ന്യൂയോര്‍ക്ക്: ന്യുയോർക്ക് കൗൺസിൽ ഓഫ് നോൺ പ്രോഫിറ്റ്സിന്റെ (NYCON) 2024 ജനുവരി മുതലുള്ള ബോർഡ് ഡയറക്ടറായി ഡോ. സാം സാമൂവൽ തെരഞ്ഞെടുക്കപ്പെട്ടു.
യുഎസ്, ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ രണ്ട് ദശാബ്ദത്തിലേറെയായി എഴുത്തുകാരൻ, പ്രഭാഷകൻ, മെന്റർ, സോഷ്യൽ ഇംപാക്റ്റ് ലീഡർ, മികച്ച സാമൂഹിക സംരംഭകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സാം, ‘മഹാത്മാഗാന്ധി സമ്മാൻ അവാർഡ്’ ഉൾപ്പെടെ പത്തിലധികം ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
ഒമാനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ നോളഡ്ജ് ഒമാന്റെ മുൻ വൈസ് ചെയർമാൻ, ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാന്റെ മുൻ ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
യുഎസിലെ സന്നദ്ധ സംഘടനയായ അബോട്ട് ഹൗസിന്റെ ഡയറക്ടറും അന്നവും അക്ഷരവും ആദരവോടെ പങ്കുവയ്ക്കുന്ന ‘അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ് ‘, ഒരു കംപാഷൻ ഹബ്ബായി വളർന്നുവരുന്ന ‘താവു കമ്മ്യൂണിറ്റി ട്രസ്റ്റ്’ എന്നിവയുടെ പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച, ‘കനമേതുമില്ലാതെ’, ‘ഗാന്ധി ‘ എന്നീ രചനകൾക്കു പുറമെ നിരവധി അന്തർദേശീയ ഗവേഷണ പ്രബന്ധങ്ങളുടെ ഉടമയുമാണ് ഡോ. സാം സാമുവൽ.
ധാരാളം സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു വരുന്ന ഡോ. സാമിന്റെ അനുഭവസമ്പത്തും പ്രതിബദ്ധതയും NYCON പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടാകും.