കൊച്ചി: രാജ്യമാകെ ആശങ്ക ഉയര്‍ത്തിയ കളമശേരി ബോംബ് സ്ഫോടനത്തിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്നലെ പോലീസില്‍ കീഴടങ്ങിയ കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിനാണ് സ്ഫോടനത്തിന് പിന്നിലെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിടുണ്ട്. യൂട്യൂബില്‍ നിന്നാണ് ഐഇഡി നിര്‍മിക്കാന്‍ പഠിച്ചതെന്ന് മാര്‍ട്ടിന്‍ വെളിപ്പെടുത്തി. ഫോര്‍മാനായി ജോലി ചെയ്തപ്പോള്‍ നേടിയ അറിവാണ് ഇതിന് സഹായകമായത്. എട്ട് ലിറ്റര്‍ പെട്രോളാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചത്.
തൃപ്പൂണിത്തുറയില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്. ചോദ്യം ചെയ്യലില്‍ സാമഗ്രികളും ഗുണ്ടും (നിരോധിത പടക്കങ്ങള്‍) വാങ്ങിയ
വിവരം ഇയാള്‍ വെളിപ്പെടുത്തിയതായും പറയുന്നു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കണ്‍വെന്‍ഷന്‍ സെന്ററിലെ
കസേരകള്‍ക്ക് താഴെയാണ് ഇയാള്‍ ബോംബ് സ്ഥാപിച്ചത്. ഈ സമയം മൂന്ന് പേര്‍ മാത്രമാണ് ഹാളിലുണ്ടായിരുന്നതെന്നാണ് സൂചന.
ഇലക്ട്രിക് ഡിറ്റോണേറ്റർ സ്വയം വാങ്ങിയെന്നാണ് ഡൊമിനിക് പറയുന്നത്. ബോംബ് നിർമ്മാണത്തിനായി ആകെ ചിലവായത് 3000 രൂപയാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
പെട്രോളും ഗുണ്ടും വാങ്ങാനാണ് ഇതിൽ കൂടുതൽ പണവും ആവശ്യമായിരുന്നത്. സാമഗ്രികൾ ശേഖരിച്ച ശേഷം വീടിന്റെ ടെറസിൽ വെച്ചായിരുന്നു ബോംബ് നിർമ്മാണം. ആലുവയിലെ തറവാട് വീടിന്റെ ടെറസിൽവച്ച് പുലർച്ചെയ്ക്ക് ആയിരുന്നു ബോംബ് ഉണ്ടാക്കിയത്. ഇതിന് ശേഷം ഇതുമായി നേരെ കളമശ്ശേരിയിൽ എത്തി.
അമ്പതോളം ഗുണ്ടുകളാണ് ഇയാള്‍ സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് വിവരം. പ്ലാസ്റ്റിക് കവറുകളില്‍ പെട്രോള്‍ നിറച്ച്
കണ്‍വെന്‍ഷന്‍ സെന്ററില്‍ ആറിടത്ത് വച്ചു. അതില്‍ ബോംബ് ഘടിപ്പിച്ച് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. മൂന്ന് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി.
സ്ഫോടനത്തില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. തൊടുപുഴ കാളിയാര്‍കുളത്തെ പരേതനായ പുഷ്പന്റെ ഭാര്യ
കുമാരി (53), കുറുപ്പംപടിയിലെ ലിയോണ പൌലോസ് (60), കാലടി മലയാറ്റൂര്‍ സ്വദേശി ലിബിന (12) എന്നിവരാണ് ഇന്നലെ രാവിലെ 9.40ന് സ്ഫോടനത്തില്‍ മരിച്ചത്. കുമാരിയുടെ മക്കള്‍: ശ്രീരാഗ്, ശ്രീരാജ്, മരുമകള്‍ ദിവ്യ.