ഒട്ടാവ: ഖാലിസ്ഥാൻ പ്രസ്ഥാനത്തിന് തുടക്കമിട്ട ഗുർവന്ത് സിംഗ് പന്നുന്‍ കാനഡയിൽ താമസിക്കുന്ന ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്.
ഇന്ത്യൻ-കനേഡിയൻ ഹിന്ദുക്കൾ കാനഡ വിടുന്നതാണ് നല്ലതെന്ന് പന്നുന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂച്പ്പിക്കുന്നത്. അതേസമയം, പന്നുവിന്റെ ഭീഷണി വകവെക്കാതെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിശബ്ദത പാലിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖാലിസ്ഥാന്‍ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ സംഘർഷം തുടരുകയാണ്. അടുത്തിടെ പന്നുവിന്റെ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതോടൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള സിഖുകാരോട് ഒക്‌ടോബർ 29ന് വാൻകൂവറിൽ നടക്കുന്ന ഹിതപരിശോധനയ്‌ക്ക് വോട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പന്നുവിന്റെ വീഡിയോയില്‍, 1990-കളിൽ കശ്മീരി പണ്ഡിറ്റുകൾക്ക് എന്താണ് സംഭവിച്ചതെന്ന് ഓർമ്മിക്കണമെന്നും പറയുന്നുണ്ട്. പന്നുവിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരിക്കുകയാണ്. “ഇന്ത്യൻ-ഹിന്ദുക്കൾ കാനഡയുടെ ഭരണഘടനയെ അപമാനിച്ചു. അതിനാൽ കാനഡ വിടൂ, ഇന്ത്യയിലേക്ക് പോകൂ. ഖാലിസ്ഥാൻ അനുകൂല സിഖുകാർ എല്ലായ്‌പ്പോഴും കാനഡയോട് വിശ്വസ്തരും കാനഡയുടെ പക്ഷം പിടിക്കുന്നവരുമാണ്. കാനഡയുടെ ഭരണഘടനയെയും നിയമങ്ങളെയും മാനിക്കുന്നുണ്ട്,” പന്നു പറയുന്നു.
ഒക്ടോബർ 29 ന് നടക്കുന്ന ‘കിൽ ഇന്ത്യ കാമ്പെയ്‌നിൽ’ പങ്കെടുക്കാൻ വാൻകൂവറിലെത്താൻ എല്ലാ സിഖുകാരോടും ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും പന്നു വീഡിയോയിൽ പറയുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മയാണോ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് വോട്ട് ചെയ്യണമെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോ പുറത്തുവന്നതിനു ശേഷം കനേഡിയൻ ഹിന്ദു വംശജയായ മന്ത്രി അനിത ആനന്ദ് സമാധാനത്തിനായി അഭ്യർത്ഥിച്ചു.
നിയമനടപടികൾ തുടരേണ്ട സമയമാണിതെന്നും എല്ലാവരും ശാന്തരാകണമെന്നും അവര്‍ പറഞ്ഞു. ഐക്യവും സഹാനുഭൂതിയും പുലർത്താനും മന്ത്രി ആവശ്യപ്പെട്ടു. നിജ്ജാറിന്റെ കൊലപാതകത്തിന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാരെ ഉത്തരവാദികളാക്കിയിരിക്കുമ്പോഴാണ് പന്നുവിന്റെ ഈ വീഡിയോ പുറത്തുവന്നത്.
ജൂൺ 18ന് നടന്ന നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ട്രൂഡോ രാജ്യത്തെ പാർലമെന്റിൽ പറഞ്ഞു. ഗുരുതരമായ ഈ ആരോപണങ്ങളെ തുടർന്ന് ഇരു രാജ്യങ്ങളിലെയും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.