ഫീനിക്സ്: കലാക്ഷേത്ര യുഎസ്എ യുടെ ചെണ്ട പഠന വിദ്യാലയത്തിലെ കലാകാരന്മാരുടെ അരങ്ങേറ്റം ശനിയാഴ്ച ഒക്ടോബര്‍ 14ന് സ്കോട്ട് ഡൈല്‍ നഗരത്തിലെ ഹൊറിസോണ്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മേള കലാരത്നം ശ്രീ കലാമണ്ഡലം ശിവദാസ് ഗുരുക്കളുടെ ശിഷ്യത്വത്തില്‍ രാജേഷ് നായരുടെ നേതൃത്വത്തിലാണ് അഞ്ചു കുട്ടികളടക്കം 11 കലാകാരന്മാരുടെ ചെണ്ട വാദ്യം അരങ്ങേറ്റം നടക്കുന്നത്. കലാക്ഷേത്രയുടെ രണ്ടാമത്തെ ബാച്ചിന്റെ അരങ്ങേറ്റമാണിത്. കഴിഞ്ഞ അരങ്ങേറ്റത്തില്‍ ഏകദേശം മുപ്പതു കലാകാരന്മാര് ചെണ്ട വാദ്യ കലയില്‍ അരങ്ങേറ്റം നടത്തിയതായി കലാക്ഷേത്ര
യു.സ്.എ. യുടെ മുഖ്യ സംഘാടകരില്‍ ഒരാളായ സുധീര്‍ കൈതവന അറിയിച്ചു.
മേളകലയിലെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ അഞ്ച് കാലങ്ങളില്‍ കാലപ്പൊരുത്തം കൈവിടാതെ കോല് പെരുക്കത്തിലൂടെ വാദ്യമേളം അഭ്യസിച്ചവരില്‍ 12 വയസ്സുകാര്‍ മുതല്‍ മധ്യവയസ്കര്‍ വരെയുണ്ട്. കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ കേരളത്തിന്റെ കലയും സാഹിത്യവും സാംസ്കാരിക പൗരാണിക പൈതൃകവും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയില്‍ സുസ്ത്യര്‍ഹമായ സേവനം നടത്തിവരുന്ന പ്രമുഖ പ്രവാസി സംഘടനയാണ് കലാക്ഷേത്ര യു.എസ്.എ. ചെണ്ട സ്കൂള്‍ കൂടാതെ കലാക്ഷേത്രയുടെ ആഭിമുഖ്യത്തില്‍ മലയാളം ഭാഷ സ്കൂള്‍, മ്യൂസിക് സ്കൂള്‍ തുടങ്ങി വിവിധ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മേള കലാരത്നം കലാമണ്ഡലം ശ്രീ ശിവദാസ് കേരള കലാമണ്ഡലം സര്‍വകലാശാലയില്‍ നിന്ന് കഥകളി ചെണ്ടയില്‍ ബിരുദവും ബിരുദാനന്ദ ബിരുദവും നേടി 1986 മുതല്‍ ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയര്‍ കലാനിലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ചെണ്ട മേളം, തായമ്പക, കഥകളി ചെണ്ട എന്നീ രംഗങ്ങളില്‍ കഴിവ് തെളിയിച്ച അനുഗൃഹീത കലാകാരനാണ് ശ്രീ ശിവദാസ്. ഇന്ത്യന്‍ മിനിസ്റ്ററി ഓഫ് ഹ്യൂമന്‍ റിസോഴ് സിന്റെ സീനിയര്‍ ഫെല്ലോഷിപ്പടക്കം കേരളത്തിലും പുറത്തുമായി ഒട്ടനവധി പൂരസ് കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മുപ്പതിലേറെ രാജ്യങ്ങളില്‍ നിരവധി കലാസാംസ് കാരിക പരിപാടികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ശിവദാസ് പങ്കെടുത്തിട്ടുണ്ട്.
ആകാശവാണിയിലും ദൂരദര്‍ശനിലും എ-ഗ്രേഡ് ആര്‍ട്ടിസ്റ്റായ അദ്ദേഹം “ചെണ്ട പഠനസഹായി” “ഇലഞ്ഞിത്തറ മേളം” തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ രാജേഷ് നായര്‍ വാദ്യകലാ പാരമ്പര്യമുള്ള കുടുംബാംഗവും, നന്നേ ചെറുപ്പത്തില്‍ തന്നെ കലാമണ്ഡലം ശിവദാസിന്റെ ശിക്ഷണത്തില്‍ തായമ്പക അഭ്യസിച്ച്, ആത്മീയാചാര്യനും, ഗീതാ പ്രഭാഷകനുമായ സ്വാമീ ചിന്മയാനന്ദ സരസ്വതിയുടെ തിരുമുമ്പില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമായി നിരവധി ശിഷ്യ സമ്പത്തുള്ള രാജേഷ് നായര്‍ വിദ്യഭ്യാസ കാലഘട്ടത്തിനു ശേഷം അമേരിക്കയിലെ മിഷിഗണില്‍ സ്ഥിരതാമസമാക്കി, ഭാരതത്തിന്റെ തനതായ കലാരൂപകളെയും സാംസ്കാരിക വൈവിധ്യവും പ്രോത്സാഹിക്കുവാനുമായി മിഷിഗണ്‍ കലാക്ഷേത്രയെന്നൊരു സ്ഥാപനം തുടങ്ങി നിരവധി കലാകാരന്മാരെ ഓരോ വര്‍ഷവും വാര്‍ത്തെടുക്കുകയും, കലാ പരിപോഷണത്തിന്റെ ഭാഗമായി നോര്‍ത്ത് അമേരിക്കയിലുടനീളം വിവിധ നഗരങ്ങളില്‍ കലാസാംസംസ്താരിക പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.
ഏകദേശം ഒന്നര വര്‍ഷത്തോളം നീണ്ട പരിശീലന ക്ലാസിനുശേഷമാണ് മേളം അഭ്യസിക്കുന്നവര്‍ അരങ്ങേറ്റം നടത്തുന്നത്. അരിസോണയിലെ മേള പ്രേമികളെ ഈ മേളാഘോഷ ഉത്സവത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി ഈ പരിപാടിയുടെ പ്രായോജകര്‍ അറിയിച്ചു. പ്രവേശനം സയജന്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 480 246 7546.