിലും ജനറല്‍ നഴ്‌സിങ് പാസായവര്‍ക്ക് 12500 രൂപ നിരക്കിലും ഓണറേറിയം നല്‍കും

എസ് എസ് എല്‍ സി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 26 ന് ജില്ലാ പഞ്ചായത്തില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ബി എസ് സി നഴ്‌സിങ്ങിന് രാവിലെ 10.30 നും ജനറല്‍ നഴ്‌സിങ്ങിന് ഉച്ചയ്ക്ക് ഒരു മണിക്കുമാണ് അഭിമുഖം. ഫോണ്‍ 0474 2795017.

ഉറവിടം: പിആര്‍ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News