എറണാകുളം: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ച കേസിൽ കൂടുതല്‍ വ്യക്തതയ്ക്കായി മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി സഹീറിന് നോട്ടീസ് നൽകിയിട്ടുണ്ട്.
തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് സഹീർ തുർക്കിയെ ഇന്നലെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇയാളെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിന് പിന്നാലെ തിങ്കളാഴ്ച ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകി തിരിച്ചയച്ചു.
തീവ്രവാദ കേസിൽ അറസ്റ്റിലായ നബീൽ അഹമ്മദിന്റെ അടുത്ത സുഹൃത്താണ് സഹീർ തുർക്കി. ഒളിവിൽ കഴിയാൻ നബീലിനെ സഹായിച്ചത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു സഹീറിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റ പരിശോധനയും തുടരുകയാണ്. ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും ഇന്നലെ സഹീർ നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ തേടിയുമാകും ചോദ്യം ചെയ്യൽ.
കോയമ്പത്തൂരിനടുത്ത് അന്നൂരിലാണ് നബീൽ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെയുള്ള ലോഡ്ജിൽ സഹീറിന്റെ പേരും വിലാസവും നൽകിയിരുന്നു. അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലോഡ്ജിലെത്തി ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ചു. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന നബീലിന് സിംകാർഡ് നൽകിയതും സാമ്പത്തിക സഹായം നൽകിയതും സഹീറാണ്.