നയതന്ത്ര തർക്കം പരിഹരിക്കാൻ ഇന്ത്യയുമായി സ്വകാര്യ ചർച്ചകൾ നടത്തണമെന്ന് കാനഡ

ഒട്ടാവ: സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നയതന്ത്ര തർക്കം പരിഹരിക്കാൻ ഇന്ത്യയുമായി സ്വകാര്യ ചർച്ചകൾ നടത്തണമെന്ന് കാനഡ. 41 നയതന്ത്രജ്ഞരെ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി മെലാനി ജോളി ചൊവ്വാഴ്ച പ്രസ്താവനയിറക്കിയത്.

ഒക്‌ടോബർ 10നകം നയതന്ത്രജ്ഞരെ തിരിച്ചയക്കണമെന്ന് ഇന്ത്യ കാനഡയോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോർട്ട് കൃത്യമാണോ എന്ന കാര്യത്തില്‍ ജോളിയോ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോ പ്രതികരിച്ചില്ല.

“ഞങ്ങൾ ഇന്ത്യാ ഗവൺമെന്റുമായി ബന്ധപ്പെടുന്നുണ്ട്. കനേഡിയൻ നയതന്ത്രജ്ഞരുടെ സുരക്ഷ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്, അവർ സ്വകാര്യമായി കാര്യങ്ങള്‍ തുടരുമ്പോൾ നയതന്ത്ര സംഭാഷണങ്ങളാണ് ഏറ്റവും നല്ലതെന്ന് ഞങ്ങൾ കരുതുന്നു,” ജോളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കാനഡയിൽ ജൂണിൽ സിഖ് വിഘടനവാദി നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ സംശയത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗുരുതരമായി വഷളായി. എന്നാല്‍, ഈ ആരോപണം അസംബന്ധമാണെന്ന് പറഞ്ഞ് ഇന്ത്യ തള്ളിക്കളഞ്ഞു.

ഒക്‌ടോബർ 10ന് ശേഷവും ഈ നില തുടർന്നാൽ ഇന്ത്യയിലുള്ള 41 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ നയതന്ത്ര സം‌രക്ഷണം റദ്ദാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 62 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയിലുള്ളത്.

സെപ്തംബർ 22 ന് ഇന്ത്യ കനേഡിയൻമാർക്കുള്ള പുതിയ വിസകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ ഒട്ടാവയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, തര്‍ക്കം രൂക്ഷമാക്കാൻ ഒട്ടാവ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

“ഞങ്ങൾ ഇത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്, പക്ഷേ ഞങ്ങൾ ഇന്ത്യൻ സർക്കാരുമായി ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരാൻ പോകുകയാണ്,” അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News