ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ 21-ാമത് നെൽസൺ മണ്ടേല വാർഷിക പ്രഭാഷണം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായി പാക്കിസ്താനിയും നോബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മലാല യൂസഫ്സായി മാറും.
നെൽസൺ മണ്ടേല ഫൗണ്ടേഷന്റെ (എൻഎംഎഫ്) ചീഫ് എക്സിക്യൂട്ടീവ് വെർൺ ഹാരിസ്, എക്സ്-ലാണ് ഇക്കാര്യം അറിയിച്ചത്.
“2023 ഡിസംബർ 5-ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഈ പ്രഭാഷണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം, ഇത് മാഡിബയുടെ വിടവാങ്ങലിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ്,” അദ്ദേഹം പറഞ്ഞു. നെൽസൺ മണ്ടേല വാർഷിക പ്രഭാഷണം ഫൗണ്ടേഷന്റെ സ്ഥാപകനായ മണ്ടേലയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന പ്രധാന പരിപാടികളിൽ ഒന്നാണ്.
1994-ൽ മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റായി. വംശീയമായി മുറിവേറ്റ തന്റെ രാജ്യത്ത് വംശീയ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് 1993-ൽ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു.
“സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ലോകത്തിന് ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്ന തരത്തിലുള്ള നേതൃത്വമാണ് മലാല ഉൾക്കൊള്ളുന്നത്. നിലവിലെ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, അത് ഭയപ്പെടുത്തുന്നതായി തോന്നാം, ന്യായവും നീതിയുക്തവുമായ ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ പ്രചോദനാത്മക പ്രതീകമായി മലായ നിലകൊള്ളുന്നു, ”ഹാരിസ് പറഞ്ഞു.
2012 ഒക്ടോബറിൽ സ്വാത് താഴ്വരയിലെ സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന മലാലയെ താലിബാൻ തോക്കുധാരികൾ തലയ്ക്ക് വെടിവെച്ച് മാരകമായി മുറിവേല്പിച്ചിരുന്നു.
കുട്ടികളുടെ അവകാശങ്ങൾക്കും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള മലാലയുടെ ശ്രമങ്ങളെ മാനിച്ച് 17-ാം വയസ്സിൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മലാല യൂസഫ്സായ് മാറി.
We are honoured to announce that @Malala, Nobel Peace Prize laureate, has graciously accepted our invitation to deliver the 21st Nelson Mandela Annual Lecture.
Scheduled for 5 December 2023, this lecture holds special significance as it coincides with the tenth anniversary of… pic.twitter.com/0rPWMQflzH
— NelsonMandela (@NelsonMandela) October 2, 2023