മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, സുരേഷ് ഗോപിക്കു വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിലും അതു മനപ്പൂർവ്വമല്ലെന്നു മനസിലാക്കാൻ കൂട്ടാക്കാതെ, ‘പോസ്റ്റ് മോഡേൺ ബ്രെയിൻ’ ഉണ്ടെന്ന് ഊറ്റംകൊള്ളുന്ന ഒരു സമൂഹത്തിൽനിന്നും ഇത്രമാത്രം അധഃപതിച്ച ഒരു ‘വേട്ടയാടൽ സംഭവം’ ഉണ്ടായത് നിർഭാഗ്യകരമായി പോയെന്നു കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ തൻറെ ഫേസ് ബുക്ക് പേജിൽ കുറിച്ചു.
ലിംഗസമത്വം കൊടുമ്പിരികൊണ്ടിരിക്കുന്ന ഇക്കാലത്തും, പുരുഷൻറെ കേവലമായ സ്പർശത്തെയോ നോട്ടത്തെയോ സ്ത്രീകൾ ഭയപ്പെടുന്നുവെങ്കിൽ, സ്ത്രീകളിനിയും പല കാലം പുരുഷാധിപത്യത്തിൻറെ അടിമകളായിതന്നെ തുടരേണ്ടി വരും.
‘മാഷ്’ വിളിയിൽ അസഹിഷ്ണുത പൂണ്ടതുകൊണ്ടോ ‘ഭാര്യ- ഭർതൃ’ വിളികളിൽ മുഷ്ടി ഉയർത്തിയതുകൊണ്ടോ രാനടത്തം നടത്തിയതുകൊണ്ടോ കിട്ടുന്നതല്ല തുല്യത. പൊതുയിടങ്ങളിൽ ആണും പെണ്ണും അങ്ങോട്ടും ഇങ്ങോട്ടും മടിയിൽകേറി ഇരിക്കുന്നതുമല്ല തുല്യത. അതിക്രമങ്ങളിലൊഴികെ, ചുരുങ്ങിയപക്ഷം, പൊതുവേദികളിലെ പട്ടാപകൽ വെളിച്ചത്തിലെങ്കിലും മജ്ജയും മാംസവും വേരും നീരും നീരിളക്കവുമെല്ലാം ആണിനും പെണ്ണിനും വ്യത്യസ്തമല്ലെന്നു ചിന്തിക്കാനും തിരിച്ചറിയാനും പ്രഖ്യാപിക്കാനും പ്രവർത്തിക്കാനും കഴിയുന്നിടത്താണു തുല്യത അതിൻറെ സ്ഥായീഭാവത്തിലെത്തുകയുള്ളൂ.
‘അരുത്’ എന്ന് ഉറപ്പിച്ചുപറഞ്ഞാൽ ഒഴിവാക്കാൻ കഴിയുന്ന അനിഷ്ട സംഭവങ്ങളാണ് ഇന്നു സംഭവിക്കുന്നവയിൽ പലതും. അതാണു പലപ്പോഴും പെരുക്കിപ്പെരുപ്പിച്ചു കുഴച്ചു കൂട്ടുന്നത്. മൂന്ന് ഉണ്ടകൾ ചെലവാക്കിയപ്പോൾ ഗാന്ധിജിയോളം വളർന്ന ഗോഡ്സെയെപോലെ, ‘പീഢനം’ എന്ന പേരിൽ ഒരു വ്യാജ ഉണ്ടയെങ്കിലും ചെലവാക്കാൻ അവസരം കിട്ടുന്ന ആർക്കും ഇവിടെ ആരെയും അപരാധികളോ രക്തസാക്ഷികളോയൊക്കെ ആക്കി പലതും നശിപ്പിക്കാമെന്നോ വെട്ടിപ്പിടിക്കാമെന്നോ ഉള്ള അവസ്ഥയാണെങ്കിൽ അതെത്രമാത്രം ഭയാനകമാണ്!