കൊല്ലം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ് യാത്ര”യുടെ ഭാഗമായി ശൂരനാട് എസ്.എം.എച്ച്.എസ്.എസ് പതാരം സ്കൂളിൽ ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ കലശ് യാത്ര സംഘടിപ്പിച്ചു.
പഞ്ചപ്രാൺ പ്രതിജ്ഞ എടുത്തശേഷം കലശങ്ങളിൽ മണ്ണ് ശേഖരിച്ചാണ് യാത്ര ആരംഭിച്ചത്. ശൂര്യനാട് സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, എസ്.എം.എച്ച്.എസ് മാനേജർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. ബാങ്കിനെ പ്രതിനിധീകരിച്ച് റൂറൽ ബാങ്കിംഗ് ഡിവിഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എൻ.രാജേഷ്, കൊല്ലം ലീഡ് ഡിസ്ട്രിക്ട് മാനേജർ അരുണിമ.വി.ടി എന്നിവർ പങ്കെടുത്തു.
രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരരെ അനുസ്മരിക്കുന്നതിനോടൊപ്പം പൗരന്മാരിൽ ദേശീയവബോധം വളർത്താനും ലക്ഷ്യമിടുന്നതാണ് പദ്ധതി.
ഇതിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളിൽ നിന്നും വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് ‘അമൃതകലശ’ങ്ങളിൽ ന്യൂഡൽഹിയിലേക്ക് കൊണ്ടുപോകുകയും പ്രധാനമന്ത്രി ‘അമൃത് വാടിക’യിൽ സ്ഥാപിക്കുകയും ചെയ്യും.