കോട്ടയം: സീറോ മലബാർ സഭയിലെ കത്തോലിക്കാ പുരോഹിതൻ ഔദ്യോഗികമായി ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നതോടെ അദ്ദേഹത്തെ അജപാലന ചുമതലകളില്‍ നിന്ന് ഒഴിവാക്കി.
ഇടുക്കി രൂപതയുടെ കീഴിലുള്ള മങ്കുവ സെന്റ് തോമസ് പള്ളി വികാരി ഫാ. കുര്യാക്കോസ് മറ്റം (73) തിങ്കളാഴ്ചയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചത്. എന്നാൽ, മണിക്കൂറുകൾക്കകം ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ ഇടവകയിലെ അജപാലന ചുമതലകളിൽ നിന്ന് വൈദികനെ മാറ്റി.
ബി.ജെ.പിയിൽ ചേർന്ന വൈദികനെ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഷാൾ അണിയിച്ച് സ്വീകരിച്ചിരുന്നു. ക്രൈസ്തവർക്ക് ചേരാൻ പറ്റാത്ത പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി എന്നു താൻ വിശ്വസിക്കുന്നില്ലെന്നും ആനുകാലിക സംഭവങ്ങൾ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് അംഗമാകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടുക്കിയിൽ നിന്നും ആദ്യമായാണ് ഒരു വൈദികൻ ബിജെപിയിൽ അംഗമാകുന്നതെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
ബിഷപ്പിന്റെ അനുമതിയില്ലാതെയാണ് വൈദികൻ ബിജെപിയിൽ ചേർന്നതെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ചെയർമാൻ
ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു. കാനോൻ നിയമങ്ങളും കത്തോലിക്കാ സഭയുടെ നിയമങ്ങളും അനുസരിച്ച് വൈദികർക്ക് ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ കഴിയില്ലെന്ന് ഫാ. കാരക്കാട്ട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബിഷപ്പ് കമ്മീഷനെ നിയോഗിക്കും. കമ്മീഷൻ അംഗങ്ങൾ വൈദികരിൽ നിന്നും ഇടവക അംഗങ്ങളിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കും. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം സഭ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫാ. കാരക്കാട്ട് പറഞ്ഞു.
ഫെയ്സ്ബുക്ക് കമന്റുകള്‍ ഇവിടെ വായിക്കാം