ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ് സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയ കൂദാശ ഒക്ടോബർ 6,7 (വെള്ളി, ശനി ) തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ, കോട്ടയം ഭദ്രാസനാധിപൻ അഭി.ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, നിലക്കൽ ഭദ്രാസനാധിപൻ അഭി.ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നിവരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നു.
ഒക്ടോബർ 6 വെള്ളിയാഴ്ച വൈകിട്ട് ഇടവക കൂദാശക്ക് എത്തുന്ന മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ മാതൃസ് തൃദിയൻ കാതോലിക്കാ ബാവാ, ഭദ്രാസന മെത്രാപ്പോലിത്താ, അഭിവന്ദ്യ പിതാക്കന്മാർ, വൈദിക ശ്രേഷ്ടർ, വിശിഷ്ട അഥിതികൾ എന്നിവരെ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതിന് ശേഷം സന്ധ്യ നമസ്കാരം തുടർന്ന് ദേവാലയത്തിന്റെ കൂദാശയുടെ ഒന്നാം ക്രമം പരിശുദ്ധ മാത്യൂസ് തൃദീയൻ കതോലിക്കാ ബാവായുടെ മുഖ്യ കർമികത്വത്തിലും, അഭി.മെത്രാപ്പോലിത്താന്മാരുടെ സഹകർമികത്വത്തിലും നടത്തപ്പെടും എന്ന് ഇടവക ചുമതലക്കാർ അറിയിച്ചു.
കുദാശയുടെ തുടക്കത്തിൽ മലങ്കര മെത്രാപ്പോലിത്താ പരിശുദ്ധ മാത്യുസ് തൃദിയൻ കാതോലിക്കാ ബാവായിൽ നിന്നും ദേവാലയത്തിന്റെ തക്കോൽ വികാരി വെരി.റവ.രാജു ദാനിയേൽ കോർ എപ്പിസ്കോപ്പയും ഇടവക ട്രസ്റ്റി ബിജോയ് ഉമ്മനും ചേർന്ന് സ്വീകരിച്ച് മലങ്കര മെത്രാപ്പോലീത്തായ്ക്ക് വിധേയമായി സഭ ഭരണഘടന പ്രകാരം ഇടവക ഭരണം നിർവഹിച്ചു കൊള്ളാം എന്ന് പ്രതിജ്ഞ ചെയ്യും.
ഒക്ടോബർ 7 ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് പ്രഭാത നമസ്കാര ശുശ്രുഷയും, തുടർന്ന് ദേവാലയ കൂദാശ പുർത്തീകരണ ശുശ്രുഷയും, വിശുദ്ധ മുന്നിൻന്മേൽ കുർബ്ബാന ശുശ്രുഷയും പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിലും, അഭിവന്ദ്യ മെത്രാപ്പോലിത്താന്മാരുടെ സഹ കാർമികത്വത്തിലും നടത്തപ്പെടുന്നു. തുടർന്ന് 12 മണിക്ക് അമേരിക്കൻ ദേശിയ ഗാനത്തോടെ അരംഭിക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ മാത്യുസ് തൃദീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും.അമേരിക്കൻ പ്രസിഡന്റിന്റെ സന്ദേശം റവ. ഫാ.അലക്സാണ്ടർ കുര്യൻ വായിക്കും. ഇടവക മെത്രാപ്പോലീത്താ അഭി.ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പൊലിത്താ മുഖ്യ പ്രഭാഷണവും,അഭി.ഡോ.യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പൊലിത്താ, അഭി.ഡോ.ജോഷ്വ മാർ നിക്കോദീമോസ് മെത്രാപ്പൊലിത്താ എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തും.
സമ്മേളനത്തിൽ കോൺഗ്രസ്സ് മാൻ കേയ്ത് സെൽഫ്, മക്ക്കിനി സിറ്റി മേയർ ജോർജ് ഫുല്ലർ, സണ്ണിവെയ്ൽ സിറ്റി മേയർ സജി ജോർജ്, ജെഫ് പ്രൈസ് (അസി. ഡെപ്യൂട്ടി ഷെരിഫ് ), റവ.ഷൈജു സി. ജോയ് (കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് പ്രസിഡന്റ്), റവ. പിമെൻ ആയഡ് (കോപ്റ്റിക്ക് ചർച്ച്), റവ.ഫാ.മാത്യൂസ് ജോർജ് (ഭദ്രാസന സെക്രട്ടറി) , റവ.ഫാ. ബിനു മാത്യുസ് (ഭദ്രാസന കൗൺസിൽ മെമ്പർ) , റവ. ഫാ.മാത്യു അലക്സാണ്ടർ (യൂത്ത് മിനിസ്റ്റർ), ഫിലിപ്പ് മാത്യു (സഭാ മാനേജിംഗ് കമ്മറ്റി മെമ്പർ) എന്നിവർ ആശംസ പ്രസംഗം നടത്തും. ടെക്സാസ് ഗവർണ്ണറുടെ സന്ദേശം അരുൺ ചാണ്ടപ്പിള്ള വായിക്കും.
ഡാളസിനു സമീപം പ്ലാനോയിൽ നടന്നുവന്നിരുന്ന ഈ ദേവാലയം ഇടവക വികാരി വെരി. റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ ഇടവക ഭരണ സമിതിയുടെയും, ഇടവകാഗംങ്ങളുടെയും സഹകരണത്തിലും അനേകം അഭ്യുദയ കാംക്ഷികളുടെ നിർലോഭമായ സഹായത്താലും 2023 ഫെബ്രുവരി 13-ന് ടെക്സസിലെ മക്ക്‌കിനിയിൽ ആറ് ഏക്കറിലധികം സ്ഥലത്ത് ഒരു പള്ളി കെട്ടിടവും, ഫെലോഷിപ്പ് ഹാളും, ഓഫിസ് കെട്ടിടവും അടങ്ങുന്ന ഒരു വസ്‌തു സ്വന്തമാക്കി.
തുടർന്ന് ഓർത്തഡോക്സ് സഭാ പാരമ്പര്യം അനുസരിച്ചുള്ള ദേവാലയമായി ആരാധന നടത്തുവാൻ വേണ്ടി വാങ്ങിയ പള്ളി കെട്ടിടം നവീകരിക്കുകയും പുതിയ അൾത്താര (മദ്ബഹ) നിർമ്മിക്കുകയും ചെയ്തു. ഇത് ഈ ഇടവകയുടെ ചരിത്ര വഴിയിലെ നാഴികക്കല്ലാണ് .മക്ക്കിനി സിറ്റിയിൽ (5088 Baxter Well Rd, Mckinney TX 75071 ) സ്വന്തമായി വാങ്ങിയ പുതിയ ദേവാലയത്തിന്റെ
താൽക്കാലിക കൂദാശ 2023 മാർച്ച് 25-ന് വചനിപ്പ് പെരുനാളിൽ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ആരാധനക്കായി വിശ്വാസികൾക്ക് സമർപ്പിച്ചിരുന്നു.
ഒക്ടോബർ 6,7 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്ന ഇടവക കൂദാശ ചടങ്ങിലേക്ക് ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി വെരി. റവ.രാജു ദാനിയേൽ കോർ എപ്പിസ്കോപ്പാ, ഇടവക സെക്രട്ടറി നൈനാൻ ഏബ്രഹാം, ഇടവക ട്രസ്റ്റി ബീജോയ് ഉമ്മൻ എന്നിവർ അറിയിച്ചു.