പാലക്കാട്: ആദിവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം പരസ്യമായി അഴിപ്പിച്ച് അപമാനിച്ച അട്ടപ്പാടി ഷോളയൂർ പ്രീമെട്രിക്ക് ഗേൾസ് ഹോസ്റ്റലിലെ ജീവനക്കാരെ പുറത്താക്കുക, അവരെ ഉടൻ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി അട്ടപ്പാടി ഷോളയൂർ പ്രീമെട്രിക്ക് ഗേൾസ് ഹോസ്റ്റലിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. ആദിവാസി വിദ്യാർത്ഥിനികളുടെ അവകാശത്തിനായി പ്രതിഷേധിച്ചാൽ എസ്.ടി അട്രോസിറ്റി ആക്ട് ചാർജ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.
പ്രതികളെ രക്ഷിക്കാനായുള്ള രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതിനാൽ പോലീസിൻമേലുള്ള ഉന്നതതല സമ്മർദം വ്യക്തമാണ്. എന്നാൽ, അതിന്റെ പേരിൽ അമിതാധികാരത്തിലൂടെ ജനാധിപത്യ പ്രതിഷേധങ്ങളെ തടയാനാകുമെന്നത് വ്യാമോഹം മാത്രമാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ തുടർപ്രക്ഷോഭങ്ങൾ നടത്തുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം സനൽകുമാർ, ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ , മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് അസ് ലം അരിയൂർ എന്നിവർ പറഞ്ഞു.
മാർച്ചിന് എത്തിയ ആദിവാസി വിദ്യാർത്ഥികളെ പോലീസ് ബലംപ്രയോഗിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയതായും നേതാക്കൾ ആരോപിച്ചു.