കൊല്ലം: ചിരവ കൊണ്ട് തലയ്ക്കടിച്ച ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി
കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശാസ്താംകോട്ട രാജഗിരി അനിതാഭവനില്‍ ആഷ്‌ലി സോളമനെ (50) യാണ് കൊല്ലം
അഡീഷണല്‍ സെഷന്‍സ് ജഡ്മി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.
ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്റായിരുന്ന പ്രതി കേസിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു.
2018 ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്ദമായ സംഭവം നടന്നത്. സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപികയായ ഭാര്യ അനിത
സ്റ്റീഫനാണ് കൊല്ലപ്പെട്ടത്. അനിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ആഷ്‌ലി സോളമന്‍ അവരെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അനിതയുടെ സുഹൃത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. തുടര്‍ന്ന് അനിതയോട് ഒക്ടോബര്‍ 9ന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടു.
അന്ന് ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയ പ്രതി ഭാര്യയെ ചിരവ കൊണ്ട് തലയ്ക്കടിക്കുകയും ചുരിദാര്‍ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മുന്നാം ദിവസമാണ് പോലീസ് പിടികൂടിയത്.
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുററക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ചിരവയിലും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഷാളിലും പ്രതിയുടെയും കൊല്ലപ്പെട്ട അനിതയുടെയും രക്തം കണ്ടെത്തിയതാണ് പ്രധാന തെളിവ്.