ഹൂസ്റ്റൺ: അംഗസംഖ്യയിലും പങ്കെടുത്തവരുടെ ആവേശത്തിലും ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൻ സഭാ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 30 ന് കൂടിയ പി.സി.എൻ.എ.കെ നാഷണൽ ലോക്കൽ ഭാരവാഹികളുടെ സമ്മേളനം ശ്രദ്ധേയമായി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും കടന്നുവന്ന് സംബദ്ധിച്ച നാഷണൽ പ്രതിനിധികൾക്ക് പ്രാദേശിക ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി.
2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ പട്ടണത്തിലുള്ള പ്രസിദ്ധമായ ജോർജ് . ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിൽ വച്ചാണ് 39 – മത് കോൺഫറൻസിന് വേദി ഒരുങ്ങുന്നത്. ഏകദേശം 10,000 പേർക്ക് സമ്മേളിക്കുവാൻ തക്ക വിശാലമായ ഒരു കോൺഫ്രൻസ് സെന്റർ ആണ് ഇത്.
വിപുലമായ കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഭാരവാഹികൾ യോഗത്തിൽ രൂപരേഖകൾ തയ്യാറാക്കി. ലോകോത്തര പ്രാസംഗികരായിരിക്കും കോൺഫറൻസിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തുന്നത്. പ്രസിദ്ധ ക്രൈസ്തവ ഗായകർ സംബന്ധിക്കും. “മാനസാന്തരത്തിന് യോഗ്യമായ ഫലം കായിപ്പിൻ ” (ലൂക്കോസ് 3: 8 ) എന്നതാണ് കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം.
നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ ദേശീയ കമ്മറ്റിക്ക് അധ്യക്ഷത വഹിച്ചു. നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ, നാഷണൽ ട്രഷറർ ബിജു തോമസ്, നാഷണൽ യൂത്ത് കോർഡിനേറ്റർ റോബിൻ രാജു, നാഷണൽ ലേഡീസ് കോർഡിനേറ്റർ ആൻസി സന്തോഷ്, നാഷണൽ ഈവന്റ് കോർഡിനേറ്റർ ജോസഫ് കുര്യൻ തുടങ്ങിയവർ ദേശീയതലത്തിൽ ചെയ്തിട്ടുള്ള ക്രമീകരണങ്ങളുടെ വിലയിരുത്തലുകൾ നടത്തി.
ലോക്കൽ കൺവീനേഴ്സായി ടിജു തോമസ്, റവ. സണ്ണി താഴംപള്ളം എന്നിവർ പ്രവർത്തിക്കുന്നു. സെക്രട്ടറി സജിമോൻ ജോർജ്, ജോയിൻ സെക്രട്ടറി ജോർജ് നൈനാൻ, ട്രഷറർ ജോഷിൻ ഡാനിയൽ, ജോയിന്റ് ട്രഷറർ ജോബിൻ ജോൺസൺ, ഇവന്റ് കോർഡിനേറ്റർ തോമസ് വർഗീസ്, യൂത്ത് കോർഡിനേറ്റർ മാത്യു ജോഷ്വ, ലേഡീസ് കോഡിനേറ്റർ സൂസൻ ജോസഫ് , ചിൽഡ്രൻസ് കോർഡിനേറ്റർ ജോയിസ് ജോൺ തുടങ്ങിയവർ പ്രാദേശിക കമ്മറ്റികളിൽ പ്രവർത്തിക്കുന്നു. ഇവരെ കൂടാതെ 220 പേരടങ്ങുന്ന വിശാലമായ കമ്മറ്റിയാണ് ദേശീയ കോൺഫ്രൻസ് വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സുവിശേഷീകരണത്തിനും പ്രാർത്ഥനക്കും ആണ് ഈ കോൺഫ്രൻസ് മുൻതൂക്കം കൊടുക്കുന്നത്. എന്തുകൊണ്ടും ശ്രദ്ധേയമായ കോൺഫ്രൻസായിരിക്കും 39 -മത് നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് എന്ന് ഭാരവാഹികൾ പ്രതീക്ഷിക്കുന്നു. ഈ കോൺഫറൻസിന്റെ വിപുലമായ മീഡിയ ടീം അംഗങ്ങളായി കുര്യൻ സഖറിയ, നിബു വെള്ളവന്താനം, ഫിന്നി രാജു ഹൂസ്റ്റൺ , ജോയ് തുമ്പമൺ, സ്റ്റീഫൻ സാമുവൽ എന്നിവർ പ്രവർത്തിക്കുന്നു.