ഒട്ടാവ: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും അന്താരാഷ്ട്ര വികസന മന്ത്രി അഹമ്മദ് ഹുസൈനും രണ്ട് ദിവസത്തെ സമാധാന ഉച്ചകോടിക്കായി ഈജിപ്തിലെ കെയ്‌റോയിൽ എത്തി.
ഗാസ മുനമ്പിലെയും സമീപ പ്രദേശങ്ങളിലെയും ഫലസ്തീനികളെ സഹായിക്കാൻ 50 മില്യൺ ഡോളർ അധിക മാനുഷിക സഹായമായി അയക്കുമെന്ന് ഉച്ചകോടിയിൽ കാനഡ പ്രഖ്യാപിച്ചു. ശനിയാഴ്ച ഗ്ലോബൽ അഫയേഴ്സിന്റെ വാർത്താക്കുറിപ്പില്‍, പ്രദേശത്തെ സാധാരണക്കാർക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം, ജീവൻ രക്ഷാ സഹായം എന്നിവ നൽകുന്നതിനായാണ് ഈ സഹായമെന്നും, അതില്‍ ഒന്നും തന്നെ ഹമാസിന്റെ കൈകളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും സൂചിപ്പിച്ചു.
“ജീവൻ രക്ഷാ സഹായം ആവശ്യമുള്ള ഗാസയിലെ ഫലസ്തീൻ സിവിലിയൻമാർക്ക് അത് എത്രയും വേഗം ലഭിക്കേണ്ടത് നിർണായകമാണ്. ഈ ധനസഹായം ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ കാനഡ അതിന്റെ വിശ്വസ്തരും പരിചയസമ്പന്നരുമായ മാനുഷിക പങ്കാളികളുമായി തുടർന്നും പ്രവർത്തിക്കും,” മെലാനി ജോളി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഗാസയിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കനേഡിയൻ ഉദ്യോഗസ്ഥർ ഈജിപ്ഷ്യന്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തി.
ഒക്‌ടോബർ 7-ന് ഹമാസിന്റെ മാരകമായ ആക്രമണത്തിന് ശേഷം, കാനഡ 10 മില്യൺ ഡോളർ മാനുഷിക സഹായമായി അയച്ചിരുന്നു. ടെൽ അവീവിൽ നിന്ന് 16 വിമാനങ്ങളിലായി കനേഡിയന്‍ പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ഒഴിപ്പിച്ചു. വാരാന്ത്യത്തിൽ കൂടുതൽ വിമാനങ്ങൾ ഇസ്രായേലിൽ നിന്ന് പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിലും, റഫ അതിർത്തി അടച്ചതിനാൽ ഗാസയിലെ 400-ലധികം കനേഡിയൻ പൗര്‍ന്മാരെ ഒഴിപ്പിക്കാന്‍ താമസം നേരിടും.