സുമനസ്സുകളുടെ കാരുണ്യത്താൽ അനാഥത്വം വഴിമാറി; സഞ്ചന മോളുടെ മൂന്നാം ജന്മദിനം ആഘോഷിച്ചു

പുറക്കാട്: സഞ്ചന മോളുടെ മൂന്നാം ജന്മദിനം ആഘോഷിക്കുന്നതിന് അനാഥത്വം തടസ്സമായില്ല. 2021 ജൂൺ 6ന് ആണ് സഞ്ചനയുടെ അമ്മ ജയന്തി കോവിഡ് ബാധിച്ച് മരണമടഞ്ഞത്. എടത്വ പാണ്ടങ്കരി പനപറമ്പിൽ ജയന്തൻ്റെയും വത്സലകുമാരിയുടെ മകൾ ആയിരുന്നു ജയന്തി. ജയന്തിയും മകളും താമസിച്ചിരുന്നത് മാതാപിതാക്കളോടൊപ്പം വാടക വീട്ടിലായിരുന്നു. ജയന്തി മരിക്കുമ്പോൾ സഞ്ജനയ്ക്ക് 6 മാസം പ്രായം മാത്രമാണ് ഉണ്ടായിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ജൂൺ 12ന് ജയന്തിയുടെ പിതാവിൻ്റെ ജീവനും കോവിഡ് അപഹരിച്ചു. വാടക കൊടുക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ജയന്തിയുടെ അമ്മ ചെറുമകൾ സഞ്ചനയോടൊപ്പം പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലേക്ക് താമസം മാറ്റി.

ഇവരുടെ ദുരിത കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സൗഹൃദ വേദി രണ്ടര വർഷം മുമ്പ് സഹായഹസ്തവുമായി എത്തിയത്. സഞ്ചനയുടെ അമ്മ ജയന്തിയുടെ മരണം കോവിഡ് മരണ പട്ടികയിൽ ഇടം പിടിക്കാഞ്ഞതിനെ തുടർന്ന് സൗഹൃദ വേദിയുടെ ഇടപെടലിലൂടെ ആലപ്പുഴ ജില്ലാ ലീഗൽ സർവീസ് സെക്രട്ടറി സബ് ജഡ്ജ് ജലജ റാണിയുടെ നിർദ്ദേശപ്രകാരമാണ് കോവിഡ് മരണപട്ടികയിൽ ജയന്തിയുടെ പേര് ഇടം പിടിച്ചത്.

മൂന്നാം ജന്മദിനമായ ഇന്ന് സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ എൻ. ജെ.സജീവ്, സുരേഷ് ദാമോദരൻ, സാം വി. മാത്യൂ, ബാബു വഞ്ചിപുരയ്ക്കൽ എന്നിവർ എത്തി കേക്ക് മുറിച്ച് മൂന്നാം ജന്മദിനം ആഘോഷിച്ച് സമ്മാനങ്ങൾ കൈമാറി.

തല ചായ്ക്കുവാനൊരിടം സ്വന്തമായി ഇല്ലാത്ത ഇവർക്ക് സുമനസ്സുകളുടെ സഹായത്തോടെ തക്കതായ ജീവിതസൗകര്യം ഒരുക്കി കൊടുക്കുകയാണ് സൗഹൃദ വേദിയുടെ അടുത്ത ലക്ഷ്യം. ഭർത്താവിൻ്റെ മരണശേഷം ഇതുവരെ വിധവ പെൻഷൻ പോലും ലഭിച്ചിട്ടില്ല. എടത്വ ഗ്രാമ പഞ്ചായത്തിൻ്റെ പരിധിയിൽ സ്ഥിരതാമസമല്ലാത്തതിനാൽ ക്ഷേമ പെൻഷന് ആനുകൂല്യം അനുവദിക്കുന്നതിന് നിർവാഹമില്ലായെന്നാണ് എടത്വ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്. സ്വന്തമായി വസ്തു ഇല്ലാത്തതിനാൽ ലൈഫ് ഭവന പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ല. ഭർത്താവ് നഷ്ടപെടുകയും അമ്മയുടെ വാത്സല്യം കൈവിട്ടു പോയ കുഞ്ഞുമായി വത്സല ഇപ്പോൾ സഹോദരൻ്റെ സംരംക്ഷണയിലാണ് കഴിയുന്നത്.

സഞ്ചന മോളുടെ മുത്തച്ഛി വത്സലയുടെ അക്കൗണ്ട് നമ്പർ.
State Bank of India. 67228354079,
Edathua Branch,
IFSC.SBIN0070096.

Print Friendly, PDF & Email

Leave a Comment

More News