ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ജർമ്മൻ യുവതി ഷാനി ലൂക്ക് മരിച്ചതായി ഇസ്രായേൽ സുരക്ഷാ സേന സ്ഥിരീകരിച്ചു. ഒക്ടോബർ 7 ന്, ജൂതന്മാരുടെ അവധിക്കാലമായ സുക്കോട്ടിന്റെ ആഘോഷമായ റെയിമിന് സമീപമുള്ള നോവ സംഗീതോത്സവത്തിൽ നടന്ന ആക്രമണത്തിനിടെയാണ് ഷാനിയെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. 250-ലധികം നിരപരാധികളായ സാധാരണക്കാരുടെ ജീവൻ അപഹരിച്ച ഈ സംഭവം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കുടുംബം ഷാനി ലൂക്കിന്റെ വിയോഗം സ്ഥിരീകരിച്ചു: ഷാനി ലൂക്കിന്റെ അമ്മ റിക്കാർഡ ദാരുണമായ സംഭവം സ്ഥിരീകരിച്ചു. “എന്റെ മകളുടെ വിയോഗത്തിന്റെ ദുഃഖ വാർത്ത ഇസ്രായേൽ സൈന്യത്തിന്റെ കൈകളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. അവൾ ഇപ്പോൾ ഞങ്ങളോടൊപ്പമില്ല.” ഷാനി ലൂക്കിന്റെ സഹോദരി ആദി ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയയില്‍ ഹൃദയഭേദകമായ കുറിപ്പ് പങ്കിട്ടു.
ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഷാനി ലൂക്കിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും ഔദ്യോഗികമായി എക്സിലൂടെ പ്രഖ്യാപിച്ചു. “23 കാരിയായ ജർമ്മൻ-ഇസ്രായേലി ഷാനി ലൂക്കിന്റെ മരണം സ്ഥിരീകരിക്കുന്നതിൽ ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ട്. ഒരു സംഗീതോത്സവത്തിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയ ഷാനിയെ പീഡിപ്പിക്കുകയും ഹമാസ് തീവ്രവാദികൾ ഗാസയിലെ തെരുവുകളിലൂടെ പരേഡ് നടത്തുകയും ചെയ്തു. നിരപരാധിയായ ആ യുവതി പറഞ്ഞറിയിക്കാനാവാത്ത ഭയാനകതകൾ സഹിച്ചു. ഞങ്ങളുടെ ഹൃദയം വേദനിക്കുന്നു. അവളുടെ ഓർമ്മ അനുഗ്രഹത്തിന്റെ ഉറവിടമാകട്ടെ,” പ്രസ്താവനയില്‍ പറഞ്ഞു.
നിലവിൽ, ഷാനി ലൂക്കിന്റെ ദാരുണമായ വിധിയെക്കുറിച്ച് ജർമ്മൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
ജർമ്മൻ-ഇസ്രായേലി ഇരട്ട പൗരത്വമുള്ള ടാറ്റൂ ആർട്ടിസ്റ്റായ ഷാനി ലൂക്ക് അനുഭവിച്ച വേദനാജനകമായ പരീക്ഷണങ്ങൾ റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിരുന്നു. ഒക്ടോബർ 7 ന് സംഗീതോത്സവത്തിൽ പങ്കെടുത്തുകൊണ്ടിരിക്കേ ആണ് ഹമാസ് തീവ്രവാദികള്‍ അവരെ തട്ടിക്കൊണ്ടുപോയത്. ലോകത്തെ ഞെട്ടിക്കുന്ന പീഡനങ്ങള്‍ക്ക് ആ യുവതി വിധേയയായി. ഹമാസ് തീവ്രവാദികൾ ഷാനിയെ നഗ്നയാക്കി ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നില്‍ വരിഞ്ഞു കെട്ടി തെരുവുകളിലൂടെ പരേഡ് നടത്തിയ കാഴ്ച ഏതൊരു മനുഷ്യമനഃസ്സാക്ഷിയേയും മരവിപ്പിക്കുന്നതായിരുന്നു.