ഡാളസ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവ ആദ്യമായി നാളെ ഡാളസിൽ എത്തുന്നു.
മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ് സെന്റ്.പോൾസ് ഓർത്തഡോക്സ് ദേവാലയ (5088 Baxter Well Road, Mckinney, TX 75071 ) കൂദാശ ഒക്ടോബർ 6,7 (വെള്ളി, ശനി) തീയതികളിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ, കോട്ടയം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, നിലക്കൽ ഭദ്രാസനാധിപൻ അഭി.ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നിവരും ചടങ്ങിൽ സഹകാർമ്മികരായിരിക്കും.
വെള്ളിയാഴ്ച വൈകിട്ട് ഇടവക കൂദാശക്ക് എത്തുന്ന കാതോലിക്കാ ബാവാ, അഭിവന്ദ്യ പിതാക്കന്മാർ, വൈദിക ശ്രേഷ്ടർ, വിശിഷ്ട അഥിതികൾ എന്നിവരെ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതിന് ശേഷം സന്ധ്യ നമസ്കാരം തുടർന്ന് ദേവാലയത്തിന്റെ കൂദാശയുടെ ഒന്നാം ക്രമം കതോലിക്കാ ബാവായുടെ മുഖ്യ കർമികത്വത്തിലും, അഭി.മെത്രാപ്പോലിത്താന്മാരുടെ സഹകർമികത്വത്തിലും നടത്തപ്പെടും.
ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് പ്രഭാത നമസ്കാര ശുശ്രുഷയും, തുടർന്ന് ദേവാലയ കൂദാശ പുർത്തീകരണ ശുശ്രുഷയും, വിശുദ്ധ മുന്നിൻന്മേൽ കുർബ്ബാന ശുശ്രുഷയും നടത്തപ്പെടും. തുടർന്ന് 12 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ മാത്യുസ് തൃദീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും.
ഇടവക കൂദാശയുടെ ഭാഗമായി മലങ്കര സഭയുടെ സഹോദരൻ പദ്ധതിക്ക് ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഉളള രണ്ട് ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന പ്രോജക്റ്റിന്റെ സഹായം വികാരി വെരി.റവ.രാജു ദാനിയേൽ കോർ എപ്പിസ്കോപ്പാ കാതോലിക്കാ ബാവയുടെ പക്കൽ സമർപ്പിക്കും. വൈകിട്ട് 6.30 ന് സന്ധ്യ നമസ്കാരം തുടർന്ന് സുവിശേഷ യോഗം റവ. ഫാ. അലക്സാണ്ടർ കുര്യന്റെ നേതൃത്വത്തിൽ നടത്തപ്പെടും.
ഞായറാഴ്ച രാവിലെ വി. മൂന്നിന്മേൽ കുർബാനയ്ക്ക് ഇടവക വികാരി വെരി. റവ.രാജു ദാനിയേൽ കോർ എപ്പിസ്കോപ്പാ, റവ.ഫാ.അലക്സാണ്ടർ കുര്യൻ, റവ.ഫാ.ഷോൺ തോമസ് പൂതിയോട്ട് എന്നിവർ കാർമ്മികത്വം വഹിക്കും തുടർന്ന് നടക്കുന്ന ഓർത്തഡോക്സ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ക്ലാസിന് റവ. ഫാ. ഷോൺ തോമസ് പൂതിയോട്ട്, ക്രൈസ്തവ യുവജനപ്രസ്ഥാനം ക്ലാസിന് റവ.ഫാ. അലക്സാണ്ടർ കുര്യൻ എന്നിവർ നേതൃത്വം നൽകും.
കൂദാശയോടനുബന്ധിച്ചുള്ള ചടങ്ങുകളുടെ ഭാഗമായ കൊടിയേറ്റം ഒക്ടോബർ ഒന്ന് ഞായറാഴ്ച ഇടവക വികാരി വെരി. റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ നടത്തി.