വാഷിംഗ്ടൺ: ഹമാസും ഇസ്രായേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ക്രമേണ മാനുഷിക ദുരന്തമായി മാറുകയാണ്. ഇരുവശത്തുനിന്നും ആയിരക്കണക്കിന് ആളുകൾ മരിച്ചു. അമേരിക്കക്കാരും ഈ യുദ്ധത്തിന്റെ ഇരകളായി.
ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണം ഇപ്പോൾ 31 ആയതായി വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി ചൊവ്വാഴ്ച പറഞ്ഞു. നിരപരാധികളായ സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അമേരിക്ക ഇസ്രായേലുമായി സംസാരിക്കുന്നത് തുടരുമെന്ന് കിർബി പറഞ്ഞു.
ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക് പുറപ്പെട്ടു.
അതേസമയം, ലെബനനിലേക്ക് അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യരുതെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധസാഹചര്യം ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയത്.
ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ലക്ഷ്യങ്ങൾക്കെതിരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾ ഈ ആശുപത്രിയിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്ന് ഹമാസ് അവകാശപ്പെട്ടു. ഹമാസിന്റെ അവകാശവാദത്തിൽ, ഈ വാർത്തയെക്കുറിച്ച് അന്വേഷിക്കുന്നതായി ഇസ്രായേൽ അറിയിച്ചു. ലെബനനിലെ ഹിസ്ബുള്ള സ്ഥാനങ്ങളിൽ ഇസ്രായേൽ സൈന്യം ദ്രുതഗതിയിലുള്ള വ്യോമാക്രമണം നടത്തുകയും അവരുടെ പല സ്ഥാനങ്ങളും നശിപ്പിക്കുകയും ചെയ്തു.
ഇസ്രായേൽ വ്യോമസേന നിരവധി ഹിസ്ബുള്ള താവളങ്ങൾ തകർത്തു
ഇസ്രായേൽ വ്യോമസേന ലെബനനിൽ ബോംബാക്രമണം നടത്തുകയും ഹിസ്ബുള്ള എന്ന ഭീകര സംഘടനയുടെ നിരവധി താവളങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇസ്രായേൽ സൈന്യവും ലെബനൻ സായുധ സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ചൊവ്വാഴ്ച രാവിലെ, ലെബനനിൽ നിന്ന് തൊടുത്തുവിട്ട ടാങ്ക് വേധ മിസൈൽ വടക്കൻ ഇസ്രായേലിലെ മെതുലയിൽ വീഴുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ലെബനൻ സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നിരുന്നാലും, ലെബനൻ അതിർത്തിയിൽ താമസിക്കുന്നവരോട് പ്രദേശം ഒഴിയാൻ ഇസ്രായേൽ ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. തെക്കൻ ലെബനനിലെ അതിർത്തി പ്രദേശങ്ങളിൽ ഇസ്രായേൽ നിരവധി ഷെല്ലുകൾ പ്രയോഗിക്കുകയും ‘വൈറ്റ് ഫോസ്ഫറസ്’ പുറത്തുവിടുകയും ചെയ്തു. ഹിസ്ബുല്ലയുടെ അഞ്ച് ഭീകരർ ഇതിൽ കൊല്ലപ്പെട്ടു.