ന്യൂഡൽഹി : ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസിന്റെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി മീനാകാശി ലേഖി.
ഇസ്രായേലിലെ ഇന്ത്യക്കാരെക്കുറിച്ച് ഇന്നലെ രാത്രി തനിക്ക് നിരവധി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
“ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യയിലെ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഞങ്ങളുടെ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ വിദേശത്തുള്ള പൗരന്മാരെ വിജയകരമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
“ഓപ്പറേഷൻ ഗംഗയായാലും വന്ദേ ഭാരതായാലും ഞങ്ങൾ എല്ലാവരേയും തിരികെ കൊണ്ടുവന്നു, സർക്കാരും പ്രധാനമന്ത്രിയുടെ ഓഫീസും നേരിട്ട് ബന്ധപ്പെടുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,” അവർ പറഞ്ഞു.
ആക്രമണത്തെത്തുടർന്ന് ഇസ്രയേലിലെ നിരവധി ഇന്ത്യൻ വിദ്യാർത്ഥികളെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ അഭിപ്രായം.
ഇന്ത്യൻ വിദ്യാർത്ഥികളെയും പൗരന്മാരെയും കൂടാതെ, തീർത്ഥാടനത്തിനായി ജറുസലേമിലേക്ക് പോയ മേഘാലയയിൽ നിന്നുള്ള 27 പേർ ബെത്‌ലഹേമിൽ കുടുങ്ങിക്കിടക്കുകയാണ്.
ജറുസലേമിലേക്കുള്ള വിശുദ്ധ തീർത്ഥാടനത്തിനായി യാത്ര ചെയ്ത മേഘാലയയിലെ 27 പൗരന്മാർ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ബെത്‌ലഹേമിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വിവരങ്ങൾ പങ്കുവെച്ചുകൊണ്ട്, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മ X-ൽ എഴുതി. അവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഞാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ സുരക്ഷിതരായിരിക്കണമെന്നും സഹായം ആവശ്യമെങ്കില്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേലിൽ ഏകദേശം 18,000 ഇന്ത്യൻ പൗരന്മാരുണ്ട്. കൂടുതലും വജ്രവ്യാപാരികൾ, ഐടി പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, മുതിര്‍ന്നവരെ പരിചരിക്കുന്നവരുമാണെന്ന് ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റില്‍ പറയുന്നു.
ശനിയാഴ്ച ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 300 ഓളം ഇസ്രായേൽ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു, 1000 ത്തിലധികം പേർക്ക് പരിക്കേറ്റു. ഇസ്രായേലിന്റെ തിരിച്ചടിയിൽ 230 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹമാസ് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗ്രൂപ്പിന്റെ ഗാസ ഒളിത്താവളങ്ങൾ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു.