ഫലസ്തീനികളുടെ ദൃഢനിശ്ചയം ഇസ്രയേൽ ഭരണത്തിനെതിരായ അന്തിമ വിജയത്തെ വിളിച്ചറിയിക്കുന്നതായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പറഞ്ഞു.
ഫലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനം ഓപ്പറേഷൻ അൽ-അഖ്സ ആരംഭിച്ചതിന് ഒരു ദിവസം കഴിഞ്ഞ് ഞായറാഴ്ച ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായിൽ ഹനിയയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് റെയ്സി ഇക്കാര്യം പറഞ്ഞത്.
“അധിനിവേശ പ്രദേശങ്ങളിൽ ഫലസ്തീൻ പോരാളികളുടെ മുന്നേറ്റത്തിലൂടെ സംഭവിച്ചത് ഫലസ്തീൻ രാഷ്ട്രത്തിന്റെയും ഇസ്ലാമിക ഉമ്മത്തിന്റെയും 70 വർഷത്തെ പ്രതീക്ഷയുടെ സാക്ഷാത്കാരമാണ്,” ഇറാൻ പ്രസിഡന്റ് പറഞ്ഞു.
മുസ്ലിംകളുടെ ആദ്യത്തെ ‘ഖിബ്ല’ ആയ അൽ-അഖ്സ പള്ളിയിൽ എല്ലാ മുസ്ലീം രാജ്യങ്ങളും ഒരുമിച്ച് പ്രാർത്ഥിക്കുമെന്ന് റെയ്സി പറഞ്ഞു.
ധീരമായ ഫലസ്തീൻ ഓപ്പറേഷനെ പ്രസിഡന്റ് പ്രശംസിക്കുകയും മുസ്ലീം രാഷ്ട്രങ്ങൾ പലസ്തീൻ ചെറുത്തുനിൽപ്പിന്റെ അന്തസ്സിനെ ബഹുമാനിക്കുന്നതായും പറഞ്ഞു.
ഇസ്രായേലിന്റേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഫലസ്തീന് പോരാളികൾക്ക് ആനുപാതികമായ സൈനിക ഉപകരണങ്ങളും സൗകര്യങ്ങളും ഇല്ലെങ്കിലും ഝടുതിയില് നടത്തിയ ഓപ്പറേഷനിൽ ഭരണകൂടത്തിന്റെ സന്തുലിതാവസ്ഥ തകർക്കുന്നതിൽ അവർ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ അൽ-അഖ്സ ആക്രമണത്തിന്റെ ഫലമായി 700-ലധികം ഇസ്രായേലി കുടിയേറ്റക്കാരും സൈനികരും കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നു. 2,100-ലധികം ഇസ്രായേലികൾക്കും പരിക്കേറ്റിട്ടുണ്ട്. ഏകദേശം 750 ഇസ്രായേലി സൈനികരെയും കുടിയേറ്റക്കാരെയും കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ഫലസ്തീൻ ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ, ഗാസയിൽ കുടിയേറ്റക്കാരും സൈനികരും ബന്ദികളാക്കിയതായി ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ, കൃത്യമായ എണ്ണം വ്യക്തമാക്കാൻ വക്താവ് വിസമ്മതിച്ചു.
ഗാസ സ്ട്രിപ്പിലെ ആശുപത്രി അധികൃതർ 370-ലധികം ഫലസ്തീനികളുടെ മരണവും 2,200 ഓളം പേർക്ക് പരിക്കേറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലിന്റെ കനത്ത ബോംബാക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും പൊതു സൗകര്യങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.