2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ റേഡിയോ മാധ്യമ പുരസ്‌കാരം ലഭിച്ച ഷാബു കിളിത്തട്ടിലിനാണ് പങ്കെടുക്കും.
ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അറേബ്യൻ റേഡിയോ നെറ്റ്‌വർക്കിലെ ഹിറ്റ് 96.7 എഫ് എമ്മിന്റെ ന്യൂസ് ഡയറക്ടർ ആണ് തിരുവനന്തപുരം സ്വദേശിയായ ഷാബു കിളിത്തട്ടിൽ.
ആകാശവാണിയിൽ സബ് എഡിറ്റർ ആയും മാതൃഭൂമിയിൽ റിപ്പോർട്ടറായും ദൂരദർശനു വേണ്ടി സിഡിറ്റ് തയാറാക്കിയ ശാസ്ത്രകൗതുകത്തിന്റെ കണ്ടെന്റ് പ്രൊഡ്യൂസറായും പ്രവർത്തിച്ച ശേഷമാണ് 2004 ൽ ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അറേബ്യൻ റേഡിയോ നെറ്റ്‌വർക്കിന്റെ കീഴിലുള്ള ഹിറ്റ് 96.7 എഫ് എമ്മിന്റെ ന്യൂസ് ഡയറക്ടർ ആയി ചുമതലയേൽക്കുന്നത്.
കഴിഞ്ഞ 19 വർഷമായി നിരവധി സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ പ്രവാസികളുടെ ശബ്ദമാകാൻ ഷാബുവിന് കഴിഞ്ഞിട്ടുണ്ട്. 19 കൊല്ലമായി തുടരുന്ന സ്പെഷ്യൽ ന്യൂസ് എന്ന വാർത്താധിഷ്ഠിത പരിപാടി മലയാള റേഡിയോ ചരിത്രത്തിൽ അത്യപൂർവമാണ്. സമകാലീനവിഷയങ്ങളെ മനുഷ്യമനസ്സിൽ ആഴത്തിൽ പതിയുന്ന വിധത്തിലും ചിന്തോദ്ദീപകമായും അവതരിപ്പിക്കുന്നുവെന്നതാണ് ആ പരിപാടിയുടെ ജനപ്രീതിക്ക് പിന്നിൽ. അതുതന്നെയാണ് ഷാബുവിനെ അവതാരകൻ എന്ന നിലയിൽ വേറിട്ടു നിർത്തുന്നത്.
പ്രവാസി വിഷയങ്ങളെ അധികാരികൾക്ക് മുന്നിൽ എത്തിക്കുന്നതിനു ആർജ്ജവമുള്ള നിലപാടുകൾ കൈക്കൊള്ളുന്ന മാധ്യമപ്രവർത്തകൻ. എഴുത്തുകാരൻ പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഷാബുകിളിത്തട്ടിലിനെ തേടി നിരവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്. ഏറ്റവും മികച്ച വാർത്താ അവതാരകനുള്ള ഏഷ്യ വിഷൻ പുരസ്‌കാരം മൂന്നുതവണ ഷാബുവിനെ തേടിയെത്തിയിട്ടുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാധ്യമ പുരസ്‌കാരം, ചിരന്തന മാധ്യമ പുരസ്‌കാരം, അബുദാബി അസോസിയേഷന്റെ ഗ്രീൻ വോയ്‌സ് പുരസ്‌കാരം, സി പി ശ്രീധരൻ മെമ്മോറിയൽ പുരസ്‌കാരം, സഹൃദയ പടിയത്ത് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
എഴുത്തുകാരൻ എന്ന നിലയിൽ ചെറുകഥക്കുള്ള പാറപ്പുറത്ത് അവാർഡ്, കൈരളി നോവൽ അവാർഡ്, സർഗ്ഗ സമീക്ഷ, സപര്യ സാഹിത്യ പുരസ്‌കാരം, ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഏറ്റവും പുതിയ നോവൽ രണ്ടു നീലമൽസ്യങ്ങൾ മാതൃഭൂമി ബുക്സിലൂടെ ഈ ഒക്ടോബറിൽ പുറത്തിറങ്ങി. നിലാച്ചോറ്, മഴ മണ്ണ് മനുഷ്യൻ, കാലം കാവാലം, മാറിയ ഗൾഫും ഗഫൂർക്ക ദോസ്തും, സർഗസൃഷ്ടിയിലെ രാസവിദ്യകൾ എന്നിവയാണ് പ്രധാന കൃതികൾ.
ഏഞ്ചൽസ് എന്ന സിനിമയ്ക്ക് സംഭാഷണമെഴുതി. ഷാബു കിളിത്തട്ടിൽ എഴുതി സംവിധാനം ചെയ്ത മശ്‌ഹദ് എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രം നിരവധി അന്താരാഷ്ട്രപുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവം :3 വെളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .
സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ് -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡണ്ട് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654