തിരുവനന്തപുരം: ഓസ്‌ട്രേലിയയുടെ നോർത്തേൺ ടെറിട്ടറി ഉപമുഖ്യമന്ത്രി നിക്കോൾ മാന്നിസണിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, വ്യാപാരം, ആരോഗ്യം, സാമ്പത്തിക വികസനം എന്നിവയുൾപ്പെടെയുള്ള സഹകരണത്തിന്റെ സാധ്യതയുള്ള മേഖലകൾ ചർച്ച ചെയ്തു.
സാങ്കേതിക വൈദഗ്ധ്യവും മികച്ച പ്രൊഫഷണൽ യോഗ്യതയും ഉള്ള വിദ്യാസമ്പന്നരായ തൊഴിൽ ശക്തിയാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിൽ ഉൾപ്പെടെ നിരവധി മലയാളികൾ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽ ശക്തി പരിശീലനവും വികസനവും ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം, സാങ്കേതിക, തൊഴിൽ വിദ്യാഭ്യാസം, പരിശീലനം എന്നിവയിലെ സഹകരണവും ചർച്ചയിൽ ഉയർന്നു.
ഓസ്‌ടേലിയയിൽ കസ്റ്റംസ് തീരുവയിലുണ്ടായ കുറവ് കയറ്റുമതി മേഖലയ്ക്ക് വലിയ അവസരങ്ങൾ സൃഷ്ടിക്കും. റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ഉണർവേകും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള ക്രിയാത്മക സഹകരണവും പരിശോധിക്കും. ക്രിട്ടിക്കൽ മിനറൽസ് മേഖലയിലെ സഹകരണ സാധ്യതയും യോഗം ചർച്ച ചെയ്തു.
ചെന്നൈയിലെ ഓസ്‌ട്രേലിയൻ കോൺസുൽ ജനറൽ ശരത് കിർല്യു, അഡ്വൈസർമാരായ ആമി സെൻക്ലയർ, ജയാ ശ്രീനിവാസ്, വ്യവസായ വാണിജ്യ ടൂറിസം വകുപ്പ് സി.ഇ.ഒ ഷോൺ ഡ്രാബ്ഷ്, ചീഫ് സെക്രട്ടറി ഡോ. വേണു വി, വ്യവസായ- നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.
പിആര്‍ഡി, കേരള സര്‍ക്കാര്‍