കൃഷ്ണ കുചേല സംഗമം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ദ്വാരകാ നാഥൻ ശ്രീകൃഷ്ണന്റെ ഗോപുര
ദ്വാരത്തിലേവരും നോക്കി നിൽക്കെ,
ഓലക്കുടചൂടി വന്ന കുചേലനെ
ഓടക്കുഴൽ നാഥൻ സ്വീകരിച്ചു!

ഒട്ടേറെക്കാലം താൻ കാണാൻ കൊതിച്ചൊരാ
ഓമൽ സതീർത്ഥ്യനെ കണ്ട നേരം,
ഓടക്കുഴൽ സദാ പുൽകും കരങ്ങളാൽ
ഓടിച്ചെന്നാമോദമാശ്ലേഷിച്ചു!

ആലിംഗനം ചെയ്തു നിൽക്കുന്ന വേളയിൽ
ബാല്യത്തിന്നോർമ്മകളോടിയെത്തി!
“പണ്ടു ഗുരുകുലം തന്നിൽ കഴിഞ്ഞതും
ഉണ്ടതുമൊന്നിച്ചുറങ്ങിയതും,

ഒരു നാൾ വിറകിനായ് പോകെ, മഴയത്തു
ഒരു വൃക്ഷച്ചോട്ടിലാ രാത്രിയാകെ,
നമ്മളിരുന്നതും ഗുരുവന്നടുത്ത നാൾ
നമ്മളേം കൂട്ടി മടങ്ങിയതും,

അന്നു ഗുരുപത്നി നാമിരുവർക്കുമായ്
തന്നോരവൽ താനേ ഭക്ഷിച്ചതും”,
ശക്തിസ്വരൂപനാം കൃഷ്ണനെ കണ്ടപ്പോൾ
ഭക്തകുചേലനിന്നോർമ്മ വന്നു!

“കണ്ടില്ലതിൽപ്പിന്നെ യെങ്കിലും പിന്നീടും
കാണുവാൻ കാത്തു കൊതിച്ചിരുന്നു.
ഇല്ല വന്നില്ലതിനുള്ളോരവസരം
ഇന്നു കൈവന്നതു കൃഷ്ണകൃപ!

കണ്ണനു നൽകുവാൻ പത്നി സുശീല, തൻ
കയ്യിലേൽപ്പിച്ചോരവൽ പൊതിയിൽ,
കല്ലും നെല്ലുമേറെ യുണ്ടെന്നാലും കണ്ണൻ
തെല്ലും ഗണിക്കാതെ കൈക്കലാക്കി”!

ഒരു പിടി സ്വാദാർന്നു ഭക്ഷിച്ചുടൻ വീണ്ടും
ഒരു പിടി കൂടി യെടുക്കാൻ നോക്കെ,
കയ്യിൽ പിടിച്ചു തടഞ്ഞുടൻ രുഗ്മിണി
“അയ്യോ, ഞാൻ ദാസിയാകേണ്ടി വരും”!

“രുഗ്മിണി ഭാമമാർ നീരൊഴിച്ചെൻ പാദ-
യുഗ്മ0 tശ്രീകൃഷ്ണൻ കഴുകിയതും,
തൽക്ഷണം കൃഷ്ണനാ പാദ ജലം തൊട്ടു
പ്രോക്ഷിച്ചു തന്മേലും പത്നിമാർക്കും”!

പൊന്നിൻ തളികയിൽ സ്വാദിഷ്‌ഠ ഭോജനം
ഒന്നിച്ചിരുന്നു ഭുജിച്ച ശേഷം,
ആലിംഗനം ചെയ്തു രണ്ടു സതീർത്ഥ്യരും
ആനന്ദ തുന്ദിലരായി നിന്നു!

“പിന്നെയുടൻ പട്ടു മഞ്ചം വിരിച്ചാലും
താനതിൽ തെല്ലും ശയിച്ചതില്ല!
ശ്രേഷ്ഠനാം തൻ സഹപാഠിയെ കണ്ടപ്പോൾ
കഷ്ടങ്ങളെല്ലാം മറന്നു പോയി!

എല്ലാവ്യഥകളും കൃഷ്ണനെ കണ്ടപ്പോൾ
ചൊല്ലാനുമപ്പാടെ വിട്ടുപോയി”!
ചിന്തിച്ചു ചിന്തിച്ചു പാവം കുചേലനോ
സ്വന്തം ഭവനത്തിലെത്തിയപ്പോൾ,

“ആശ്ചര്യം! തൻ്റെ കുടിലിന്റെ സ്ഥാനത്തു
മച്ചക മാളികയല്ലോ കാണ്മു!
എല്ലാം ശ്രീകൃഷ്ണ ഭഗവാന്റെ കാരുണ്യ
മല്ലാതെ വേറൊന്നുമല്ലേയല്ല”!

യാത്ര പറഞ്ഞു പിരിയുമ്പോൾ കണ്ണന്റെ
യക്ഷികളെന്തേ നിറഞ്ഞൊഴുകീ?
ഭഗമെത്ര തന്നുടെ ഭക്തനു നൽകിലും
ഭഗവാനു തൃപ്തിയാവില്ല തെല്ലും!

അല്ലെങ്കിൽ ജ്ഞാനികൾ കാണും പോൽ കണ്ണൻറെ
അല്ലലിൻ കാരണം, കാത്തിരുന്നു്,
എത്രയോ വർഷങ്ങൾക്കപ്പുറം കണ്ടോരാ
മിത്രത്തിൻ വേർപാടു മൂലമാകാം!

മാധവ- ഭക്തകുചേല സതീത്ഥ്യർ തൻ
മാതൃകാ സൗഹൃദ ബന്ധമെന്നും,
മാനവരാശിക്കു മാതൃകയാവട്ടെ
ആനന്ദദായിയു മായിടട്ടെ!

Print Friendly, PDF & Email

3 Thoughts to “കൃഷ്ണ കുചേല സംഗമം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ”

  1. Venkataraman Putarjunan

    Excellent verses

  2. Divakaran

    Now a days very few classmates toy to see their friends. They only chat in social medias and forget as every is busy wilth their own business.

    Here the poet try to understand the childhood friendship to sharpen the relationshp.
    Congratulate the poet for the sincerity
    of maintaing the relations.

    Divakaran Chencherry

  3. Titus Paul

    Thats just excellent. Congrats dear Sankarayyer. Proud to say that I was the one who intiated and paved the seed to create this group. But still many are out in oblivion.

Leave a Comment

More News