കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ അനുവദിച്ചതും നിയന്ത്രിച്ചതും സി.പി.എമ്മിന്റെ രാഷ്ട്രീയ ഉപസമിതിയും പാര്‍ലമെന്ററി കമ്മിറ്റിയുമാണെന്ന് ഇ.ഡി. ബാങ്ക് ഡയറകടര്‍ ബോര്‍ഡിന് പുറമെ നയപരമായ കാര്യങ്ങളും സിപിഎമ്മാണ് തീരുമാനിച്ചിരുന്നതെന്നും ഇ ഡി പറഞ്ഞു.
വായ്പ അനുവദിക്കുന്നതിന് പ്രത്യേക മിനിറ്റ്‌സ് ബുക്ക് സൂക്ഷിച്ചിട്ടുണ്ടെന്നും ഇഡിയുടെ പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ എം.കെ. ബിജുവും സെക്രട്ടറി സുനില്‍കുമാറും ഇക്കാര്യം സമ്മതിച്ചിരുന്നു. ഉന്നത സി.പി.എം നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പലര്‍ക്കും അനധികൃത വായ്പ അനുവദിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള (പിഎംഎല്‍എ) അന്വേഷണത്തിലും തട്ടിപ്പുകള്‍ കണ്ടെത്തി. ഭരണസമിതി
അംഗങ്ങളും ഉദ്യോഗസ്ഥരും അനുവദിച്ച വായ്പയുടെ ഭൂരിഭാഗവും പണമായി മാറ്റി. നിയമവിരുദ്ധമായ ഇടപാടുകള്‍
ശിക്ഷാര്‍ഹമാണ്. പണം കൈമാറ്റം സംബന്ധിച്ച് ബാങ്ക് ജീവനക്കാരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും മൊഴി നല്‍കിയിട്ടുണ്ട്.
2022 ഓഗസ്റ്റ് 25-ന് നടത്തിയ റെയ്ഡില്‍ ബാങ്കില്‍ അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു. വായ്പ നല്‍കാനായി നിക്ഷേപകരുടെ പണം അനധികൃതമായി വകമാറ്റി. 1989-ലെ കേരള സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് വായ്പ നല്‍കിയത്. ഈ സാഹചര്യം കാരണം നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്നില്ല.
വായ്പ അനുവദിക്കുന്നതിന് മുമ്പ് പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറിയും അപേക്ഷകന് തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ എന്നതുള്‍പ്പടെയുള്ള രേഖകള്‍ പരിശോധിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. പി.പി.കിരണ്‍, സി.എം.റഹീം, എം.കെ.ഷിജു, എ.സി.മൊയ്തീന്‍, പി.സതീഷ് കുമാര്‍, എസ്. ദീപക്, കെ.കെ.സുനില്‍കുമാര്‍ എന്നിവരുടെ വീടുകളില്‍ നടത്തിയ
റെയ്ഡിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തത്.
ലക്ഷങ്ങളുടെ ഇടപാടുകളാണ് അരവിന്ദാക്ഷന്‍ നടത്തിയത്
അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍ മൂന്ന് ബാങ്കുകള്‍ വഴി
ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. 68,75,900 രൂപയുടെ ഇടപാടുകളാണ് എസ്ബിഐയില്‍ നടന്നത്. പെരിങ്ങണ്ടുര്‍ സഹകരണ ബാങ്കിലെ രണ്ട് അക്കാണ്ടുകളിലൂടെ 1.02 കോടിയുടെ ഇടപാടുകള്‍ നടത്തി. അരവിന്ദാക്ഷന്റെ പേരില്‍ 39 ലക്ഷം രൂപ പി സതീഷ് കുമാര്‍ നിക്ഷേപിച്ചിട്ടുണ്ട്.
ഇ ഡി പിടിച്ചെടുത്തവ:
ഭൂമി പ്ലോട്ടുകള്‍: 118
ബാങ്ക് അക്കുണ്ടുകള്‍: 89
വാഹനങ്ങള്‍: 1
ആകെ മൂല്യം: 57,82,67,173 രൂപ
അതിനിടെ, ബാങ്ക് തട്ടിപ്പ് സി.പി.എം ഉന്നത നേതാക്കളുടെ ശിപാര്‍ശ പ്രകാരമാണെന്ന് ഇ.ഡി കണ്ടെത്തിയ സാഹചര്യത്തില്‍
സി.പി.എം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പരാതി നല്‍കി. ഇത് സംബന്ധിച്ച് ഡിജിപി, തൃശൂര്‍ എസ്പി, ഇരിങ്ങാലക്കുട എസ്‌എച്ച്‌ഒ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
എ സി മൊയ്തീന്‍, പി കെ ബിജു, സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, സി കെ ചന്ദ്രന്‍, പി കെ ഷാജന്‍ എന്നിവര്‍ക്കെതിരെയാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ കണ്ടെത്തിയ നിയമവിരുദ്ധ കുറ്റകൃത്യങ്ങള്‍ പാര്‍ട്ടി മൂടിവയ്ക്കുകയും നിയമസംവിധാനത്തെ അറിയിക്കാതിരിക്കുകയും ചെയുന്നത് കുറ്റകരമാണ്. കൊള്ളയില്‍ സി.പി.എം ഉള്‍പ്പെട്ടിരിക്കുന്നത് പാര്‍ട്ടിയുടെ അംഗീകാരം പോലും നഷ്ടപ്പെടുത്തുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.