തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഐടി നഗരമായ കഴക്കൂട്ടം ടെക്നോപാര്‍ക്ക് മഴക്കെടുതിയില്‍ വെള്ളത്തിനടിയിലായത് ഏവരും അമ്പരപ്പോടെയാണ് കാണുന്നത്. ഒന്നാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. താമസസ്ഥലത്ത് കുടുങ്ങിയ ടെക്കികളെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.
2018ലെ മഹാപ്രളയത്തിലും സുരക്ഷിത താവളമായിരുന്ന ടെക്നോപാര്‍ക്ക് വെള്ളത്തിനടിയിലാകാനുള്ള പ്രധാന കാരണം സമീപത്തെ തെറ്റിയാര്‍ നദി കരകവിഞ്ഞൊഴുകിയതാണ്. കഴക്കൂട്ടത്തെ 110 കെവി സബ്സ്റേഷന് വെള്ളത്തിനടിയിലായതിന്റെ കാരണവും ഇതാണ്.
തെറ്റിയാര്‍ പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന നിര്‍മാണങ്ങള്‍ ഭാവിയില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ബൈപ്പാസ് നിര്‍മാണ ഘട്ടത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രമുഖ ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍ പറഞ്ഞു.
തെറ്റിയാര്‍ പുഴയില്‍ മുന്‍പും വെള്ളം നിറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. സമീപകാലത്തുണ്ടായ
നിര്‍മാണങ്ങളാണ് വെള്ളപ്പൊക്കത്തിന് കാരണം. ബൈപാസ് നിര്‍മാണവും സമീപത്തെ പ്രധാന നിര്‍മാണങ്ങളും ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്.
സമീപത്തെ ഓടകളില്‍ പലതും അടഞ്ഞതായി നാട്ടുകാര്‍ പറയുന്നു. തെറ്റിയാര്‍ നദി അയിരുപ്പാറ, കാട്ടായിക്കോണം, വെട്ടുറോഡ് എന്നിവിടങ്ങളില്‍ നിന്ന് ഉത്ഭവിച്ച് കഴക്കൂട്ടത്ത് ഒരുമിച്ച് ഒഴുകുന്നു. കുളത്തുരിലൂടെയും പ൪ണ്ടുകടവിലൂടെയും ഒഴുകുന്ന തെറ്റിയാര്‍ നൂറടി പാലത്തിന് സമീപം ആക്കുളം കായലില്‍ ചേരുന്നു.
നദിയുടെ മുന്ന് കൈവഴികള്‍ സംഗമിക്കുന്ന കഴക്കൂട്ടം മുതല്‍ ഇരുകരകളിലുമായി നിരവധി നിര്‍മിതികള്‍ ഉണ്ട്. പലയിടത്തും പുഴ ചെറിയ കൈവഴികളായി മാറുകയും ചിലയിടങ്ങളില്‍ നികത്തുകയും ചെയ്തിട്ടുണ്ട്. കൗതുകകരമെന്നു പറയട്ടെ, എല്ലാ നിര്‍മ്മാണങ്ങളും നിയമപരമായി മാറിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തിനായി കല്ലിങ്കല്‍-കുശമുട്ടം സെക്ഷനില്‍ രണ്ടിടത്ത് തെറ്റിയാര്‍ പുഴ തിരിച്ചു വിട്ടിരുന്നു.
ഇന്ന് കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കുളത്തൂര്‍ മേഖലകളിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രം കൂടിയാണ് തെറ്റിയാര്‍ പുഴ. കഴക്കൂട്ടം മുതല്‍ കുളത്തൂര്‍ ഇന്‍ഫോസിസ് വരെയുള്ള ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണവും വെള്ളക്കെട്ടിന് ആക്കം കൂട്ടി. മാലിന്യം നിറഞ്ഞതോടെ പുഴയിലെ ഒഴുക്കും നിലച്ചു.
നിര്‍മാണങ്ങള്‍ തടയുകയും തെറ്റായ രീതിയിലുള്ള മാലിന്യ നിര്‍മാര്‍ജനം നിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ ഈ മേഖല വീണ്ടും വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുമെന്നതില്‍ സംശയമില്ല.
ഇന്ന് തെറ്റിയാര്‍ നദിയുടെ പകുതിയോളം ചുറ്റുമായി നിര്‍മ്മിതികള്‍ ഉണ്ട്. ഇത് തടയണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല. തെറ്റിയാര്‍ പുഴയുടെ ഒഴുക്ക് പുനഃസ്ഥാപിക്കുന്നത് ഇനിയും വൈകരുതെന്നും ഡോ. ജി ശങ്കര്‍ പറഞ്ഞു.