മലങ്കര ഓർത്തഡോക്സ് സഭയുടെ സിംഹാസന പതാക ഫിലഡൽഫിയ മണ്ണിൽ ഉറപ്പിച്ച ആചാര്യശ്രേഷ്ഠന് ആയിരങ്ങളുടെ അന്ത്യ യാത്രാമൊഴി

ഫിലഡൽഫിയ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സിംഹാസന പതാക നാൽപ്പത്തിയേഴു വർഷങ്ങൾക്ക് മുൻപ് ഫിലഡൽഫിയ മണ്ണിൽ ഉറപ്പിച്ച, മത്തായി അച്ചൻ എന്ന് സ്നേഹപൂർവ്വം മലയാളി സമൂഹം ഒന്നടങ്കം വിളിച്ചിരുന്ന മത്തായി കോർ എപ്പിസ്‌കോപ്പായ്ക്ക് ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഇടവക ജനങ്ങളും, സുഹൃത്തുക്കളും, ബന്ധുക്കളും ചേർന്ന വൻ ജനാവാലി കണ്ണീരിൽ കുതിർന്ന അന്ത്യ യാത്രാമൊഴി നൽകി.

ക്രൈസ്തവ സമൂഹത്തിൽ കേരളത്തിനകത്തും വിദേശത്തും ഒരുപക്ഷെ, ഇന്നേവരെ ഇതുപോലൊരു രാജകീയ യാത്രയയപ്പ് ഒരു പുരോഹിതർക്കും ലഭിച്ചിട്ടില്ല, ഇനിയൊട്ട് ലഭിക്കുകയുമില്ല. അതായിരുന്നു ഒക്ടോബർ 15 ഞായർ മുതൽ ഒക്ടോബർ 17 ചൊവ്വാഴ്ചവരെയുള്ള മൂന്നു ദിവസങ്ങളിൽ പ്രിയപ്പെട്ട മത്തായി അച്ചനെ ഒരുനോക്ക് കാണുവാനും അന്ത്യോപചാരമർപ്പിക്കുവാനും നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ആയിരങ്ങൾ സാക്ഷ്യപ്പെടുത്തിയത്.

ഓർത്തോഡോക്സ് സഭയിലെ പുരോഹിതരുടെ സംസ്ക്കാര ചടങ്ങുകളിലെ എട്ട് ഭാഗങ്ങളായി നടത്തപ്പെട്ട നീണ്ട ശുശ്രൂഷാ സമയങ്ങളിലും, അനുശോചന പ്രസംഗ സമയങ്ങളിലും ഇടവേളകളില്ലാതെ ഭൗതിക ശരീരം ഒരുനോക്ക് കാണുവാൻ വൻ തിരക്കായിരുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ ഏവർക്കും കാണുവാൻ അവസരമൊരുക്കിയത് ഏവർക്കും ആശ്വാസമായി. വന്നുചേർന്ന ഏവർക്കും സുഗമമായി കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയത് സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ യുവജനങ്ങളുടെ പ്രിയങ്കരനായ ബിജു ചാക്കോയുടെ നേതൃത്വത്തിലുള്ള യുവജന നിരയാണ്.

മത്തായി അച്ചന്റെ അന്ത്യാഭിലാഷമായിരുന്നു നല്ല ഒരു അന്ത്യവും ഏറ്റവും നല്ല ഒരു യാത്രയയപ്പും വേണമെന്നുള്ളത്. ഈ ആഗ്രഹം പലതവണ ഇടവക വികാരി ഷിബു അച്ചനോടും പ്രിയ പത്നി മറിയാമ്മ കൊച്ചമ്മയോടും, മറ്റ് പ്രിയപ്പെട്ടവരോടും പലവട്ടം അച്ചൻ പറഞ്ഞിരുന്നു. ഒരു പൂവ് ചോദിച്ച ആൾക്ക് ഒരു പൂന്തോട്ടം മുഴുവനും കൊടുത്തതുപോലെ, ആഗ്രഹിച്ചതിനപ്പുറം അവിശ്വസനീയമായ രാജകീയ യാത്രയയപ്പാണ് മത്തായി അച്ചന്റെ പള്ളി എന്ന പേരിൽ എക്കാലവും അറിയപ്പെടുന്ന ഫിലഡൽഫിയ സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ ജനങ്ങളും അമേരിക്കൻ മലയാളി സമൂഹവും സമ്മാനിച്ചത്.

സംസ്കാര ചടങ്ങുകൾക്ക് പ്രധാന കാർമ്മികത്വം വഹിച്ച പരിശുദ്ധ കാതോലിക്കാ ബാവായുടെ വാക്കുകൾ ഇപ്രകാരം ആയിരുന്നു:

“അമ്പതു വർഷങ്ങൾ തികയുന്നു ബഹുമാനപ്പെട്ട മത്തായി അച്ചനും ഞാനും തമ്മിലുള്ള സ്നേഹബന്ധം ആരംഭിച്ചിട്ട്. ഞാൻ ആദ്യവർഷ വൈദീക വിദ്യാർത്ഥിയായിരിക്കുമ്പോൾ അച്ചൻ സെമിനാരിയിൽ നാലാം വർഷ വൈദീക വിദ്യാർത്ഥി ആയിരുന്നു. ഒരു കുഞ്ഞനുജനെപ്പോലെയാണ് എന്നെ സ്നേഹിച്ചതും, കരുതിയതും എന്നോട് ഇടപഴകിയതും. ആ സ്നേഹബന്ധം കഴിഞ്ഞ അൻപത് വർഷമായി തുടരുന്നു. അമേരിക്കയിൽ എത്തിയ അവസരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കുകയും ആതിഥേയത്വം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് . “ഇതാ സാക്ഷാൽ ഇസ്രായേല്യൻ.. ഇവനിൽ കപടമില്ല” എന്ന വാചകം മത്തായി അച്ചനെ സംബന്ധിച്ചിടത്തോളം അക്ഷരാർത്ഥത്തിൽ നൂറു ശതമാനവും വാസ്തവമാണ്. അതുകൊണ്ടാണ് ഈ ഭൗതീക ശരീരം കാണുവാൻ ഇന്ത്യയിൽനിന്നുവരെ ആളുകൾ ടിക്കറ്റെടുത്തു വരാൻ ഇടയായത്. ദൈവീക ശുശ്രൂഷയ്ക്കായി അദ്ദേഹം തന്റെ ജീവിതം പൂർണ്ണമായി സമർപ്പിച്ചു. പലപ്പോഴും ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം പങ്കുവച്ചിരുന്നു. ഒരുപക്ഷെ ആ ഹൃദയബന്ധം ആവാം ഈ സംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുക്കുവാൻ എനിക്ക് ദൈവം ഭാഗ്യം തന്നത്. അദ്ദേഹത്തിന്റെയും എന്റെയും ആഗ്രഹമാണ് ദൈവം ഇന്ന് നടത്തിത്തന്നത് . ഒരുപക്ഷെ ഞാൻ ഇപ്പോൾ ഇന്ത്യയിൽ ആയിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവ് ദുഃഖിക്കുമായിരുന്നു. അതിലേറെ എന്റെ ആത്മാവും ദുഃഖിക്കുമായിരുന്നു”. ബാവായുടെ വാക്കുകൾ വികാരനിർഭരമായിരുന്നു. ദുഃഖഭാരത്താൽ പലയിടത്തും വാക്കുകൾ മുറിഞ്ഞു.

2011 ൽ വികാരി സ്ഥാനത്തുനിന്നും മാറി അൽപ്പകാലം കേരളത്തിലെ പള്ളികളിൽ ശുശ്രൂഷ ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച കാര്യവും, നാട്ടിൽ പോയാലും തിരികെയെത്തുമ്പോൾ ഇടവക ഭരണം ഇല്ലെങ്കിലും അമേരിക്കൻ ഭദ്രാസനത്തിലെ വൈദീകനായി തുടരണമെന്ന ആഗ്രഹവും തന്നേ പലതവണ അറിയിച്ചതായി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളാവോസ് പറഞ്ഞു. അമേരിക്കയിൽ എവിടെയാണെങ്കിലും വിശുദ്ധ കുർബ്ബാന അർപ്പിക്കുവാൻ കിട്ടുന്ന അവസരങ്ങളെ അദ്ദേഹം വളരെ സന്തോഷത്തോടുകൂടി സ്വീകരിച്ചിരുന്നുവെന്നും, വിശുദ്ധ കുർബ്ബാന അർപ്പിക്കുക എന്നത് ബഹുമാനപ്പെട്ട അച്ചനു ഒരു ഹരമായിരുന്നുവെന്നും തിരുമേനി പറഞ്ഞു.

സഭയ്ക്കും, അമേരിക്കൻ ഭദ്രാസനത്തിനും സമൂഹത്തിനും ചെയ്ത സേവനങ്ങളെയും അച്ചൻ സ്വന്തം നിലയിൽ ചെയ്ത നിരവധി ചാരിറ്റി പ്രവർത്തനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നതായി അഭിവന്ദ്യ തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയും, അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയും പറഞ്ഞു. കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവറുഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്തായും വീഡിയോ സന്ദേശത്തിലൂടെ അനുശോചനം അറിയിച്ചു.

രണ്ടു ദിവസം മുൻപ് അമേരിക്കയിൽനിന്നു നാട്ടിലെത്തിയതിനാൽ സംസ്‌കാരച്ചടങ്ങിൽ സംബന്ധിക്കുവാൻ കഴിയാതെ വന്ന നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വ മാർ നിക്കോദീമോസ് മെത്രാപ്പോലീത്ത വീഡിയോ സന്ദേശത്തിലൂടെ അനുശോചനമറിയിച്ചു. 2011 മുതൽ അച്ചൻ കേരളത്തിൽ ആയിരുന്നപ്പോൾ മൂന്നു വർഷക്കാലം നിലയ്ക്കൽ ഭദ്രാസനത്തിലെ രണ്ടു ഇടവകളിൽ വികാരിയായി സേവനം ചെയ്ത കാലയളവിലെ പ്രവർത്തനങ്ങളെക്കുറിച്ചും, ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും. അഭിവന്ദ്യ ബർണബാസ്‌ തിരുമേനിയുടെ സെക്രട്ടറി ആയി അമേരിക്കയിൽ ഉണ്ടായിരുന്ന കാലയളവുമുതലുള്ള പരിചയത്തെക്കുറിച്ചും നിലയ്ക്കൽ ഭദ്രാസനാധിപൻ തന്റെ അനുശോചന സന്ദേശത്തിൽ വിശദീകരിച്ചു.

സ്വന്തം പിതാവിനെപ്പോലെയാണ് മത്തായി അച്ചനെ കരുതുകയും സ്നേഹിക്കുകയും ചെയ്തിട്ടുള്ളത് എന്ന് ഇടവക വികാരി ബഹുമാനപ്പെട്ട ഷിബു വേണാട് മത്തായി പറഞ്ഞു. അദ്ദേഹത്തിന്റെ അന്ത്യ സമയത്ത് ഒപ്പം ഉണ്ടായിരിക്കുവാനും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുവാനും സാധിച്ചതും ഒരു ഭാഗ്യമായി കരുതുന്നു എന്നും, ഈ പള്ളിയുടെ പേര് സെന്റ് ഗ്രീഗോറിയോസ് പള്ളി എന്നാണെങ്കിലും മത്തായി അച്ചന്റെ പള്ളി എന്ന് പറഞ്ഞാലേ എല്ലാവർക്കും അറിയുകയുള്ളുവെന്നും ഷിബു അച്ചൻ പറഞ്ഞു.

35 വർഷക്കാലം മത്തായി അച്ചൻ വികാരിയായിരുന്ന കാലയളവിലാണ് അതി വിശാലമായ പാർക്കിംഗ് സൗകര്യമുള്ള അതിമനോഹരമായ ദേവാലയം നിർമ്മിക്കപ്പെട്ടതും, പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടതും, വെള്ളിയാഴ്ച കുർബ്ബാനയും പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്വത്തിൽ മധ്യസ്ഥ പ്രാർത്ഥന ആരംഭിച്ചതും, ആരാധനയ്ക്ക് ശേഷം ലഞ്ചും സണ്ടേസ്‌കൂളും ആരംഭിച്ചതെന്നും അനുശോചനമറിയിച്ച ഇടവക ജനങ്ങൾ നന്ദിപൂർവ്വം അനുസ്മരിച്ചു.

മാർത്തോമ്മാ സഭയ്ക്ക് അമേരിക്കൻ ഭദ്രാസനവും വൈദീകരും ഇല്ലാതിരുന്ന ആദ്യ കാലയളവുകളിൽ ക്രൈസ്തവ സമൂഹത്തെ ഒന്നിച്ചുനിർത്തി ആത്മീയ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയതിന് മാർത്തോമ്മാ സഭ എന്നും അച്ചനോട് നന്ദിയുള്ളവരായിരിക്കും എന്ന് ഫിലഡൽഫിയ പ്രദേശത്തെ മാർത്തോമ്മാ ഇടവകകളെ പ്രതിനിധീകരിച്ചെത്തിയ വൈദീകർ പറഞ്ഞു.
.
മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിദീയൻ കാതോലിക്കാ ബാവയുടെ പ്രധാന കാർമ്മികത്വത്തിലും, നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയ മാർ നിക്കോളാവാസ് മെത്രാപ്പോലീത്ത, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത എന്നിവരുടെ സഹകാർമ്മികത്വത്തിലും വന്ദ്യ സഖറിയാ റമ്പാൻ , മറ്റ് കോർ എപ്പിസ്‌ക്കോപ്പാമാർ നൂറിൽപ്പരം വൈദീകർ, ശെമ്മാശ്ശന്മാർ, വൈദീക സെമിനാരി വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തിലുമായിരുന്നു സംസ്കാര ശുശ്രൂഷകൾ നടന്നത്.

തന്റെ സ്വപ്ന സാക്ഷാൽക്കാരമായി അതിമനോഹരമായി പണികഴിപ്പിച്ച് ദിവ്യബലി അർപ്പിച്ച പരിശുദ്ധ മദ്ബാഹായോടും, വൈദീക മേലദ്ധ്യക്ഷന്മാരോടും, പുരോഹിതഗണത്തോടും, പരിശുദ്ധ സഭയോടും, തന്നെ ജീവനുതുല്യം സ്നേഹിച്ച വിശ്വാസ സമൂഹത്തോടുമുള്ള അവസാന യാത്ര ചോദിക്കൽ ചടങ്ങ് പരിശുദ്ധ കാതോലിക്കാ ബാവായുടേയും അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെയും ഏറെ ഹൃദ്യവും വികാര നിർഭരവുമായ ശബ്ദത്തിൽ മുഴങ്ങിയപ്പോൾ ആ ചടങ്ങ് വീക്ഷിച്ച ഏവരും ദുഃഖഭാരം താങ്ങാനാവാതെ കണ്ണുനീർ പൊഴിച്ചു.

കോറെപ്പിസ്കോപ്പയുടെ മക്കളായ ഷീബ, ഷീന, ജസ്റ്റിൻ എന്നിവർ തങ്ങളുടെ പിതാവിനെക്കുറിച്ചുള്ള മധുരസ്മരണകൾ അയവിറക്കി. എന്നും എപ്പോഴും സന്തതസഹചാരിയായി കൂടെയുണ്ടായിരുന്ന പ്രിയ പത്നി മറിയാമ്മ കൊച്ചമ്മയുടെ പ്രസംഗം ഹൃദയസ്പർശിയായിരുന്നു. അഹറോനെപ്പോലെ ദൈവത്തെ സ്നേഹിക്കുവാനും സേവിക്കുവാനുമേ അച്ചന് സമയം ഉണ്ടായിരുന്നുള്ളു എന്നും, പള്ളിയും ആരാധനയും മാത്രമേ അച്ചന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നുള്ളു എന്നും കൊച്ചമ്മ സാക്ഷ്യപ്പെടുത്തി.

അച്ചന്റെ ആഗ്രഹപ്രകാരം ഏറ്റവും നല്ല സംസ്കാരം ലഭിക്കുവാൻ അവസരമൊരുക്കിയ ഷിബു അച്ചനോടും, ഇടവക ഭരണസമിതിയോടും, കമ്മറ്റി അംഗങ്ങളോടും ഇടവക ജനങ്ങളോടും കൊച്ചമ്മ നന്ദി അറിയിച്ചു.

കൊച്ചമ്മയും മക്കളും ചേർന്ന് മുഖം മറച്ചു കാസ്ക്കറ്റ് പള്ളിയിൽനിന്നും പുറത്തേക്ക് എടുത്തപ്പോൾ ദുഃഖമണി മുഴങ്ങി…

ഏകദേശം പന്ത്രണ്ടുമണിയോടുകൂടി നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ഇടവകയുടെ സ്വന്തം സെമിത്തേരിയായ SGMOC – റോസ്ഡെയ്ൽ മെമ്മോറിയൽ പാർക്കിലേക്ക് പുറപ്പെട്ടപ്പോൾ യാത്ര സുഗമമാക്കാൻ പള്ളിക്ക് വെളിയിൽ നേരത്തെതന്നെ തയ്യാറായി നിന്നിരുന്ന .ബെൻസേലം പോലീസ് സേന എല്ലാ ഇന്റർസെക്ഷനിലും നിലയുറപ്പിച്ചു ട്രാഫിക്ക് നിയന്ത്രിച്ചു.

ഏകദേശം പന്ത്രണ്ടര മണിയോടുകൂടി SGMOC സെമിത്തേരിയിൽ പരിശുദ്ധ കാതോലിക്കാ ബാവായുടേയും, അഭിവന്ദ്യ തിരുമേനിമാരുടെയും പ്രാർത്ഥനകൾക്കും ധൂപാർപ്പണങ്ങൾക്കും ശേഷം പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ഭൗതീക ശരീരം അടക്കം ചെയ്തു.

അങ്ങനെ നാൽപ്പത്തിയേഴ് വർഷങ്ങൾ അമേരിക്കൻ ചരിത്ര വ്യതിയാനങ്ങൾക്കും ഭദ്രാസന വളർച്ചയ്ക്കും സാക്ഷ്യം വഹിച്ച ആ വന്ദ്യ പുരോഹിത ശ്രേഷ്ഠന്റെ കളങ്കമില്ലാത്ത ദിവ്യമായ ആത്മീയ യാത്രയ്ക്ക് തിരശീല വീണു.

ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച ശ്രേഷ്ഠ ആചാര്യ, അങ്ങയുടെ വഴിത്താരയിലെല്ലാം ദൈവാനുഗ്രഹത്തിൻറെ നക്ഷത്ര വെളിച്ചം നിറഞ്ഞുനിന്നത് ഞങ്ങൾ തിരിച്ചറിയുന്നു. മലങ്കര സഭയാകുന്ന തോട്ടത്തിൽ നിന്ന് പറുദീസായാകുന്ന നിത്യ ഭവനത്തിലേക്ക് പറിച്ചുനടപ്പെട്ട ദൈവദാസാ, അവിടെ പുഷ്പിച്ച് സുഗന്ധം പരത്തുന്ന പനിനീർച്ചെടിയായി അനേകരുടെ ഹൃദയങ്ങളിൽ ഇനി അങ്ങ് ജീവിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ചിത്രങ്ങൾ: സോബി ഇട്ടി
ചെറിയാൻ ഡാനിയേൽ (ബോബൻ)
മനോജ് സാമുവൽ

 

Print Friendly, PDF & Email

Leave a Comment

More News