ജറുസലേം: ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ മുറാദ് അബു മുറാദ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഗാസയിലെ ആസ്ഥാനത്ത് വ്യോമാക്രമണത്തില്‍ അബു മുറാഥ് കൊല്ലപ്പെട്ടതായാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഹമാസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേലിനെതിരായ ആക്രമണത്തിന് ആവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും ഹമാസിന് നല്‍കിയത് അബു മുറാദാണ്.
അതേസമയം, സൈന്യത്തിന്റെ ആക്രമണത്തിന് മുമ്പ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വടക്കന്‍ ഗാസയിലെയും ഗാസ
സിറ്റിയിലെയും ജനങ്ങള്‍ക്ക് ഇസ്രായേല്‍ അന്ത്യശാസനം നല്കി. 24 മണിക്കൂറിനുള്ളില്‍ 11 ലക്ഷത്തിലധികം ആളുകളാണ് ഒഴിയാന്‍ ആവശ്യപ്പെട്ടത്. നാല്പത് കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് നീങ്ങാനാണ് ഉത്തരവ്. അഭയാര്‍ത്ഥി പ്രവാഹം ഭയന്ന് ഈജിപ്ത് അതിര്‍ത്തി അടച്ചു.
ഹമാസ് ഭീകരര്‍ ഭൂഗര്‍ഭ അറകളിലും ജനവാസ കേന്ദ്രങ്ങളിലെ വീടുകളിലും ഒളിച്ചിരിക്കുന്നതായി ഇസ്രായേല്‍ പറയുന്നു. ഗാസയെ ഇസ്രായേലിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, എന്നാല്‍ ഹമാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയതിന് ശേഷമേ പിന്മാറൂവെന്നും ഇസ്രായേല്‍ സൈന്യം കൂട്ടിച്ചേര്‍ത്തു. യുഎന്‍ ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് മാറ്റി.
കഴിഞ്ഞ ശനിയാഴ്ച ഹമാസ് രാജ്യത്തേക്ക് കടന്ന് അപ്രതീക്ഷിത ആക്രമണം നടത്തിയതോടെ ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിക്കുകയും ഗാസയില്‍ വ്യോമാക്രമണം ആരംഭിക്കുകയും ചെയ്തു. ഗാസയില്‍ ഇതുവരെ 1500 പേര് കൊല്ലപ്പെട്ടു. ഇസ്രായേലില്‍ 1300 പേര് വെടിവെപ്പിലും റോക്കറ്റാക്രമണത്തിലും കൊല്ലപ്പെട്ടു. ഇന്നലെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് സൂഫ ഓട്ട്പോസ്റിലേക്ക് ഇരച്ചുകയറുകയും 250 ഓളം ബന്ദികളെ മോചിപ്പിക്കുകയും ചെയ്തു. അറുപതോളം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.