ഷിക്കാഗോ: ശ്വാസകോശ സംബന്ധമായ രോഗത്തിനടിമപ്പെട്ടവരുടെ ചികിത്സയിലും ജീവന്‍ നിലനിര്‍ത്തുന്നതിലും നിര്‍ണ്ണായക പങ്കു വഹിച്ച പ്രൊഫഷണലുകളുടെ മഹത്തായ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് മലയാളി അസ്സോസിയേഷന്‍ ഓഫ് രെസ്പിരേറ്ററി കെയറിന്റെ (MARC) ഈ വര്‍ഷത്തെ കുടുംബസംഗമം നടത്തി.
ഒക്ടോബര്‍ 21 ശനിയാഴ്ച വൈകീട്ട് മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളാണ് സമ്മേളനത്തിന് വേദിയായത്. മാര്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം നാഡന്‍ സോള്‍ ലൈവ് ഓര്‍ക്കസ്ട്രാ ട്രൂപ്പ് ഒരുക്കിയ നാല് മണിക്കൂര്‍ നീണ്ടു നിന്ന സംഗീത വിരുന്നും, അവ പകര്‍ന്ന താളത്തിനൊത്ത് ചുടവ് ചലിപ്പിച്ച യുവതീയുവാക്കളുടെ ആവേശ നൃത്തങ്ങളും മാര്‍ക്ക് സമ്മേളനത്തെ അവിസ്മരണീയമാക്കി.
വൈകീട്ട് 6:00 മണിക്ക് സോഷ്യല്‍ ഔവറോടുകൂടി കുടുംബ സംഗമം ആരംഭിച്ചു. ഈ സമയം ഓര്‍ക്കസ്ട്രാട്രൂപ്പ് തുടര്‍ച്ചയായി ആലപിച്ച ഇമ്പമാര്‍ന്ന മലയാള സിനിമാഗാനങ്ങള്‍ കുടുംബസംഗമത്തില്‍ കുളിര്‍മയുള്ള ഒരു അനുഭൂതി പരത്തി. കൃത്യം 7.30ന് ആരംഭിച്ച പൊതുസമ്മേളനത്തില്‍ സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് വിജയന്‍ വിന്‍സെന്‍് സ്വാഗതം ആശംസിച്ചു. കോവിഡ് കാലഘട്ടത്തില്‍ റെസ്പിരേറ്ററി കെയര്‍ പ്രൊഫ്ഷണലുകള്‍ നല്‍കിയ സ്തുത്യര്‍ഹസേവനങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു.
പ്രസിഡന്റായി ചുമതലയേറ്റെടുത്ത ജോര്‍ജ്ജ് മത്തായി സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നല്‍കി. അടുത്ത രണ്ട് വര്‍ഷത്തെ പുതിയ എക്‌സിക്യൂട്ടീവിന്റെ പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വമായൊരു രൂപരേഖ അദ്ദേഹം സമ്മേളനത്തില്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ വേതനവും, തൊഴിലില്‍ പടവുകള്‍ കയറുവാന്‍ ഏറെ അവസരങ്ങളുമുള്ള റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനിലേയ്ക്ക് മലയാളി യുവാക്കള്‍ കൂടുതലായി കടന്നു വരണമെന്ന് അദ്ദേഹം താല്‍പര്യപ്പെട്ടു.
കോഴ്‌സ് പൂര്‍ത്തിയാക്കുവാന്‍ വെല്ലുവിളികള്‍ നേരിടുന്ന മലയാളി വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ അറിവും അനുഭവുമുള്ള മാര്‍ക്ക് അംഗങ്ങള്‍ സദാ സന്നദ്ധരാണെന്നും അദ്ദേഹം അറിയിച്ചു. മാര്‍ക്കിന്റെ മുഖമുദ്ര തന്നെയായി മാറിയ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനൊപ്പം, സംഘടനയുടെ അംഗത്വം വിപുലപ്പെടുത്തുവാനും തന്റെ എക്‌സിക്യൂട്ടീവ് ആത്മാര്‍ത്ഥമായി ശ്രമിയ്ക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ തൊഴിലില്‍ നിന്നും വിരമിയ്ക്കുന്ന മുതിര്‍ന്ന അംഗങ്ങള്‍ക്ക് സൗഹൃദം പങ്കുവയ്ക്കുവാനും വിനോദത്തിനുമായി ഒത്തുചേരുവാനുള്ള ഒരു സ്ഥിര സംവിധാനം കണ്ടെത്തുവാനുള്ള തന്റെ ടീമിന്റെ ആഗ്രഹവും പ്രസിഡന്റ് ജോര്‍ജ്ജ് മത്തായി പങ്കുവെച്ചു.
സമ്മേളനത്തില്‍ നോര്‍ത്ത് ഷിക്കാഗോ വെറ്ററന്‍സ്സ് അഫയേഴ്‌സ് സ്ലിപ്പ് മെഡിസിന്‍ മേധാവി ഡോക്ടര്‍ എഡ്വിന്‍ സൈമണ്‍ മുഖ്യ പ്രഭാഷണം നല്‍കി. പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ തന്റെ ഫെലോഷിപ്പ് അദ്ധ്യയനകാലം മുതല്‍ റെസ്പിരേറ്ററി കെയര്‍ പ്രൊഫ്ഷണലുകളുടെ സേവനങ്ങള്‍ അടുത്തുനിന്ന് നിരീക്ഷിയ്ക്കുന്ന താന്‍, കാവല്‍ മാലാഖാമാരായാണ് അവരെ കരുതുന്നതെന്ന് വെളിപ്പെടുത്തി. ശ്വാസകോശ സംബന്ധമായ രോഗത്തിനടിമപ്പെട്ടവരുടെ രോഗനിര്‍ണഅണയത്തിനും ചികിത്സയ്ക്കും ഡോക്ടര്‍മാര്‍ക്ക് റെസ്പിരേറ്ററി കെയര്‍ പ്രൊഫ്ഷണലുകള്‍ നല്‍കുന്ന സഹായങ്ങള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് രോഗത്തെ പ്രതിരോധിയ്ക്കുന്നതില്‍ ഡോക്ടേഴ്‌സിനും നേഴ്‌സസ്സിനുമൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചതില്‍ റെസ്പിരേറ്ററി പ്രൊഫഷ്ണലുകളുമുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. കോവിഡ് ചികിത്സയില്‍ ഏര്‍പ്പെട്ട് ജീവന്‍ ബലികഴിച്ച അനേകം ആരോഗ്യപ്രവര്‍ത്തകരില്‍ 800 നേഴ്‌സുമാരും 38 റെസ്പിറേറ്ററി കെയര്‍ പ്രൊഫഷ്ണലുകളും ഉള്‍പ്പെടുമെന്നും ഡോക്ടര്‍ എഡ്വിന്‍ സൈമണ്‍ വെളിപ്പെടുത്തി.
സ്ഥിരമായി മാര്‍ക്കിന്റെ തുടര്‍ വിദ്യാഭ്യാസ സെമിനാറുകളും ഇതര പ്രവര്‍ത്തനങ്ങളും സ്‌പോണ്‍സര്‍ ചെയ്ത് സഹായിയ്ക്കുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും സമ്മേളനത്തില്‍ ഫലകം നല്‍കി ആദരിച്ചു. വാല്യൂമെഡ് പ്രതിനിധി കെവിന്‍ മക് ഡോര്‍മട്ട്, എംജിസി ഡയഗണോസ്റ്റിക്‌സ് പ്രതിനിധികള്‍ ജോസ് ദയിസ്, ഷോണ്‍ഗ്വിന്‍, സ്റ്റാഫിംഗ് ഏജന്‍ജി ഉടമകളായ ലിസാ സെനഗര്‍, നിഷാ സജി എന്നിവരെ സനീഷ് ജോര്‍ജ്ജ് സദസ്സിന് പരിചയപ്പെടുത്തി.
റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനില്‍ 35 വര്‍ഷത്തെ സുത്യര്‍ഹമായ സേവനത്തിന് ശേഷം തൊഴിലില്‍ നിന്നും വിരമിയ്ക്കുന്ന മാര്‍ക്കിന്റെ സ്ഥാപക നേതാക്കളില്‍ ഒന്നുകൂടിയായ സാം തുണ്ടിയിലിനെ പ്രസിഡന്റ് ജോര്‍ജ്ജ് മത്തായി, ഉപദേശക സമിതി അംഗം സ്‌കറിയാക്കുട്ടി തോമസ്സ് എന്നിവര്‍ സമ്മേളനത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ടോം ജോസ് കൃതജ്ഞത നേര്‍ന്നു.
ട്രഷറര്‍ ബെന്‍സി ബെനഡിക്ട്, ജോയിന്റ് ട്രഷറര്‍ സണ്ണി സ്‌കറിയാ, ജോമോന്‍ മാത്യു, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍, ഷാജന്‍ വര്‍ഗ്ഗീസ്, റെന്‍ജി വര്‍ഗ്ഗീസ്, ജോര്‍ജ്ജ് വയനാടന്‍, അച്ചാമ്മ സ്‌കറിയാ, മറിയാമ്മ തോമസ് എന്നിവര്‍ സമ്മേളനത്തിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കി. സമ്മേളനത്തില്‍ എംസിമാരായി പ്രവര്‍ത്തിച്ച ചാള്‍സ് മാത്യൂ, ടീനാ മത്തായി എന്നിവരുടെ ഭാഷാ പ്രാവീണ്യവും നര്‍മ്മം കലര്‍ന്ന അവതരണശൈലിയും ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി.