ഹൂസ്റ്റണ്‍: വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തെ സംബന്ധിച്ചിടത്തോളം ഈ സെപ്റ്റംബര്‍ മാസം വളരെ പ്രധാനപ്പെട്ടതാണ്.
നൊസ്റ്റള്‍ജിയ തുളുമ്പി നില്‍ക്കുന്ന ഓണാഘോഷം, റൈറ്റേഴ്‌സ് ഫോറത്തിന്റെ ചിരസ്മരണീയമായ സാഹിത്യ സഞ്ചാരത്തിന്റെ 34-ാം വാര്‍ഷികം, ആദരണീയരായ എഴുത്തുകാരുടെ പുസ്തക പ്രകാശനം എന്നിങ്ങനെ വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ മാസത്തെ കൂട്ടായ്മ സര്‍ഗസഫലമായി. കേരള കിച്ചണ്‍ റസ്റ്റോറന്റിലെ എസ്.കെ പിള്ള എന്ന നഗര്‍ എന്ന ഈ ആഘോഷ വേദിയില്‍ സംഘടനാ പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും കമ്മ്യൂണിറ്റി ലീഡറുമായ ശശിധരന്‍ നായര്‍, സിനിമ നിര്‍മാതാവും റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ മുന്‍നിരക്കാരനുമായ ജോണ്‍ ഡബ്‌ളിയു വര്‍ഗീസ്, നാടക സംവിധായകനും ഡിസൈനറും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ ഷാജി പാംസ് ആര്‍ട്ട്, മൂവി നിര്‍മാതാവായ മോത്തി മാത്യു, മാധ്യമ പ്രവര്‍ത്തകനായ എ.സി ജോര്‍ജ്, ശാസ്ത്ര സാങ്കേതിക രംഗത്തെ ഡോ.ജോസഫ് പൊന്നോലി, എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.സണ്ണി എഴുമറ്റൂര്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രന്‍ പാട്ടീല്‍, ചരിത്ര ഗവേഷകന്‍ സാം എബ്രഹാം, മുന്‍നിര ബിസിനസ് സംരംഭങ്ങളുടെ അമരക്കാരനായ മാത്യു കുറവയ്ക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രാഗത്ഭ്യം തെളിയിച്ച നിധിന്‍-ലിന, ശ്രദ്ധേയനായ രാഷ്ട്രീയക്കാരനും ബിസിനസ് മാഗ്നറ്റുമായ ടോം വിരിപ്പന്‍, സാമുദായിക രംഗത്ത് തത്വചിന്തകനും എഴുത്തുകാരനുമായ നൈനാന്‍ മാത്തുള്ള തുടങ്ങിയവര്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ വേദിയില്‍ ആശംസകള്‍ അര്‍പ്പിച്ചു.
യോഗത്തിന്റെ ഹൈലൈറ്റ്, കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ 20-ാമത് പുസ്തകമായ ‘ചിത്രശലഭങ്ങള്‍ക്കൊരു തേന്‍വിരുന്നി’ ന്റെ പ്രകാശനമായിരുന്നു. ”നമ്മുടെ പ്രവാസ ഭൂമികയില്‍ ജീവിതം കെട്ടിപ്പടുക്കുവാനുള്ള ഓട്ടക്കുതിപ്പുകള്‍ നടത്തുമ്പോള്‍ നമ്മിലോരോരുത്തരിലുമുള്ള സര്‍ഗ ശക്തിയെ ദീപ്തമാക്കുവാന്‍ വേണ്ടിയാണ് കേരളാ റൈറ്റേഴ്‌സ് ഫോറം ഓരോ വര്‍ഷവും ഇത്തരത്തില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരെ കോര്‍ത്തിണക്കിക്കൊണ്ട് ഇങ്ങനെ പുസ്തകങ്ങള്‍ വായനാ ലോകത്തിന് സമര്‍പ്പിക്കുന്നത്…” പബ്ലിഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് പറഞ്ഞു.
പുസ്തകത്തിന്റെ ഒരു കോപ്പി പബ്ലിഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്നില്‍ നിന്ന് സ്വീകരിച്ചു കൊണ്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രന്‍ പാട്ടീല്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പുസ്തം സ്വീകരിച്ച സുരേന്ദ്രന്‍ പാഠീല്‍ എഴുത്തുകാരെ അഭിനന്ദിക്കുകയും പുസ്തക പ്രസാധന രംഗത്ത് കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ സംഭാവനകള്‍ ആദരവോടെ സ്മരിക്കുകയും ചെയ്തു.
തുടര്‍ന്ന് മണ്‍മറഞ്ഞ നോവലിസ്റ്റ് എസ്.കെ പിള്ളയുടെ സാഹിത്യ സംഭാവനകളെ പറ്റിയുള്ള ചര്‍ച്ച നടന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു ആണ് വിഷയം അവതരിപ്പിച്ചത്. പ്രവാസി മലയാളികളുടെ ജീവിത ഗന്ധിയായ രചനകള്‍ ആസ്വാദക ലോകത്തിന് സമ്മാനിച്ച എസ്.കെ പിള്ളയുടെ കൃതികളെ പറ്റി മാത്യു നെല്ലിക്കുന്ന്, ഡോ. സണ്ണി എഴുമറ്റൂര്‍, ഷാജി പാംസ് ആര്‍ട്ട്, എ.സി ജോര്‍ജ്, മാത്യു വെള്ളമറ്റം തുടങ്ങിയവര്‍ വികാര നിര്‍ഭരമായി സംസാരിച്ചു.
അടുത്തതായി ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ച മൂന്ന് പുസ്തകങ്ങളായ ‘ദി മാലിസ് ഓഫ് മലയാളീസ്’, മാത്യു നെല്ലിക്കുന്ന് നല്‍കി എ.സി.ജോര്‍ജും, ‘മാര്‍ക്‌സിസം ഇന്‍ അമേരിക്ക’ എന്ന പുസ്തകം ജോണ്‍ മാത്യു നല്‍കിക്കൊണ്ട് ശശിധരന്‍ നായരും, ‘ക്രിസ്റ്റ്യന്‍ ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന പുസ്തകം ബാബു കൊറവയ്ക്കല്‍ നല്‍കി അലക്‌സാണ്ടര്‍ ഡാനിയലും പ്രകാശനം നിര്‍വഹിച്ചു.
ഡോ. സണ്ണി എഴുമറ്റൂരിന്റെ രചനകളെ കുറിച്ച് നൈനാന്‍ മാത്തുള്ള, ടോം വിരിപ്പന്‍, ഡോ. ജോസഫ് പൊന്നോലി, ശ്രീകുമാര്‍ മേനോന്‍, ഉര്‍മിള കുറുപ്പ്, ക്ലാരമ്മ മാത്യൂസ്, ബാബു കരൂര്‍, അലക്‌സാണ്ടര്‍ ഡാനിയേല്‍, ബാബു കൊറവയ്ക്കല്‍, മാത്യു വെള്ളമറ്റം തുടങ്ങിയവര്‍ ആസ്വാദനം നടത്തി.
തീര്‍ച്ചയായും ഇത് എഴുത്തുകാരെ ആദരിക്കുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പതിവ് ആഘോഷ ചടങ്ങ് തന്നെയാണ്. കാനഡയിലെ ടൊറന്റോയിലുള്ള എഴുത്തുകാരനും റൈറ്റേഴ്‌സ് ഫോറത്തിന്റെ സഹയാത്രികനുമായ ജോണ്‍ ഇളമതയ്ക്കായിരുന്നു സംഘടനയുടെ ഇപ്രാവശ്യത്തെ സാഹിത്യ പുരസ്‌കാരം നല്‍കിയത്.
പ്രവാസി മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചും സമീപ കാലത്ത് പ്രസിദ്ധീകരിച്ച കഥ പറയുന്ന കല്ലുകള്‍, ഫ്‌ളൂ എന്നീ കൃതികളെ മുന്‍നിര്‍ത്തിക്കൊണ്ടുമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. എഴുപതുകളില്‍ ജര്‍മനിയിലെ കൊളോണിലേക്ക് കുടിയേറിയ ജോണ്‍ ഇളമത നിരവധി യുറോപ്യന്‍ മലയാളി അസോസിയേഷനുകളുടെ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987ല്‍ അദ്ദേഹം കാനഡയിലെ ടൊറെന്റോയില്‍ എത്തുകയും അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു.
ഫൊക്കാനയുടെയും ലാനയുടെയും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ക്ക് പാത്രീഭൂതനായ ജോണ്‍ ഇളമത കഴിഞ്ഞ അമ്പതു വര്‍ഷത്തിലേറെയായി പ്രവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് നിരവധി ചെറുകഥകളും നാടകങ്ങളും ഹാസ്യകൃതികളും നോവലുകളും (ചരിത്രം, സാമൂഹ്യം) എഴുതിയിട്ടുണ്ട്.
അച്ചായന്‍ അമേരിക്കയില്‍, മോശ, നെന്‍മാണിക്യം, ബുധന്‍, മരണമില്ലാത്തവരുടെ താഴ്‌വര, സോക്രട്ടീസ്, മാര്‍ക്കോ പോളോ, എനിവേ യുവര്‍ വൈഫ് ഈസ് നൈസ് തുടങ്ങിയവയാണ് ജോണ്‍ ഇളമതയുടെ പ്രധാന കൃതികള്‍. കലയും കാലവും സമന്വയിച്ച ചരിത്രത്തിന്റെ തിരുശേഷിപ്പുകളിലൂടെ ഇരുളടഞ്ഞ മദ്ധ്യകാല യൂറോപ്പിന്റെ ഇടനാഴികളിലൂടെയുള്ള ഒരന്വേഷണമാണ് പുരസ്‌കാരത്തിനര്‍ഹമായ കഥ പറയുന്ന കല്ലുകള്‍ എന്ന കൃതി.
ജോണ്‍ ഇളമതയെ പറ്റി ജോണ്‍ മാത്യു യോഗത്തില്‍ സംസാരിച്ചു. ജോണ്‍ ഇളമതയുടെ അസാന്നിധ്യത്തില്‍ കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്ണില്‍ നിന്ന് മാത്യു വെള്ളാമറ്റം അവാര്‍ഡ് ഏറ്റു വാങ്ങി.
നിതിന്‍ അന്തോണി, എബ്രഹാം ഫിലിപ്പ്, സാം എബ്രഹാം, സുനില്‍, ജീന്‍ മാത്യു, ടൈറ്റസ് ഈപ്പന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. മോട്ടി മാത്യു ആണ് വീഡിയോ-സ്റ്റില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശശിധരന്‍ നായര്‍ ആയിരുന്നു പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍. യോഗത്തില്‍ റൈറ്റേഴ്‌സ് ഫോറം ട്രഷറര്‍ മാത്യു വെള്ളമറ്റം കൃതജ്ഞത രേഖപ്പെടുത്തി. ഗ്രൂപ്പ് ഫോട്ടോയോടും പരമ്പരാഗത രുചിയുള്ള ഓണസദ്യയോടും കൂടി കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഓണാഘോഷ പരിപാടികള്‍ പര്യവസാനിച്ചു.