ബെംഗളൂരു: ആദായനികുതി വകുപ്പ് വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടെടുത്തു. കരാറുകാരന്റെയും മുൻ കോൺഗ്രസ് കൗൺസിലർ ഉൾപ്പെടെയുള്ളവരുടെയും വീട്ടിൽ നടത്തിയ റെയ്ഡിൽ കാർഡ്ബോർഡ് കൊണ്ട് നിർമ്മിച്ച വിവിധ പെട്ടികളിൽ കോടിക്കണക്കിന് രൂപ നിറച്ച നിലയിൽ കണ്ടെത്തിയതാണ് ആദായനികുതി വകുപ്പിനെ ഞെട്ടിച്ചത്.
മുൻ കോൺഗ്രസ് കൗൺസിലറുടെ വസതിയിലും ബന്ധുക്കളുടെ ഫ്ളാറ്റിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആർടി നഗറിലെ രണ്ടിടങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മുൻ കൗൺസിലർ അശ്വത്ഥമ്മയുടെ ബന്ധുവിന്റെ ഫ്ളാറ്റിൽ നിന്നാണ് പണം കണ്ടെടുത്തത്. ആർടി നഗറിലെ ആത്മാനന്ദ് കോളനിയിൽ കാർഡ്ബോർഡ് പെട്ടികളിൽ പാക്ക് ചെയ്ത നിലയിൽ കണ്ടെത്തിയ കോടിക്കണക്കിന് രൂപ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
നേരത്തെ മല്ലേശ്വരം, സദാശിവ നഗർ, ഡോളർ കോളനി, മത്തികെരെ, സർജാപുര റോഡ് തുടങ്ങി നഗരത്തിന്റെ പത്തിലധികം പ്രദേശങ്ങളിലെ ജ്വല്ലറികളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ജ്വല്ലറികളുടെ രേഖകൾ പരിശോധിച്ചിരുന്നു. കഴിഞ്ഞയാഴ്ച സ്വർണാഭരണങ്ങൾ വിൽക്കുന്നവരിൽ വകുപ്പ് ഉദ്യോഗസ്ഥർ സമാനമായ രീതിയിൽ ഐടി റെയ്ഡ് നടത്തിയിരുന്നു.