ടെഹ്‌റാന്‍: പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര നിര്‍മ്മാതാവ് ദാരിയുഷ് മെഹര്‍ജുയിയെയും ഭാര്യ വഹിദെ മുഹമ്മദിഫറിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അജ്ഞാതനായ അക്രമി ഇവരെ വീട്ടില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴുത്തില്‍ കത്തികൊണ്ട് മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് സംവിധായകനും ഭാര്യയും താമസിക്കുന്നത്. മാതാപിതാക്കളെ കാണാന്‍ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകള്‍ മോണ മെഹര്‍ജുയി മൃതദേഹം കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ വധഭീഷണി നേരിട്ടതിനെ തുടര്‍ന്ന് വഹിദെ സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ പോലീസ്
അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ സിനിമാ മേഖലയ്ക്ക് മെഹര്‍ജുയി നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1970 കളുടെ തുടക്കത്തില്‍ ഇറാനിലെ നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ സഹസ്ഥാപകനായാണ് 83 കാരനായ മെഹര്‍ജുയി അറിയപ്പെടുന്നത്. 1960 കളില്‍ ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം സിനിമാ നിര്‍മ്മ്മ്മാണം പഠിച്ചത്. 1969ല്‍ പുറത്തിറങ്ങിയ ‘ദ കൗ’ എന്ന സിനിമയാണ് ഇറാനില്‍ നവതരംഗ പ്രസ്ഥാനത്തിന് തുടക്കമിട്ടത്.
1993-ലെ സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ സീഷെല്‍ അവാര്‍ഡും 1998-ലെ ഷിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ അവാര്‍ഡും ഉള്‍പ്പെടെ സിനിമാ മേഖലയില്‍ മെഹര്‍ജുയിക്ക് നിരവധി അംഗീകാരങ്ങള്‍
ലഭിച്ചിട്ടുണ്ട്. 2015ല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.