ഡാളസ്: നൂറിന്‍റെ നിറവിലെത്തിയ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആശംസകൾ നേർന്ന് കൊണ്ട് അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ പ്രസിഡണ്ട് എബി തോമസ് ജന്മദിന സന്ദേശം അയച്ചു.
വി എസ് എന്ന വിപ്ലവകാരിയെ പറ്റി:
വളരെ കഷ്ടതയിൽ ജനിച്ച്, ചെറു പ്രായത്തിൽ അച്ഛനമ്മാമാരെ നഷ്ടപ്പെടുകയും പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ തന്നെ തുടർന്ന് പഠിക്കുവാനുള്ള സാഹചര്യം ഇല്ലാതെ പഠനം ഉപേക്ഷിക്കേണ്ടി വരുകയും ചെയ്തു. ജീവിതം കരുപ്പിടിപ്പിക്കാൻ പതിനൊന്നാം വയസ് മുതൽ ആസ്പിൻ വാൾ കയർ ഫാക്ടറി തൊഴിലാളിയായി ജീവിതം ആരംഭിച്ചു.
ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ആലപ്പുഴയിൽ സഖാവ് പി കൃഷ്ണപിള്ളയെ കാണാനിടയായതും കൃഷ്ണ പിള്ളയുടെ യോഗങ്ങളിൽനിന്ന് ലഭിച്ച ബോധ്യങ്ങളുമാണ് വി എസിനെ രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ വഴികളിലേക്ക് എത്തിച്ചത്.കൃഷ്ണപിള്ള നൽകിയ പാഠങ്ങൾ വി എസിനെ കയർ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു കരുത്തു പകർന്നു. പിന്നീട് കുട്ടനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ദൗത്യമായി.
അവിടെ നിന്നാണ് തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രൂപീകൃതമാകുന്നത്. ഇതു പിന്നീട് കർഷക തൊഴിലാളികളുടെ ഏറ്റവും വലിയ സമര സംഘടനയായ കേരളാ സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയനായും തുടർന്ന് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയനായും വളർന്നു പന്തലിക്കുകയും ചെയ്തു. കർഷകത്തൊഴിലാളികളുടെ വർഗ പ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കുന്നതിൽ വിഎസ് വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.
ഈ സമരാനുഭവങ്ങളുടെയെല്ലാം കരുത്തിൽ നിന്നാണ് കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്‍റെ അമരത്തേക്ക് വിഎസ് എന്ന നേതാവ് ഉയർന്നുവന്നത്. ഐതിഹാസികമായ പുന്നപ്ര-വയലാർ സമര സംഘാടന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന കാലത്ത് പാർട്ടി നിർദേശപ്രകാരം വിഎസ് കോട്ടയത്തേക്കും പിന്നീട് അവിടെനിന്ന് പൂഞ്ഞാറിലേക്കും പോയി. ഇവിടെ ഒളിവിലിരിക്കുമ്പോഴാണ് അദ്ദേഹം പോലീസ് പിടിയിലായതും, തുടർന്ന് പോലീസിന്‍റെ മൂന്നാം മുറയ്ക്ക് വിധേയനാകുന്നതും. പിന്നെ ഏറെ നാളത്തെ ജയിൽ ജീവിതം.
1964 ൽ പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ വലതുവ്യതിയാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ച ജീവിച്ചിരിക്കുന്ന, കേരളത്തിലെ ഏക സഖാവാണ് വിഎസ്.
വിഎസ് എന്ന വിപ്ലവകാരിക്ക് ആയുസ്സും ആരോഗ്യവും നേർന്നു കൊണ്ട് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എബിതോമസ് ജന്മദിന ആശംസ അറിയിച്ചു