ഡിട്രോയിറ്റ്: നോർത്ത് അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നവംബർ 2 മുതൽ 4 വരെ മയാമി ഹോളിഡേ ഇൻ വെസ്ററ് ഹോട്ടലിൽ നടക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മിഷിഗൺ ചാപ്റ്റർ സംഘടിപ്പിച്ച യോഗം പിൻതുണയും ആശംസകളും നേർന്നു.
മിഷിഗൺ ചാപ്റ്റർ പ്രസിഡന്റ് അലൻ ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ അദ്ധ്യക്ഷൻ സുനിൽ തൈമറ്റം സെക്രട്ടറി രാജു പള്ളത്ത് എന്നിവർ പങ്കെടുത്ത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ വിശദീകരിച്ചു. നോർത്ത് അമേരിക്കയിലെ മയാമി ആദ്യമായാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ദേശീയ മാധ്യമ സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നടത്തിയ ദേശീയ മാധ്യമ സമ്മേളനങ്ങൾ എല്ലാം സംഘാടക മികവുകൊണ്ടും വ്യത്യസ്തമായ പരിപാടികൾ കൊണ്ടും മികവുറ്റതായിരുന്നു. ഈ വർഷവും മികച്ച രീതിയിൽ അന്താരാഷ്ട്ര മാധ്യമ സമ്മേളനം സംഘടിപ്പിക്കാനാണ് മയാമി തയ്യാറെടുക്കുന്നത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ അദ്ധ്യക്ഷൻ സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കൂറ്റ്, പ്രസിഡന്റ് എലക്ട് സുനിൽ ട്രൈസ്റ്റാർ, വൈസ് പ്രസിഡന്റ് ബിജു സഖറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലക്കാട്ട്, ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ എന്നിവർ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
മിഷിഗൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കൂടുതൽ ആളുകളെ മാധ്യമ സമ്മേളനത്തിൽ പങ്കെടുപ്പിക്കുമെന്ന് ചാപ്റ്റർ പ്രസിഡന്റ് അലൻ ചെന്നിത്തല, വൈസ് പ്രസിഡന്റ് അജയ് അലക്സ്, സെക്രട്ടറി ഷാരൺ സെബാസ്റ്റ്യൻ, ട്രഷറർ ലാൽ തോമസ് എന്നിവർ അറിയിച്ചു.