സെപ്റ്റംബർ 21 വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിലെ മലയാള വിഭാഗം സൗത്ത് ഏഷ്യ ഇൻസ്റ്റിട്യൂട്ടിന്റെ സ്പോൺസർഷിപ്പോടുകൂടി ഓണാഘോഷം ക്യാംപസിൽ സംഘടിപ്പിച്ചത്. മലയാളം വിദ്യാർത്ഥി സംഘടനയായ ലോങ് ഹോൺ മലയാളി സ്റ്റുഡന്റ്സ് അസോസിയേഷൻ (LMSA) ആണ് ആഘോഷങ്ങളുടെ നേതൃത്വം വഹിച്ചത്. ‘ഫാൾ’ സെമസ്റ്റർ ക്ലാസുകൾ തുടങ്ങിയശേഷമാണ് സാധാരണയായി ഓണാഘോഷങ്ങൾക്ക് ക്യാംപസിൽ സജ്ജീകരണങ്ങൾ ആരംഭിക്കുന്നത്. LMSA യുടെ പ്രസിഡന്റ് ശ്രീമതി ശ്രുതി രാമചന്ദ്രൻ, ട്രെഷറർ ശ്രീ മൈക്കിൾ ബേബി, കമ്മ്യൂണിക്കേഷൻ ഓഫിസർ ശ്രീമതി ശ്രീദേവി ഹരിഹരൻ, ഫാക്കൽറ്റി അഡ്വൈസർ ഡോ. ദർശന മനയത്ത് ശശി എന്നിവരാണ് ആഘോഷങ്ങൾ സജ്ജീകരിച്ചത്.
ചീഫ് ഗസ്റ്റ് ആയി എത്തിയത്, അസിസ്റ്റന്റ് ദീൻ ഓഫ് സ്റ്റുഡന്റ്സ് അഫയേർഴ്സ്, ഡോ. ജസ്റ്റിൻ സാമുവേൽ ആയിരുന്നു. ഓണം പോലെ വളരെ പ്രധാനമായ കേരളീയ സംസ്കാരം മറ്റുമുള്ളവർക്കുകൂടി അനുഭവവേദ്യമാക്കിയെടുക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുസൂചിപ്പിച്ചു. തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിത്തമ്പുരാന്റെ എഴുന്നെള്ളത്തായിരുന്നു. ‘ഓസ്റ്റിൻ താള’ ത്തിന്റെ ഹൃദ്യമായ ചെണ്ടമേളം ക്യാമ്പസ്സിൽ ഒരു പുത്തൻ അനുഭവംതന്നെയായിരുന്നു. നാട്ടിൽ നിന്നും യുണിവേഴ്സിറ്റിയിലെ ഓണാഘോഷത്തിനായി എത്തിയ മാവേലിയുടെ ശ്രമങ്ങൾ കാണിച്ചുകൊണ്ടുള്ള സ്കിറ്റ് സദസ്യരെ ഏറെ ആനന്ദിപ്പിക്കുകയുണ്ടായി. മാവേലിയായി ഒന്നാം വർഷ മലയാളം ക്ലാസിലെ നിതീഷ് ഉമ്മനായിരുന്നു രംഗത്തെത്തിയത്. അതെ ക്ളാസിലെ തന്നെ ആൻഡ്രു അലൻ, പാർത്ഥ് ദേവൻ, ഋഷി മേനോൻ, നേഥൻ ജേക്കബ് എന്നിവർ മാവേലിയോടൊപ്പം സ്കിറ്റ് ഗംഭീരമാക്കി. തുടർന്ന് ശ്രീമതി ആര്യ നായർ, ശ്രീമതി സോന ജോർജ്, ശ്രീമതി എലിസബേത് ജേക്കബ്, ശ്രീമതി ശ്രുതി രാമചന്ദ്രൻ, ശ്രീമതി അഞ്ജലി സിബി, ശ്രീമതി ലിയ തോമസ് എന്നിവരുടെ തിരുവാതിര അരങ്ങേറി. തുടർന്നു നടന്ന പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനത്തിനർഹരായ ‘നക്ഷത്ര ടീം’, ഓസ്റ്റിൻ മലയാളി കൂട്ടായ്മയിലെ ശ്രീമതി ദിവ്യ വാര്യർ, ശ്രീമതി ഷാനി പാറക്കൽ, ‘ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ’ പ്രസിഡന്റ് ശ്രീജിത്ത് എന്നിവരുടെ കയ്യിൽ നിന്നും തങ്ങളുടെ ട്രോഫികൾ ഏറ്റുവാങ്ങി. ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്മെന്റിന്റെ തലവൻ ഡോ. ഡോണൾഡ് ഡേവിസ്, ഡിപ്പാർട്മെന്റിലെ മറ്റ് പ്രൊഫസർമാരായ ഡോ. അഹമ്മദ് ഷമീം, ഡോ. മാനസിച്ച ആകെപിയപൊചൈ, ഡോ.ഡാനിയേല, മൈക്കിൾ ഫൈഡൻ എന്നിവരായിരുന്നു പൂക്കളമത്സരത്തിന്റെ വിധികർത്താക്കൾ. തുടർന്ന് ഓണത്തിന്റെ പ്രധാന ഇനമായ ഓണസദ്യയോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് സമാപനമായി. സദ്യയുടെ ചുക്കാൻ ഏറ്റെടുത്തത് രണ്ടാം വർഷ മലയാളത്തിലെ ശ്രീ രാജ് രാമചന്ദ്രൻ, ഒന്നാം വർഷ മലയാളത്തിലെ ശ്രീ ആയുഷ് മനോജ്, ശ്രീ നേഥൻ സക്കറിയ, ശ്രീ സൂരജ് ചന്ദ്രശേഖർ, ശ്രീ റിക്കി ടൈറ്റസ്, ശ്രീ ജെഫിൻ വർഗീസ് എന്നിവരായിരുന്നു.
ക്യാംപസിൽനിന്നും വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുള്ള ഏകദേശം നൂറ്റിഅമ്പതോളം ആളുകൾ കേരളത്തിന്റെ സംസ്കാരത്തിന്റെ പ്രധാന ആഘോഷമായ ഓണം അനുഭവിച്ചറിയാനായി ഓഡിറ്റോറിയത്തിൽ കൂടിയിരുന്നു. ഭാരതീയരും, അമേരിക്കക്കാരും, മറ്റ് ഏഷ്യൻ വിഭാഗത്തിലുള്ളവരും, ആഫ്രിക്കൻ-അമേരിക്കക്കാരും ഒത്തൊരുമിച്ചുള്ള വൈവിധ്യപൂർണ്ണമായ ഒരു ഓണാഘോഷത്തിന് വേദിയാകാൻ കഴിഞ്ഞത് ഡിപ്പാർട്മെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസിന്റെയും സൗത്ത് ഏഷ്യ ഇൻസ്റ്റിട്യൂട്ടിന്റെയും പരിപൂർണ്ണ പിന്തുണയാലാണെന്നുള്ളത് എടുത്തു പറയേണ്ടതാണ്.