ന്യൂയോർക്ക്: ലെബനനിലെ തീവ്രവാദി ഹിസ്ബുള്ള ഗ്രൂപ്പ് ബുധനാഴ്ച ഇസ്രായേലിനെ പിന്തുണച്ചതിന് യു എസിനെതിരെ ആഞ്ഞടിച്ചു. ഇസ്രയേലിലേക്ക് വിമാനവാഹിനിക്കപ്പലുകള്‍ അയച്ചാല്‍ ഞങ്ങളുടെ ആളുകളെയോ ഏറ്റുമുട്ടലിന് തയ്യാറായ പ്രതിരോധ പ്രസ്ഥാനങ്ങളെയോ ഭയപ്പെടുത്തുകയില്ല എന്നും മുന്നറിയിപ്പ് നല്‍കി.
“സയണിസ്റ്റ് ആക്രമണത്തിന്റെ പൂർണ്ണ പങ്കാളിയാണ് അമേരിക്ക. കൊലപാതകങ്ങൾ, കുറ്റകൃത്യങ്ങൾ, ഉപരോധം, വീടുകൾ നശിപ്പിക്കൽ, നിരപരാധികളായ സാധാരണക്കാർക്കെതിരായ ഭയാനകമായ കുറ്റകൃത്യങ്ങൾ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ എന്നിവയ്ക്ക് പൂര്‍ണ്ണ ഉത്തരവാദികളാണവര്‍,” ഹിസ്ബുള്ള പറഞ്ഞു.
യുദ്ധ മേഖലയിലേക്ക് ഒരു വിമാനവാഹിനിക്കപ്പൽ അയക്കുന്നത് ഇസ്രായേൽ സൈന്യത്തിന്റെ ബലഹീനതയും അവര്‍ക്ക് ലഭിക്കുന്ന തുടർച്ചയായ വിദേശ പിന്തുണയുടെ ആവശ്യകതയേയും വെളിപ്പെടുത്തുന്നതാണെന്നും സംഘം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഇസ്രായേൽ “കൊലപാതക യന്ത്ര”ത്തിന് പ്രസിഡന്റ് ജോ ബൈഡന്റെ “പ്രത്യക്ഷ” പിന്തുണയെ ഹിസ്ബുള്ള വിമർശിച്ചു. കൂടാതെ, മേഖലയിലെ അമേരിക്കയുടെ ഇടപെടലിനെ അപലപിക്കാൻ അറബ്, മുസ്ലീം രാഷ്ട്രങ്ങളോട് ആഹ്വാനവും ചെയ്തു.