ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വർഷത്തെ മേഖലാ കൺവെൻഷൻ(റീജിയണൽ കൺവെൻഷൻ) ഒക്ടോബർ മാസം 27, 28, 29, എന്നീ തീയതികളിൽ യഥാക്രമം സെൻറ്. ജോൺസ് മാർത്തോമ്മാ പള്ളി (ക്യുൻസ് വില്ലേജ്), സെൻറ്. തോമസ് മാർത്തോമ്മാ പള്ളി (യോങ്കേഴ്സ്), ക്യുൻസ്ബോറോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയം, എന്നിവിടങ്ങളിൽ വച്ചു നടത്തപ്പെടുന്നു. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ ഇടവക വികാരി റവ. ഡോ. ഈപ്പൻ വർഗീസ് മുഖ്യ പ്രസംഗകനായിരിക്കും. സെൻറ്. ജോൺസ് മാർത്തോമ്മാ പള്ളിയിൽ വച്ചു നടക്കുന്ന കൺവെൻഷൻറെ ഉത്ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ നിർവ്വഹിക്കും.
കൺവെൻഷൻറെ സമാപനദിവസമായ ഞായറാഴ്ച്ച ഈ മേഖലയിലെ (റീജിയൺ) എല്ലാ ഇടവകകളും ചേർന്നുള്ള വിശുദ്ധ കുർബാനയ്ക്കു ഭദ്രാസന എപ്പിസ്കോപ്പ നേതൃത്വം നൽകും. തുടർന്നു നടക്കുന്ന പൊതുയോഗത്തിൽ കഴിഞ്ഞ ഏഴു വർഷക്കാലം ഭദ്രാസനത്തിനു കാലോചിതമായ നേതൃത്വം നൽകിയ ഭദ്രാസന എപ്പിസ്കോപ്പായ്ക്ക് സമുചിതമായ യാത്രയയപ്പ് നൽകും. വിവിധ ഇടവകകളിൽ നിന്നുമുള്ള നാൽപതംഗ ഗായകസംഘം ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
റവ. വി.റ്റി. തോമസ് (വൈസ് പ്രസിഡന്റ്) തോമസ് ജേക്കബ് (സെക്രട്ടറി) കുര്യൻ തോമസ് (ട്രഷറർ) ബെജി ടി. ജോസഫ് (അക്കൗണ്ടൻറ്) റവ. ജോർജ് ഏബ്രഹാം(ഭദ്രാസന സെക്രട്ടറി) ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, ചെറിയാൻ വർഗീസ്, ഡോ. ജോൺ കെ. തോമസ്, റോയ് സി. തോമസ്, കോരുത് മാത്യു, ശ്രീമതി. ഷേർളി തോമസ്, ശ്രീമതി. തങ്കം വി. ജോർജ് എന്നിവരടങ്ങിയ വിവിധ സബ് കമ്മിറ്റികൾ കൺവെൻഷൻറെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.
വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്