ഏറ്റുമാനൂര്‍: മാലിന്യമുക്തം നവകേരളം പദ്ധതിയിലൂടെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ നടത്തുന്ന വൃത്തി കാമ്പയിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ആർപ്പൂക്കരയിലെ മെഡിക്കൽ കോളജ് ഗവൺമെന്റ് ഹൈസ്‌കൂളിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം ഉൾക്കൊണ്ടും ഇവ എല്ലാവരിലുമെത്തിച്ചും വൃത്തി കാമ്പയിൻ മുന്നോട്ടു കൊണ്ടുപോകണമെന്ന് മന്ത്രി പറഞ്ഞു.
ഒക്ടോബർ ഒന്നിന് മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിൽ നിന്നും ആരംഭിക്കുന്ന കാമ്പയിന് മെഡിക്കൽ കോളജ് ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർഥികളും ഭാഗമാകണം. മാലിന്യസംസ്‌ക്കരണത്തിന്റെ ആദ്യപടികൾ കുട്ടികളിൽ നിന്നാണ് ഉയർന്നുവരേണ്ടത്. മാലിന്യം നിക്ഷേപിക്കണ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക, പരിസര പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കാനുള്ള അവബോധമുണ്ടാകുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക തുടങ്ങിയ ബാലപാഠങ്ങൾ പഠിക്കുന്നതിന്റെ ഭാഗമാണ് പരിശീലന പരിപാടിയെന്നും മന്ത്രി പറഞ്ഞു.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം ഉയർത്തിയുള്ള പ്രതിജ്ഞ മന്ത്രി വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. ഏറ്റുമാനൂർ മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും കുട്ടികൾക്ക് വേണ്ടിയുള്ള പരിശീലന ക്ലാസുകൾ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു.
പിആര്‍ഡി, കേരള സര്‍ക്കാര്‍