ഫിലഡല്‍ഫിയ: “ഒരു വിശ്വാസം, പല ആചാരങ്ങള്‍” എന്ന മഹത്സന്ദേശം ഉയര്‍ത്തിക്കാട്ടി ഫിലാഡല്‍ഫിയയില്‍ നടന്ന ഭാരതകത്തോലിക്കാ കൂട്ടായ്മയുടെ ആഘോഷം വര്‍ണാഭമായി. പിറന്നനാട്ടില്‍നിന്നും തലമുറകളായി ലഭിച്ച പാറപോലുറച്ച ക്രൈസ്തവവിശ്വാസവും, പാരമ്പര്യങ്ങളും, ആചാരങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ കത്തോലിക്കര്‍ വിശാസനിറവില്‍ അണിനിരന്ന് ഒരുമയുടെ കാഹളം മുഴക്കിയത് ശ്രദ്ധേയമായിരുന്നു.
ഒക്ടോബര്‍ 14 ശനിയാഴ്ച്ച വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനവും അസോസിയേഷന്‍റെ 45-ാം വാര്‍ഷികവും ആഘോഷിച്ചത് അസോസിയേഷന്‍റെ ചരിത്രതാളുകളില്‍ ഇടംപിടിച്ചു. ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് അയിരുന്നു മുഖ്യാതിഥി.
താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ ദേവാലയകവാടത്തില്‍ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിനെയും, മറ്റു വിശിഷ്ടാതിഥികളെയും സ്വീകരിച്ചു. സെ. തോമസ് സീറോമലബാര്‍ ദേവാലയത്തില്‍ വൈകുന്നേരം നാലുമണിക്കു ബിഷപ്പിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതഞ്ജതാബലിയില്‍ ഐ. എ. സി. എ. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, ഫിലാഡല്‍ഫിയ സീറോമലബാര്‍ വികാരിയുമായ ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, സെന്‍റ് ജൂഡ് സീറോമലങ്കരപള്ളി വികാരി ഫാ. ബാബു മഠത്തില്‍പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
ദിവ്യബലിയെതുടര്‍ന്ന് ഐ. എ. സി. എ. പ്രസിഡന്‍റ് അനീഷ് ജയിംസിന്‍റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് ഭദ്രദീപം തെളിച്ച് ഉത്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. അനീഷ് ജയിംസ് അദ്ധ്യക്ഷപ്രസംഗവും, ഫിലാഡല്‍ഫിയ അതിരൂപതയുടെ പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്‍റ്സ് ആന്‍റ് റഫ്യൂജീസ് ഡയറക്ടര്‍ റവ. സി. ജര്‍ത്രൂദ് ബോറിസ്, 24 ന്യൂസ് ചാനല്‍/ഫ്ളവേഴ്സ് ടി. വി. വിദേശകാര്യവക്താവ് പി. പി. ജയിംസ് എന്നിവര്‍ ആശംസകളുമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി സ്വപ്ന സെബാസ്റ്റ്യന്‍ സ്വാഗതവും, വൈസ് പ്രസിഡന്‍റ് ടോം സൈമണ്‍ നന്ദിയും പ്രകാശിപ്പിച്ചു.
ഇടവകാസേവനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ അച്ചനു ഫാ. ബാബു മഠത്തില്‍പറമ്പില്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. അസോസിയേഷന്‍റെ പാരിതോഷികം ട്രഷറര്‍ തോമസ് ജസ്റ്റിന്‍ കുര്യാക്കോസ് അച്ചനു നല്‍കി ആദരിച്ചു.
കാത്തലിക് അസോസിയേഷന്‍റെ ആരംഭകാലം മുതല്‍ നിസ്വാര്‍ദ്ധസേവനം ചെയ്തുവരുന്ന മുന്‍ പ്രസിഡന്‍റുമാരും, മുതിര്‍ന്ന നേതാക്കളുമായ ഡോ. ജയിംസ് കുറിച്ചി, ചാര്‍ലി ചിറയത്ത്, ജോസ് ജോസഫ് എന്നിവരെ തദവസരത്തില്‍ ബിഷപ് പൊന്നാടനല്‍കി ആദരിച്ചു. അന്നേദിവസം ജډദിനമാഘോഷിക്കുന്ന ഡോ. ജയിംസ് കുറിച്ചി, ജോഷ്വ ജേക്കബ് എന്നിവര്‍ക്ക് കേക്കുമുറിച്ച് ജډദിനാശംസകള്‍ നേര്‍ന്നു. സ്വപ്ന സെബാസ്റ്റ്യനും, ടോം സൈമണും മീറ്റിംഗ് എം. സി മാരായി.
കള്‍ച്ചറല്‍ പ്രോഗ്രാമിന്‍റെ ഭാഗമായി ഫിലാഡല്ഫിയായിലെ പ്രശസ്തമായ മാതാ ഡാന്‍സ് സ്കൂള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍, മിലന്‍ & അഞ്ജു ഡാന്‍സ്, ടോം സൈമണ്‍ന്‍റെ നേതൃത്വത്തില്‍ ക്നാനായ യുവജനങ്ങള്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ചെണ്ടമേളം, ഷൈന്‍ തോമസ്, പൂര്‍ണിമ റോജ്, അന്‍സു ആലപ്പാട്ട്, അര്‍ച്ചന റോഷന്‍, അനഘ എബ്രാഹം എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങള്‍, ജെന്ന & ജോണ്‍ സഹോദരങ്ങളുടെ ഉപകരണഗീതം എന്നിവ കാണികള്‍ നന്നായി ആസ്വദിച്ചു. മെര്‍ലിന്‍ അഗസ്റ്റിന്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന്‍റെ അവതാരകയായി. സ്നേഹവിരുന്നോടെ ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പാരമ്പര്യങ്ങളും ഒത്തുചേര്‍ന്ന ഹെറിറ്റേജ് ദിനാഘോഷങ്ങള്‍ക്കു തിരശീല വീണു.
ഫോട്ടോ: ജോസ് തോമസ്