بسم الله الرحمن الرحيم
الحمد لله والصلاه والسلام على رسول الله سيدنا محمد وعلى اله واصحابه اجمعين
الله اكبر كبيرا والحمد لله كثيرا وسبحان الله بكره واصيلا
അല്ലയോ സഹോദരന്മാരെ സഹോദരിമാരെ, ഇന്ത്യയിലെയും കേരളത്തിലെയും മറ്റെല്ലാ മേഖലകളിലുമുള്ള പ്രിയപ്പെട്ട കർമ്മനിരതരായ യുവാക്കളെ, അസ്സലാമു അലൈക്കും. അനുഗ്രഹീതമായ ഈ വെള്ളിയാഴ്ച ആശംസകൾ നേരുന്നു. നിങ്ങളുടെ ശക്തമായ പിന്തുണക്കും പ്രവർത്തനങ്ങൾക്കും എല്ലാ പരിശ്രമങ്ങൾക്കും ഹൃദ്യമായ നന്ദി അറിയിക്കുകയാണ്.
മൂന്നാഴ്ചയായി ഗസ്സക്ക് മേൽ തുടരുന്ന സയണിസ്റ്റ് അതിക്രമങ്ങൾക്ക് ശേഷമാണ് നമ്മൾ ഇപ്പോൾ ഉള്ളത്. എന്തിനാണ് അവർ ഗസയോട് പ്രതികാരം ചെയ്യുന്നത്? കാരണം ഗസ്സ അഖ്സക്ക് വേണ്ടി പോരാടുകയാണ്. എന്തിനായിരുന്നു കഴിഞ്ഞ ഒക്ടോബർ 7 ഖസ്സാം ബ്രിഗേഡിന്റെ പോരാളികൾ അല്ലാഹുവിൻറെ അനുഗ്രഹത്താൽ അധിനിവിഷ്ട ഫലസ്തീനിലേക്ക് ഇരച്ചു കയറിയപ്പോൾ ഗസ്സക്ക് നേരെ ആക്രമണങ്ങളും അതിക്രമങ്ങളും ഉപരോധവും ഭക്ഷണ നിരോധനവും ഏർപ്പെടുത്തുന്നത്? എന്തിനാണ് ഒക്ടോബർ ഏഴിന് തൂഫാൻ അൽ അഖ്സ എന്ന പേരിൽ അഖ്സക്ക് വേണ്ടി എണീറ്റു നിന്നത്? കാരണം അൽ-അഖ്‌സ അപകടത്തിന്റെ നടുവിലായിരുന്നു. 1967 മുതൽ മസ്ജിദുൽ അഖ്സ തകർച്ചയുടെ വക്കിലാണ്. നെതന്യാഹുവിന്റെ തണലിൽ തീവ്ര വലതുപക്ഷ കക്ഷികൾ അടക്കമുള്ള ഭരണകൂടം നിലവിൽ വന്ന മുതൽ അഖ്സയെ തകർക്കാനുള്ള മികച്ച അവസരമാക്കി അവർ മുതലെടുക്കുകയാണ്. കുടിയേറ്റം വർദ്ധിച്ചു ,അതിക്രമങ്ങൾ പെരുകി , കഴിഞ്ഞ റമദാനിൽ ഇഅതികാഫ് ഇരുന്ന സ്ത്രീകൾ അടക്കമുള്ളവരെ അവർ എന്തു ചെയ്തു എന്നത് കണ്ടു.
അക്സ മസ്ജിദ് തകർക്കുവാനും അവർ വാദിക്കുന്ന ടെമ്പിൾ നിർമ്മിക്കുവാനും ഉള്ള തുടക്കങ്ങളും സന്നാഹങ്ങളും അവർ ആരംഭിച്ചിരുന്നു.
വെസ്റ്റ് ബാങ്കിൽ ചെറുത്തുനിൽപ്പ് നിലവിൽ ഉണ്ടായിരുന്നു. കഴിഞ്ഞവർഷം ശക്തമായ ചെറുത്തുനിൽപ്പാണ് അവിടെ നടന്നത്. പക്ഷേ അഖ്സയെ തകർക്കാനുള്ള ധിക്കാര ശ്രമത്തെ തടയാൻ അത് മതിയായിരുന്നില്ല.
അഖ്സ നമ്മുടെ അഭിമാനമാണ് , നമ്മുടെ ശ്രേഷ്ഠ സ്ഥലമാണ്, നമ്മുടെ ഒന്നാം ഖിബിലയാണ് , നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് (സ) ആകാശ ലോകത്തേക്ക് മിഅ്റാജ് യാത്ര ആരംഭിച്ച ഇടമാണ്.
ഗസ്സയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാർ കഴിഞ്ഞ ഒക്ടോബർ 7 മുതൽ അഖ്സക്ക് വേണ്ടി പോരാടുകയാണ്. അവർ അതിനെ വിളിച്ചത് തൂഫാനുൽ അഖ്സ എന്നാണ്.
മൂന്നാഴ്ചകളായി സൈനിക രംഗത്ത് പരാജയപ്പെട്ടതിനു ശേഷം ഇന്ന് ഇസ്രായേൽ നമ്മുടെ നിവാസികളോട് പ്രതികാരം തീർക്കുകയാണ്. വീടുകൾ തകർത്തു കൊണ്ടിരിക്കുന്നു. പ്രിയപ്പെട്ടവരെ, ഇന്ന് ഗസ്സയുടെ പകുതിയിലധികവും അവർ തകർത്തിരിക്കുന്നു. പള്ളികളും ദേവാലയങ്ങളും യൂണിവേഴ്സിറ്റികളും എന്തിന് യു എൻ സ്ഥാപനങ്ങൾ വരെ അവർ തകർക്കുകയാണ് . ഈ ആക്രമണത്തിലൂടെ ഉദ്ദേശിക്കുന്നത് ഗസ്സയുടെ നിഷ്കാസനമാണ് , അവർ അതിനോട് പ്രതികാരം ചെയ്യുകയാണ്. കാരണം ഗസ്സയിലെ പോരാളികൾ സൈനികമായി അവരെ പരാജയപ്പെടുത്തിയിരിക്കുന്നു.
സൈനികമായി പരാജയപ്പെട്ടതിന് നിഷ്കളങ്കരായ കുഞ്ഞുങ്ങളോട് പ്രതികാരം ചെയ്യുന്ന ഭീരുക്കളായ ശത്രുക്കൾ മാത്രമാണ് ഇവർ. ഇന്ന് 8000 ത്തോളം ആളുകൾ രക്തസാക്ഷികൾ ആയിരിക്കുന്നു , അവരിൽ പകുതിയും പിഞ്ചുമക്കളാണ്.
അതിനാൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഈ ശക്തമായ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. ഈ പൈശാചിക ശക്തിയെ ശക്തിപ്പെടുത്താൻ കൂടെ അമേരിക്കയും മറ്റു ചില പടിഞ്ഞാറൻ രാജ്യങ്ങളും സഖ്യങ്ങളായി ചേർന്നിരിക്കുന്നു. അവരുടെ അതിക്രമങ്ങൾക്ക് പിന്തുണ നൽകുന്നു , കരയിലൂടെ പ്രവേശിക്കുന്നതിനു മുമ്പ് ഇഷ്ടംപോലെ ജനങ്ങളെ കൊല്ലാനും അതിക്രമങ്ങൾ ചെയ്യാനും വേണ്ട സമയം അവർ നൽകുന്നു.
എന്നിരുന്നാലും ചെറുത്തു നിൽപ്പ് ശക്തമായി തുടരുകയാണ്, അൽഹംദുലില്ലാഹ്!
എതിരാളികളെ പരാജയപ്പെടുത്തും , അവർ ഭയന്ന് പിന്തിരിഞ്ഞോടും എന്ന ഏറ്റവും മികച്ച ശുഭാപ്തി വിശ്വാസത്തിലാണ് ഖസ്സാം സൈന്യത്തിലെ സഹോദരൻമാർ. ഇൻശാ അല്ലാഹ്!
പക്ഷേ എൻറെ സഹോദരന്മാരെ സഹോദരിമാരെ , എൻറെ യുവാക്കളെ എൻറെ മക്കളെ , ഇന്നത്തെ ലോകത്തിന്റെ തലവാചകം അൽ അഖ്സയാണ്. അഖ്സയെ പ്രതിരോധിക്കുവാൻ പോരാടുന്ന ഗസ്സയാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. മുമ്പ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും ഇന്ന് സയണിസ്റ്റ് അധിനിവേശത്തിനെതിരെയും ശക്തമായി ചെറുത്തുനിൽക്കുന്ന ഫലസ്തീനിലെ നിങ്ങളെ സഹോദരന്മാരാണ് ലോകത്തിൻറെ ശ്രദ്ധാകേന്ദ്രം. യഥാർത്ഥ ശ്രദ്ധാകേന്ദ്രം ഇവർ തന്നെയാണ്.
അധിനിവേശത്തിൽ നിന്നും കുടിയേറ്റങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും വിമോചിതരായി ജീവിക്കാനാണ് ഞങ്ങളുടെ സമൂഹം ആഗ്രഹിക്കുന്നത്. അല്ലാഹു അക്സയുടെ കൂടെ ഉണ്ടാവട്ടെ, അല്ലാഹു ഗസയുടെ കൂടെ ഉണ്ടാവട്ടെ, ഫലസ്തീൻ ചെറുത്തുനിൽപ്പിന് നിങ്ങളുടെയെല്ലാം പിന്തുണയെയും അല്ലാഹു ശക്തിപ്പെടുത്തട്ടെ!
നമ്മുടെ സമൂഹത്തിൻറെ പ്രതിഷേധങ്ങൾ ധാരാളം ഉണ്ടാകേണ്ടതുണ്ട്. ഒന്നാമതായി നാം എല്ലാവരും തെരുവുകളിലേക്ക് ഇറങ്ങണം , വ്യത്യസ്ത രാഷ്ട്രങ്ങളിൽ പ്രതിഷേധത്തിന്റെ അലയൊലികൾ ഉയരണം, പ്രത്യേകിച്ച് അമേരിക്കൻ സാമ്രാജ്യത്വത്തിന് എതിരെ. ഞങ്ങളുടെ സമൂഹത്തിനുമേലുള്ള സയണിസ്റ്റ് അതിക്രമങ്ങൾക്ക് അവർ കൂട്ടുനിൽക്കുന്നു. രണ്ടാമതായി ഗസ്സയിലെ നിങ്ങളുടെ സഹോദരന്മാർക്ക് അകമഴിഞ്ഞ മാനുഷിക പിന്തുണയും സാമ്പത്തിക സഹായവും അനിവാര്യമാണ്. മൂന്നാമതായി, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് നിങ്ങൾ നിരന്തരമായി അറിഞ്ഞു കൊണ്ടിരിക്കുന്നവരാണ് , മാഷാ അല്ലാഹ്, സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളും ഉപയോഗിച്ച് ഇസ്രായേൽ നുണകളെ പൊളിക്കുകയും ഫലസ്തീൻ പോരാട്ടങ്ങളെ പിന്തുണക്കുകയും ചെയ്യേണ്ടതുണ്ട്.
ഫലസ്തീൻ ഭൂമിക്കുവേണ്ടി നമ്മുടെ എല്ലാ അധ്വാന പരിശ്രമങ്ങളും നാം വിനിയോഗിക്കാൻ നാം തയ്യാറാവണം. അല്ലാഹുവിൻറെ അനുഗ്രഹത്താൽ മസ്ജിദുൽ അഖസയുടെ പ്രതാപം തിരിച്ചുപിടിക്കാൻ ആണ് ഈ പ്രവർത്തനങ്ങൾ .
അല്ലാഹു നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ, സാധ്യമായ എല്ലാ ഒരുക്കങ്ങളും നാം നടത്തുക. ഈ മാർഗത്തിൽ ഞങ്ങളെ പിന്തുണക്കുന്ന ഈ ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ യുവതി യുവാക്കൾക്കും മത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പണ്ഡിതന്മാർക്കും എൻറെ ഹൃദ്യമായ നന്ദി ! അല്ലാഹു നിങ്ങളുടെ കൂടെയുണ്ടാവട്ടെ, ഞങ്ങൾക്ക് വേണ്ടി നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം , നമ്മൾ ഒരുമിച്ച് വിജയിക്കുമെന്ന് തീർച്ച, നമ്മൾ ഒരുമിച്ച് സയനിസ്റ്റുകളെ പരാജയപ്പെടുത്തും, നമ്മൾ ഒരുമിച്ച് മസ്ജിദുൽ അഖ്സയുടെ പ്രതാപം തിരിച്ചുപിടിക്കും, അൽ അഖ്സക്ക് വേണ്ടി പോരാടുന്ന ഗസ്സക്കായി നാം ഒരുമിച്ച് ചേർന്നു നിൽക്കും.
വിശ്വാസികൾക്കും പോരാളികൾക്കും ഒപ്പം അല്ലാഹു കൂടെയുണ്ടാവും. “സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു. ഇത് (ഈ നിര്‍ദേശങ്ങള്‍) നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്”
അഥവാ നമ്മുടെ എതിരാളികൾ നമുക്കെതിരെ ഒരുമിക്കുന്നത് നാം കാണുമ്പോൾ അതുപോലെ നമ്മളും ഒന്നിക്കണം. അവർക്കെതിരെയുള്ള പോരാട്ട മുഖത്ത് ഇസ്ലാമിക സമൂഹം ഒന്നിച്ചുനിന്നില്ലെങ്കിൽ വലിയ പരീക്ഷണങ്ങൾ ഉണ്ടാവും. ഇസ്ലാമിക സമൂഹത്തിനുമേൽ ഞങ്ങളുടെ ഉറപ്പ് ശക്തമാണ്, നമ്മൾ വിജയിക്കുക തന്നെ ചെയ്യും . അല്ലാഹു നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ