ഫിലാഡൽഫിയ: അമേരിക്കയിലെ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽനിന്നാണ് സംഘടനയിലെ അംഗങ്ങളും കുടുംബാങ്ങളും ഓണാഘോഷത്തിനായി ഒത്തുകൂടിയെന്നതും പ്രത്യേകതയായി.
ഫിലാഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജോയൽ ഡെയ്ൽസ്, ഗാർലൻഡ് ഡാളസ് – മേയർ സ്ഥാനാർത്ഥി ഡോ. ഷിബു സാമുവൽ, മിസ് സ്റ്റാറ്റൻ ഐലൻഡ് മീര മാത്യു, ഫിലാഡൽഫിയ മേയർ സ്ഥാനാർത്ഥി ഡേവിഡ് ഓ , ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ എന്നിവർ വിവിധ നഗരങ്ങളിൽ നിന്ന് മുഖ്യാതിഥികളായി എത്തി ചടങ്ങിനെ ധന്യമാക്കി.
അമേരിക്കയിലുടെനീളം വിവിധ നിയമ നിർവ്വഹണ വകുപ്പുകളെ പ്രതിനിധീകരിക്കുകയും വ്യത്യസ്ത പദവികൾ അലങ്കരിക്കുകയും ചെയ്യുന്ന 155-ലധികം മലയാളി ഓഫീസർമാരുടെ അംഗത്വമാണ് AMLEU സംഘടനക്കു ശക്തി പകരുന്നത്.
നേതൃത്വം: പ്രസിഡന്റ് – ലഫ്റ്റനന്റ് നിധിൻ എബ്രഹാം (ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ്), വൈസ് പ്രസിഡന്റ് – ഡിപ്പാർട്ട്മെന്റ് ചീഫ് ഷിബു സാമുവൽ (ടകോമ പാർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ്) , സെക്രട്ടറി – ലഫ്റ്റനന്റ് നോബിൾ വർഗീസ് (NY – NJ പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ്), ട്രഷറർ – കോർപ്പറൽ ബ്ലെസൻ മാത്യു (ഫിലഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെന്റ്), സർജന്റ്-അറ്റ്-ആംസ് – ഡാനി സാമുവൽ, സൂപ്പർവൈസറി സ്പെഷ്യൽ ഏജന്റ് – NY ഫീൽഡ് ഓഫീസ് എന്നിവരാണ് അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡിനു ചുക്കാൻ പിടിക്കുന്നത്.
വിവിധ സംഘടനകളിൽ നിന്നുള്ള നിരവധി എക്‌സിക്യൂട്ടീവ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മലയാളി സംഘടനകളുമായുള്ള AMLEU ന്റെ സജീവമായ സഹകരണവും നേതൃത്വം വാഗ്ദാനം ചെയ്തു. കമ്മ്യൂണിറ്റിയിൽ നിയമപാലകരുടെ പിന്തുണ വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും ആഘോഷവേളയിൽ സേനാ അംഗങ്ങൾ ഉയർത്തിക്കാട്ടി.