പത്തനംതിട്ട: തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ വ്യാജ ഒപ്പിട്ട് നിക്ഷേപകയുടെ പണം തട്ടിയെടുത്ത മുന്‍ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രീത ഹരിദാസിനെയാണ് പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി പ്രീതയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
നിക്ഷേപകന്റെ ആറര ലക്ഷം രൂപ വ്യാജ ഒപ്പിട്ട് പ്രീത കൈക്കലാക്കിയെന്നാണ് കേസ്. 2015ല്‍ തിരുവല്ല മഠത്തില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹന്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ മഞ്ഞാടി ശാഖയില്‍ മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചു.
2022 ഒക്ടോബറില്‍ പലിശയടക്കം ആറര ലക്ഷം രൂപ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. ജീവനക്കാര്‍ ഒറിജിനല്‍ രേഖകള്‍ വാങ്ങിയെങ്കിലും പണം നല്‍കിയില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജ ഒപ്പിട്ടാണ് ബാങ്ക് ജീവനക്കാരി പണം തട്ടിയെടുത്തതെന്ന് വൃക്തമായി. പോലീസിനെ സമീപിച്ചെങ്കിലും അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ല.
മുതിര്‍ന്ന സി.പി.എം നേതാവിന്റെ ഒത്താശയോടെയാണ് പണം തട്ടിയെടുത്തതെന്ന് നിക്ഷേപക ആരോപിച്ചു.