ഇതു പണ്ടു നടന്ന കഥയാണ്, എന്റെ കൗമാരകലത്ത്. മത്തായി പുറപ്പെട്ടു പോയി. പോയതെങ്ങോട്ടാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. തെക്കോട്ടോ, വടക്കോട്ടോ? ബോട്ടില്‍ കയറിയാല്‍ തെക്ക് ആലപ്പുഴ എത്താം. അല്ലേല്‍ വടക്കോട്ടു പേയാല്‍ കോട്ടയത്തെത്താം. അക്കാലത്ത് ആര് അതൊക്കെ അതന്വേഷിക്കാന്‍!
ങാ, എങ്ങോട്ടേലും പോട്ടെ, കൊള്ളരുതാത്തവന്‍. അല്ലേലും ഇവിടെ നിന്നാ നന്നാവില്ല. അന്യ സ്ഥലത്തെങ്കിലും പോയി പെഴക്കട്ടെ. ചാക്കോയുടെ ഏഴു പെമ്പിള്ളേരുടെ താഴെയുള്ള ഏക പുത്രനാണ് മത്തായി, പീലിപ്പോസ് ചേട്ടന്റെ പൗത്രനും. അപ്പന്‍ ചാക്കോക്കും, വല്ല്യപ്പന്‍ പീലിപ്പോസ് ചേട്ടനും അതേപ്പറ്റി ദുഃഖമുണ്ടായില്ല, മറിച്ച് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു, അവന്‍ പോയി രക്ഷപ്പെടട്ടെയെന്ന്.
പുറപ്പെട്ടു പോയ ചിലരൊക്കെ കോടീശ്വരരായി തിരിച്ചു വന്ന ചരിത്രം എന്റെ ഗ്രാമത്തിനുണ്ട്. പാക്കു മോഷണം നടത്തി വന്ന ഭാര്‍ഗ്ഗവന്‍ ഒരു മുതലാളിയുടെ അടികൊണ്ട് രായ്ക്കുരാമാനം ഒളിച്ചോടി. പിന്നെ കാലമതു മറന്നു. ഒരു പത്തു വര്‍ഷം കഴിഞ്ഞ് അവന്‍ തിരിച്ചുവന്നു, ഭാര്‍ഗ്ഗവന്‍ മുതലാളിയായി. ഭാര്‍ഗ്ഗവന്‍ പുറപ്പെട്ടു പോകുമ്പോള്‍ വയസ് പതിനാറ്, തിരികെ എത്തുബോള്‍ ഇരുപത്താറ്. ഭാര്‍ഗ്ഗവന്‍ തന്നെയല്ലവന്നത്, ഒരു അരുമയാന തങ്കച്ചിയേം കൂട്ടി.
തമിള്‍ പെണ്‍കൊടി, വൈജയന്തിമാലയുടെ സൗന്ദര്യം ആ കാക്കക്കറുമ്പിക്കുണ്ടന്ന് നാട്ടുകാര്‍ അന്ന് വിലയിരുത്തി. ഞാനും മത്തായിയും, ഞങ്ങള്‍ സമപ്രായക്കാരാണ്, ഒന്നാം തരം മുതല്‍ ഒന്നിച്ചു പഠിച്ചവര്‍. പക്ഷേ , മത്തായി അഞ്ചാം ക്ലാസിലെത്തിയപ്പോള്‍ പഠിപ്പു നിര്‍ത്തി. അവന്റെ കുഴപ്പമല്ല. അപ്പന്‍ ചാക്കോ പറഞ്ഞു – ഇനി പഠിക്കണ്ടാ, അല്ലേത്തന്നെ പഠിച്ചിട്ട് എന്തോന്നു ഗുണം!
പെമ്പിള്ളേരേഴാ, അവരെയൊക്കെ കെട്ടിച്ചുവിടണം. ഇനി നീ എന്റെ കൂടെ നിന്ന് ഒഴവ് പഠിക്ക്. ചാക്കോയാണ് നാട്ടുകാരുടെ ഒഴവ് നടത്തുന്നതില്‍ പ്രമാണി. ഒരേറ് കന്ന്, അതാണ് ചാക്കോയുടെ മൂലധനം. ചാക്കോയുടെ അപ്പന്‍ പീലിപ്പോസു ചേട്ടന്‍ ഞങ്ങടെ കൃഷീടെ മേല്‍നോട്ടക്കാരനും. ചേട്ടന്‍ അഭ്യാസിയാണ്.
അദ്ദേഹത്തിന്റെ ചെറുപ്പത്തി അദ്ദേഹവും ഒന്ന് പൊറപ്പെട്ടു പോയതാ. അന്നും ട്രയിനും ബസ്സും കാറുമൊന്നും എത്തീട്ടില്ല. കാളവണ്ടിയേക്കേറി കായംകുളം വരെ ഒന്നു പോയി. അക്കൂട്ടത്തി ഒരു മുസ്സലിയാരു പഠിപ്പിച്ചതാ അല്പം അടിതടേം അഭ്യാസോമൊക്കെ. മൂപ്പിലാന് പ്രായം എഴുപത്തഞ്ചിനു മേല്‍. വളഞ്ഞ വടി കുത്തിയാണ് നടത്തം. ആ വടി ഒരു അഭ്യാസ വടിയാണ്. അതൊന്നു കറക്കി ഒരുപടി പിടിച്ചൊന്നലക്കിയാല്‍ ഏതുഗ്രനും വീഴും. പീലിപ്പോസ് ചേട്ടനെ എല്ലാവര്‍ക്കും പേടിയും ബഹുമാനവുമാ. പെണങ്ങിയാല്‍ ചകിരി പിരിയുമ്പോലെയാന്നാ നാട്ടുകാരുടെ പറച്ചില്‍. പുള്ളിക്ക് എന്റെപ്പനെ പേടിയാ. കാരണം എന്റപ്പന്‍ തഹസീല്‍ദാരാ. അപ്പനോട് പീലിപ്പോസു ചേട്ടന്‍ മറുത്തൊന്നും പറേത്തുമില്ല.
എന്റെ സ്ഥിതി അറിയാല്ലോ. തഹസീല്‍ദാരുടെ മകനായതുകൊണ്ട് കഠിന നിയന്ത്രണമാണ്. പ്രേമിക്കാന്‍ പാടില്ല. പെണ്‍കുട്ടികളെ വികാരവായ്‌പ്പോടെ നോക്കി നില്‍ക്കാന്‍ പാടില്ല. പ്രത്യേകിച്ച്, ഭക്തയായ അമ്മക്ക് അതെല്ലാം പാപവുമാണ്. അല്ലേലും പണ്ടുമുതലേ പ്രേമത്തോട് അത്ര ഭ്രമമെനിക്കില്ല. മെനക്കേടാ, ചെലപ്പം വേലിചാടണം, മുള്ളുകമ്പി ഒണ്ടേല്‍ പോറി രക്തം വന്നെന്നിരിക്കും. ലൗ ലറ്റര്‍ കൊടുത്താലോ, കിട്ടിയാലോ അതും കുലുമാലാ. മാനനഷടം, ചൂരല്‍ പ്രയോഗം അതങ്ങനെ!
എങ്കിലും അയലത്തെ ശോശക്കുട്ടിയെ കാണുമ്പം എനിക്ക് വീര്‍പ്പുമുട്ടലുണ്ടാകും. അപ്പോഴൊക്കെ കാമദേവന്റെ പുഷ്പശരത്തെ ശപിച്ച് ഞാനാരു വിശുദ്ധനാകാന്‍ ശ്രമിക്കും. പക്ഷേ ഒന്നു പച്ച പരമാര്‍ത്ഥം. മത്തായീടെ ധീരമായ ലീലാവിലാസങ്ങള്‍ എന്നെ കോള്‍മയിര്‍കൊള്ളിക്കാറുണ്ടായിരുന്നു. പ്രേമിക്കാന്‍ കഴിയുന്നില്ലങ്കിലും അവന്‍ ഊളിയിട്ടു പോകുന്ന ശൃംഗാരലീലകളും, മറ്റു അനാശാസ്യങ്ങളും അവന്റെ വര്‍ണ്ണനയിലെങ്കിലും ഞാന്‍ ആസ്വദിച്ച് സായൂജ്യമടയുമായിരുന്നു. അവന്റെ എല്ലാ സൊഭാവോം ചീത്തയാന്ന് ചെലപ്പം എനിക്കുതോന്നും, ചെലപ്പം അല്ലെന്നും. അങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ എനിക്കിടക്കിടെ ഉണ്ടാകും. കട്ടൊളിച്ചുള്ള പൊടിവലി, ബീഡിവലി, കള്ളുകുടി, പ്രേമിക്കല്‍, പിന്നെ ചില ചില്ലറ പരിപാടികള്‍. ഇതൊന്നും ഞാന്‍ അവനില്‍നിന്ന് സ്വീകരിക്കാതിരുന്നത് ഒരുതരം പേടികൊണ്ടുതന്നെ. അതൊന്നും അക്കാലത്ത് എന്റെ വീട്ടി നടക്കേംമില്ലാരുന്നു.
അങ്ങനെ വളരെ യാഥാസ്ഥിതികനായി ദൈവവിശ്വാത്തില്‍ വളര്‍ന്ന എനിക്ക് അതൊക്കെ നിഷിദ്ധവും, താലപര്യമില്ലായിരുന്നതായി ഞാന്‍ തന്നെ എന്റെ മനഃസാക്ഷിയെ വഞ്ചിച്ച് പ്രഖ്യാപിച്ചതാകാം.
പഴേ കഥേലോട്ടു പോയി ഭാര്‍ഗവന്റെ വിജയഗാഥയെപ്പറ്റി ഞാനൊന്നു ചിന്തിച്ചു. ഭാര്‍ഗ്ഗവന്‍ തന്നെയാണ് ആ കഥ ഗ്രാമീണര്‍ക്കു വിവരിച്ചത് – പാക്കു മോഷണത്തില്‍ പിടിക്കപ്പെട്ട ഭാര്‍ഗ്ഗവനെ അതിന്റെ ഉടമസ്ഥനായ മുതലാളി ആറു ബാറ്ററി ടോര്‍ച്ച് വെച്ചാണ് ഇടിച്ചത്. കുറ്റാക്കുറ്റിരുട്ടായിരുന്നു. വീണ്ടും ഇടി കൊള്ളാതിരിക്കാന്‍ ഉടുത്തിരുന്ന കൈലി പറിച്ചെറിഞ്ഞ് മുതലാളീടെ മുഖത്തെറിഞ്ഞ് വഴിതെറ്റിച്ചണ് ഭാര്‍ഗ്ഗവന്‍ രക്ഷപ്പെട്ടത്. ഉടുതുണിയില്ലാത്ത ഭാര്‍ഗ്ഗവന്‍ ഇടക്കിടെ തീപ്പട്ടി ഉരച്ച് വഴിതിട്ടപ്പെടുത്തി ഓടി. ഓട്ടത്തില്‍ വെളുത്തേടത്തി മീനാക്ഷീടെ അവിടെ എത്തി. ഭാഗ്യത്തിന് മീനാക്ഷീടെ മുറ്റത്തു നീട്ടിക്കെട്ടിയ അയയില്‍ കരക്കാര് അലക്കാന്‍ കൊടുത്ത തരാതരം വസ്ത്രങ്ങള്‍. വിലകൂടിയ ടെര്‍ലിന്‍, ടെറിക്കോട്ടണ്‍ ഷര്‍ട്ടുകള്‍, കരയുള്ള ഡബിള്‍ വേഷ്ടികള്‍! അതേലൊന്നങ്ങ് എടുത്തിട്ടു. കൂടെ ഒരു ടെര്‍ലിന്‍ ഷര്‍ട്ട്, ഒരു ടെറികോട്ടണ്‍ ഷര്‍ട്ട്, രണ്ട് കരയുള്ള ഡബിള്‍ വേഷ്ടി എന്നിവയും എടുത്തു. ഒരു വഴിക്കു പോകുകയല്ലേ, ഉടുതുണിക്ക് മറുതുണി വേണമല്ലോ.
എങ്കിലും വീണ്ടും നില്‍ക്കാതെ ഓടി. എവിടക്കയോ കൊടിച്ചി പട്ടികള്‍ കുരക്കുന്നുണ്ട്. ങാ, അവ നിന്നു കുരക്കട്ടെ. ഓടി ഓടി പന്നായിക്കടവിലെത്തി. പമ്പയാറ്റിലെ ചെങ്ങാടക്കാരും, കടത്തുവള്ളക്കാരും പോലുമുറങ്ങി. നേരം വെളുക്കണം. ബോട്ടോ ബസ്സോ വരാന്‍. ഭാഗ്യത്തിന് ഒരു കാളവണ്ടി വരുന്നു. പരുമലേന്ന് കപ്പേം കേറ്റി തിരുവല്ലാ ചന്തക്കു പോണ കാളവണ്ടി. ഭാര്‍ഗ്ഗവന്‍ റോഡിനു കുറുകെ നിന്നു. കാളവണ്ടി നിന്നു.
“എങ്ങോട്ടാടാ കൊച്ചനെ ഈ നട്ട പാതിരാക്ക്!” കാളവണ്ടിക്കാരന്റെ ചോദ്യം?
“എന്നെ ഒന്നു സഹായിക്കണം. അമ്മ സായിപ്പിന്റശൂത്രീല്‍ അന്ത്യശ്വാസം വലിച്ചു കിടക്കുന്നു.”
ദീനാനുകമ്പ തോന്നിയ കാളവണ്ടിക്കാരന്‍ സായിപ്പന്റെ ആശൂത്രിക്കു മുമ്പിലെന്നെ ഇറക്കി. അവിടന്നു നടന്ന് തിരുവല്ലാ ട്രയിന്‍ സ്‌റ്റേഷനീന്ന് മദ്രാസിനു കള്ളവണ്ടി കറി. ടിടിആര്‍ പിടിക്കാതിരിക്കാന്‍ ഇടക്കിടെ കക്കൂസി കേറി കതകു കുറ്റിയിട്ടിരുന്നു. മദ്രാസിലിറങ്ങി. കൊറേ കഷ്‌പ്പെട്ടു. പിന്നെ ഒരു തമിഴന്റെ റസ്‌റൊന്റി ചായയടിക്കാന്‍ കൂടി. ഒടുവി അയാടെ മകള് ഒരു തമിഴു തങ്കച്ചിയെ പ്രേമിച്ചു. തമിഴനതിഷ്ടമായി, ഒരു മലയാളി മരുകനെ കിട്ടിയതില്‍.
ഒടുവി തമിഴന്‍ മരിച്ചപ്പം സൊത്തെല്ലാം ഞങ്ങടതായി. അതാ ഭാര്‍ഗ്ഗവന്റെ കഥ. ഭാര്‍ഗ്ഗവന്‍ ഒരാഴ്ചകഴിഞ്ഞ് തിരിച്ച് പേകേം ചെയ്തു. അമ്പടാ, ഭാര്‍ഗ്ഗവന്റെ ഒരു ഭാഗ്യം! രണ്ടു കൊല്ലം കടന്നിട്ടും മത്തായിയെപ്പറ്റി ഒരു വിവരവുമില്ലാതിരുന്നപ്പോള്‍ ഒരു നട്ടുച്ച നേരത്ത് മത്തായി പ്രത്യക്ഷപ്പെട്ടു. അത്ഭുതം! അപ്പം ആറ്റിറമ്പത്തെ റോഡിലൂടെ ടൈറ്റ് പാന്റുമിട്ട് പോയന്‍ഡ് ഷൂവുമിട്ട് ഒരു പച്ചപരിക്ഷ്‌ക്കാരി പ്രത്യക്ഷപ്പെട്ടു, തമിഴു സിനമയിലെ കാതല്‍ മന്നന്‍ ജമിനി ഗണേശന്‍ സ്റ്റയിലില്‍.
ആറ്റിന്‍കടവത്ത്, റോഡിറമ്പില്‍ വളഞ്ഞ വടികുത്തിപ്പിടിച്ച് പീലിപ്പോസു ചേട്ടനും, ഞാനും നിന്നിരുന്നു. പള്ളിപ്പാട്ട്പുഞ്ചേന്ന് കൊയ്തുവന്ന കറ്റേം എറക്കുന്നിടത്ത്. ഒരു നിമിഷം ഞാനങ്ങനെ തരിച്ചു നിന്നപ്പം അവന്‍ ചോദിക്കുവാ-
“കുഞ്ചറിയാച്ചാ, എന്നെ അറിയത്തില്ലേ, പൊറപ്പെട്ടു പോയ മത്തായിയെ!”
ഞാം വാപൊളിച്ചുപോയി എന്നിട്ടോര്‍ത്തു-
ഇവന്‍ പതിനാറാം വയസ്സി പേയതാ. മീശ മൊളക്കാന്‍ തൊടങ്ങിയപ്പം. ഇപ്പം താണ്ട് പഴുതാര മീശേം വെച്ച് സിംപ്ലനായി എത്തീരിക്കുന്നു. മിടുമിടുക്കനായി. ഒരു പെണ്ണുകേസ്സി അടികൊണ്ട്, രായ്ക്ക്‌രാമാനം എറങ്ങിപൊറപ്പെട്ടു പോയോനാ. പെണ്ണു കേസ്സെന്നു പറയാമ്പറ്റത്തില്ല, പ്രേമത്തിന് കണ്ണില്ലന്നല്ലേ കവികള് പറേന്നെ. ഏതും പോരാത്ത അബ്കാരി അവറാച്ചന്റെ എട്ടും പൊട്ടും തിരിയാത്ത ഒരു പാവാടക്കാരി പെണ്ണിനെ ഇവന്‍ കേറി പ്രേമിച്ചു.
പലകുറി അവറാച്ചന് ഉഴാനും, പാടമൊരുക്കാനും ചെന്നപ്പഴാ ഇതു സംഭവിച്ചെ. കണ്ണില്‍ സ്വപ്‌നോമായി നടന്ന ആ പെങ്കൊച്ചാ ഇവനെ പറ്റിച്ചതെന്നാ ചിലര് പറേന്നെ. മറ്റ് ചിലര് അങ്ങനല്ല പറേന്നത്, ഇവന്‍, ഈ ഒഴുവുകാരന്റെ മകന്‍ കൈയ്യെത്ത ദൂരത്ത് കൊമ്പത്തിരിക്കുന്ന പെണ്ണിനെ പ്രേമിച്ചതാ കൊഴപ്പോന്ന്.
ഏതായാലും അവറാച്ചനിതറിഞ്ഞു. പിന്നെ നടന്നെതൊരു ഭൂകമ്പം! അവനെ മാവേല്‍ കെട്ടീട്ട് പൊതിരേ തല്ലി. അതു തീരാഞ്ഞ് ചാക്കോക്കിട്ടും രണ്ടു പെട പെടച്ചു, താക്കീതും കൊടുത്തു. ഇനി ഈ പ്രദേശത്തേക്ക് കണ്ടുപോകരുതെന്ന്! അന്നു രാത്രി മത്തായി സ്ഥലം വിട്ടതാ.
“മത്തായീ നീയങ്ങു മാറിപോയല്ലോടാ, എവിടാരുന്നു?”
മത്തായി കാതല്‍മന്നന്‍ സ്‌റ്റൈയിലൊന്നു ചിരിച്ചു മൊഴിഞ്ഞു…
“കോടമ്പക്കത്ത്, തമിഴ് പടത്തിലെ ഡൂപ്പാ! എന്നു പറഞ്ഞാ താരങ്ങള്‍ക്ക് ചായ വാങ്ങികൊടുക്കുന്ന ജോലി, പിന്നെ അഭിനയിക്കാനാളില്ലാതെ വരുമ്പം സ്‌റ്റെപ്പിനി!”
” കൊള്ളാല്ലോടാ, നീ കോളടിച്ചല്ലോടാ.”
അന്തിച്ചുനിന്ന പീലിപ്പോസ് ചേട്ടനോട് ഞാമ്പറഞ്ഞു-
“ദേ, ചേട്ടാ…. ചേട്ടന്റെ കൊച്ചുമോന്‍ മത്തായി! ഭാര്‍ഗ്ഗവനു ഭാഗ്യം വന്നപോലെ എത്തീരിക്കുന്നു.”
പീലിപ്പോസ് ചേട്ടന്‍ അന്തം വിട്ടുനിക്കുന്ന നേരത്ത് മത്തായി, കാതല്‍ മന്നന്‍ സ്‌റ്റൈലില്‍ ഒരൊറ്റ ചോദ്യം?
“അന്ത പെരിയപ്പനെന്ന സൗഖ്യമാനാ!”
അവന്റെ ചൊറിഞ്ഞ തമിഴ്‌കേട്ട് പീലിപ്പോസ് ചേട്ടന്‍ ദുര്‍വാസ്സാവിനെപ്പോലെ ഉറഞ്ഞുതുള്ളി…
“അപ്പം നീ മലയാളം മറന്നുപോയോടാ പട്ടിക്കഴു………മോനെ!!”
എന്നിട്ട് പീലിപ്പോസു ചേട്ടന്‍ ആ വളഞ്ഞ വടി എടുത്ത് മത്തായീടെ കഴുത്തിനു പിടിച്ച് ആറ്റിലേക്ക് ഒറ്റയേറ്!! ഞാന്‍ അന്തംവിട്ട് നിന്നുപോയി!!