കബറിടത്തില്‍ കണ്ട സത്യം (ലേഖനം): ലാലി ജോസഫ്

വിട വാങ്ങിയ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രിയുടെ കബറിടത്തില്‍ ഇപ്പോഴും ജനപ്രവാഹം ആണ് എന്നുള്ളത് വാര്‍ത്തകളില്‍ കൂടി അറിയുവാന്‍ സാധിച്ചു. അപ്പോള്‍ മുതല്‍ എനിക്കും അവിടം സന്ദര്‍ശിക്കണമെന്നുള്ള ആഗ്രഹം തോന്നി തുടങ്ങി. ആഗസ്റ്റ് 30ാം തീയതി ഏകദേശം വൈകിട്ട് ആറ് മണിയോടുകൂടി പുതുപള്ളിയില്‍ എത്തി. ഒരുപാട് വണ്ടികള്‍ അവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. കടകളിലും നല്ല തിരക്കുകള്‍ കാണപ്പെട്ടു. ചില കടകള്‍ ഒരു പെരുന്നാളിനു വേണ്ടി താല്‍ക്കാലികമായി കെട്ടിയതു പോലെ കാണപ്പെട്ടു.

പടികള്‍ കയറി മുകളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ എത്തി ചേര്‍ന്നു. അവിടെ നിന്ന് കുറച്ചുകൂടി മുന്‍മ്പോട്ടു പോയാല്‍ കബറിടത്തില്‍ എത്തി ചേരാം.

ഞാന്‍ ചെല്ലുന്നത് അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞതിന്‍റെ 43ാം ദിവസമാണ്. വെള്ളതുണി മുകളില്‍ വിരിച്ച് നീളത്തില്‍ കെട്ടിയ പന്തല്‍ ഇപ്പോഴും അഴിച്ചു മാറ്റാതെ അവിടെ തന്നെയുണ്ട്.

വാര്‍ത്തകളില്‍ വായിച്ചതുപോലെ തന്നെ കബറിടത്തിന് ചുറ്റും നിറയെ ആളുകള്‍ ഉണ്ടായിരുന്നു. തലയില്‍ തൊപ്പിയും അരയില്‍ അരപ്പട്ട കെട്ടിയ ഒരു പുരോഹിതന്‍ അവിടെ നില്‍ക്കുന്നത് കണ്ടു.

സൂര്യന്‍ പടിഞ്ഞാറോട്ടു താഴ്ന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് പോലും ഇത്രയും ജനപ്രവാഹമോ? കുറച്ചു പേര്‍ മെഴുകുതിരി കത്തിക്കുന്നു. വീല്‍ ചെയറില്‍ ഒരു സ്ത്രി കാല്‍ഭാഗത്ത് പ്രാര്‍ത്ഥനാ രൂപത്തില്‍ കൈകള്‍ കൂപ്പി ഇരിക്കുന്നു. കബറിടത്തിന് ചുറ്റും ഒരുപാട് പേര്‍ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ ചുറ്റുപാട് വീക്ഷിച്ചു.

എഴുതി ഒട്ടിച്ചു വച്ചിരിക്കുന്ന ഒരുപാട് നിവേദനങ്ങള്‍, ഉമ്മന്‍ ചാണ്ടി സാറിനെ വരച്ചു വച്ചിരിക്കുന്ന ചിത്രങ്ങള്‍, കൊച്ചുകുട്ടികള്‍ ഉമ്മന്‍ ചാണ്ടി അപ്പച്ചാ എന്ന് സംബോധന ചെയ്തു കൊണ്ടുള്ള സ്നേഹത്തില്‍ പൊതിഞ്ഞ വാക്കുകള്‍.. ആളുകള്‍ മാറിയിട്ട് എനിക്ക് ഒറ്റക്ക് ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. കുറെ ശ്രമിച്ചിട്ടും അതിന് ഒരു അവസരം കിട്ടിയില്ല. കാരണം ആള്‍ക്കാള്‍ വന്നു പോയും ഇരിക്കുന്നു. ജനങ്ങള്‍ കുറച്ചു കുറഞ്ഞപ്പോള്‍ ഒന്നു രണ്ടു ഫോട്ടോകള്‍ എടുക്കുവാന്‍ സാധിച്ചു.

വാടാത്ത പുഷ്പത്തിന്‍റെ സുഗന്ധം ആ വായുവില്‍ മുഴുവന്‍ തങ്ങി നില്‍ക്കുന്നുണ്ട്. ദിവസവും പുഷ്പങ്ങള്‍ മാറ്റി വയ്ക്കുന്നുണ്ട് എന്നു മനസിലായി. കാരണം ചെടിയില്‍ നിന്ന് പൊട്ടിച്ചെടുത്ത പൂവിന്‍റെ ഗന്ധമായിരുന്നു അവിടെ നിറഞ്ഞു നിന്നിരുന്നത്. തിരിച്ചു പോരുമ്പോള്‍ പിന്നിലേക്ക് ഒന്നു കൂടി നോക്കി അപ്പോള്‍ കണ്ട മറ്റൊരു കാഴ്ച നന്നേ നടക്കാന്‍ പ്രയാസം ഉള്ള ഒരു മനുഷ്യനെ ഇരു വശത്തുമായി രണ്ടു പേര്‍ കൈകള്‍ തോളത്ത് വച്ചുകൊണ്ട് മന്ദം മന്ദം കബറിടത്തെ ലക്ഷ്യമാക്കി നടക്കുന്നു. അവര്‍ മക്കള്‍ ആണെന്നു തോന്നുന്നു. ഞാന്‍ കയറി ചെന്നപ്പോള്‍ കണ്ടത് വീല്‍ ചെയറില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന സ്ത്രിയെ ആയിരുന്നുവെങ്കില്‍ തിരിച്ചു പോരുന്ന സമയത്ത് കണ്ടത് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായമായ ഒരു മനുഷ്യനെ നടത്തിച്ചു കൊണ്ടു പോകുന്ന കാഴ്ചയായിരുന്നു. പുതുപള്ളി പള്ളിയുടെ അകത്ത് കയറി പ്രാര്‍ത്ഥിച്ചു അവിടേയും ഒരുപാട് പേര്‍ മുട്ടിമ്മേല്‍ നിന്ന് കൈ വിരിച്ചു, നെറ്റി തറയില്‍ കുമ്പിട്ട്പ്രാര്‍ത്ഥിക്കുന്നത് കണ്ടു.

തിരിച്ചു കാറിലേക്കു നടക്കുമ്പോള്‍ ഇങ്ങിനെ ചിന്തിച്ചു പോയി ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞു കഴിഞ്ഞിട്ടും സാറിന്‍റെ അടുത്തേക്ക് നിവേദനങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന ഒരു നേര്‍കാഴ്ചയാണ് അവിടെ കണ്ടത്. ഇതു ഇനിയും കൂടി കൊണ്ടേയിരിക്കും. അങ്ങിനെ മാത്രമേ ചിന്തിക്കാന്‍ സാധിക്കുകയുള്ളു.

ഒരു മനുഷ്യന്‍ ജനഹ്യദയത്തിലേക്ക് ഇത്രമാത്രം കയറി കൂടിയത് എങ്ങിനെ? അദ്ദേഹത്തിന്‍റെ വിനയം, സഹാനുഭൂതി അതിലുമുപരി മറ്റുള്ളവരുടെ വേദന തന്‍റേതായി കാണാനുള്ള മനസ് ആയിരിക്കാം!!!

മുന്നോട്ടു പോയ വഴികളില്‍ തടസങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട് അദ്ദേഹം തന്നില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചു കൊണ്ട് മുന്നോട്ടു പോയി, നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക ആര്‍ക്കും നിങ്ങളെ കീഴടക്കാനാവില്ല എന്ന ഒരു സന്ദേശം കൂടി നമ്മള്‍ക്ക് തന്നു കൊണ്ടാണ് അദ്ദേഹം ഈ ലോകം വിട്ടു പേയിരിക്കുന്നത്. എവിടേയോ വായിച്ച ഒരു ഭാഗം മനസിലേക്ക് വന്നു. “നീ ഈ ലോകത്തിലേക്ക് പിറന്നു വീണപ്പോള്‍ നീ കരയുകയും ലോകം ചിരിക്കുകയും ചെയ്തു. നീ ലോകം വിട്ടു പോകുമ്പോള്‍ ലോകം മുഴുവന്‍ കരയുകയും നീ ചിരിക്കുകയും വേണം”. ഉമ്മന്‍ ചാണ്ടി സാറിന്‍റെ കാര്യത്തില്‍ ഇതു സത്യമാണ്. അവിടെ വരുന്നവര്‍ അദ്ദേഹത്തെ ഒരു വിശുദ്ധനായിട്ടു തന്നെ മനസില്‍ പ്രതിഷ്ടിച്ചു കഴിഞ്ഞു എന്നാണ് എനിക്ക് ഫീല്‍ ചെയ്തത്. എനിക്കും അവിടം സന്ദര്‍ശിക്കണമെന്ന് തോന്നിയത് എന്തുകൊണ്ടാണ്? ഏതോ ഒരു പ്രേരണയാല്‍ ഞാനും അവിടം സന്ദര്‍ശിച്ചു. ഒരോരുത്തരുടേയും സന്ദര്‍ശന ഉദ്ദേശ്യം പലതായിരിക്കും അവര്‍ക്കെല്ലാം പറയാനും ഒരുപാട് കഥകള്‍ കാണും.

ഞാന്‍ കണ്ട സത്യം എന്‍റെ മനസില്‍ കൂടി ഞാനറിയാതെ വന്നു പോയ ചിന്തകള്‍ പകര്‍ത്തുന്നു. ഒരിക്കല്‍ കൂടി പ്രണാമം സാര്‍.

 

Print Friendly, PDF & Email

Leave a Comment

More News