കോഴിക്കോട്: കാറിൽ 96.44 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെ വടകരയിൽ അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോൾ അവരുടെ നാല് വയസ്സുള്ള മകനും കൂടെയുണ്ടായിരുന്നു.
വടകരയില്‍ വില്പനയ്ക്കായാണ് ബെംഗളൂരുവിൽ നിന്ന് ഇവര്‍ മയക്കുമരുന്ന് വാങ്ങിയത്. ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് ദമ്പതികൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്കാണ് ഇവർ മയക്കുമരുന്ന് വാങ്ങിയതെന്നും വടകരയിൽ ഇതിന്റെ വിപണി മൂല്യം അഞ്ച് ലക്ഷം രൂപയോളം വരുമെന്നും പോലീസ് പറഞ്ഞു.
ജിതിൻ ബാബുവിന് മയക്കുമരുന്ന് കടത്തിന്റെ ചരിത്രമുണ്ടെന്നും കണ്ണൂർ, കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതായും അന്വേഷണ സംഘം വെളിപ്പെടുത്തി. തന്റെ ഭാര്യയെയും മകനെയും യാത്രയിൽ ഉൾപ്പെടുത്തിയത് ഒരു ഫാമിലി ടൂറിന്റെ പ്രതീതി സൃഷ്ടിക്കാനും ഈ കള്ളക്കടത്ത് സമയത്ത് പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുമുള്ള ബോധപൂർവമായ തന്ത്രമാണെന്ന് പോലീസ് പറഞ്ഞു.
തൊട്ടിൽപ്പാലം ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണന്റെയും ജില്ലാ ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ കർശന വാഹന പരിശോധനയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ ഉടൻ തന്നെ തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. തുടർന്ന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയുടെ അനുമതി തേടാനാണ് പോലീസിന്റെ പദ്ധതി.