ഇസ്ലാമാബാദ്: അഫ്ഗാൻ അഭയാർത്ഥികൾ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാർക്ക് സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സമയപരിധി ഇന്ന് (ചൊവ്വാഴ്‌ച) അവസാനിക്കും, അതിനുശേഷം അവർക്കെതിരായ സർക്കാരിന്റെ കർശനമായ നടപടികൾ ശക്തമായി ആരംഭിക്കും.
കെയർടേക്കർ ഗവൺമെന്റിന്റെ ഉപദേശപ്രകാരം, ഏകദേശം ഒരു മാസം മുമ്പ്, ആയിരക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് അനധികൃത കുടിയേറ്റക്കാരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ തുടങ്ങി. എന്നാൽ, പലരും സർക്കാരിന്റെ മുന്നറിയിപ്പിൽ നിന്ന് രക്ഷപ്പെടാൻ ഇപ്പോഴും ഒളിവിലാണ്.
സമയപരിധിക്ക് മുമ്പ്, രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കും പാക്കിസ്താനിലെ അനധികൃത കുടിയേറ്റക്കാർക്ക് സൗകര്യമൊരുക്കുന്ന പ്രദേശവാസികൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി സർഫ്രാസ് ബുഗ്തി തന്റെ പത്രസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
ജിയോ ഫെൻസിംഗ് വഴി പാക്കിസ്താനിലുടനീളമുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരുടെയും വിവരങ്ങൾ സർക്കാർ ശേഖരിച്ചിട്ടുണ്ടെന്നും സമയപരിധിക്ക് ശേഷം അവരെ തടങ്കലിലാക്കുമെന്നും ആവശ്യമായ പേപ്പർവർക്കുകൾക്ക് ശേഷം നിർബന്ധിതമായി അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്നും മന്ത്രി അറിയിച്ചു.
പാക്കിസ്താനിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന പശ്ചാത്തലത്തിൽ, ബ്രിട്ടനിൽ 2,000 അഫ്ഗാൻ അഭയാർഥികളെ പുനരധിവസിപ്പിക്കുമെന്ന് യുകെ സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.
ഒക്‌ടോബർ 26-നാണ് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ വഴി അഫ്ഗാൻ അഭയാർഥികളെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പാക്കിസ്താനിൽ നിന്ന് പുറപ്പെടുന്നത്. കുറഞ്ഞത് 12 പ്രത്യേക ചാർട്ടർ വിമാനങ്ങളെങ്കിലും ഡിസംബർ അവസാനത്തോടെ 2,000 അഭയാർത്ഥികളെ ബ്രിട്ടനിലേക്ക് മാറ്റും. 200 യാത്രക്കാരുമായി ഒരു പ്രതിവാര വിമാനം യുകെയിലേക്ക് പുറപ്പെടും.
ഇസ്ലാമാബാദ് എയർപോർട്ടിൽ അഫ്ഗാൻ അഭയാർത്ഥികൾക്കായി പാക്കിസ്താന്‍ സിവിൽ ഏവിയേഷൻ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചിരുന്നു. വിമാനങ്ങൾക്കായി, ബ്രിട്ടീഷ് അധികാരികളും സിഎഎയും തമ്മിലുള്ള പരസ്പര കൂടിയാലോചനയിലാണ് ലാൻഡിംഗ്, ടേക്ക് ഓഫ് ക്രമീകരണങ്ങൾ നടത്തിയത്.